Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡെലിവറി ബോയ്സിനും ഡ്രൈവർമാർക്കുമായി ഡ്രൈവിംഗ് ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ച് ഐ.സി.ബി.എഫ്.

04 Oct 2024 18:25 IST

ISMAYIL THENINGAL

Share News :

ദോഹ: ഇന്ത്യൻ എംബസ്സി അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) 40-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി, ബൈക്ക് ഡെലിവറി ബോയ്സിനും, ലിമോസിൻ-ടാക്സി ഡ്രൈവർമാർക്കുമായി ഡ്രൈവിംഗ് സുരക്ഷ അവബോധ സെമിനാർ സംഘടിപ്പിച്ചു. ഐ.സി.ബി.എഫ് കാഞ്ചാണി ഹാളിൽ നടന്ന സെമിനാറിൽ, ഡെലിവറി, ലിമോസിൻ, ടാക്സി മേഖലകളിൽ നിന്നുമായി ഏതാണ്ട് 180 ഓളം പേർ പങ്കെടുത്തു.  


ഡ്രൈവിംഗ് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുക വഴി, റോഡ് സുരക്ഷ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമാക്കിയാണ് സെമിനാർ സംഘടിപ്പിച്ചത്. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഐഷ് സിംഗാൾ മുഖ്യാതിഥിയായിരുന്നു. പ്രവാസി സമൂഹത്തിന് ഗുണകരമാകുന്ന ഇത്തരം പരിപാടികൾക്ക് പിന്തുണ നല്കുന്ന ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന് അദ്ദേഹം നന്ദി പറഞ്ഞു. കാലികമായ ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്ന ഐ.സി.ബി.എഫിനെ അദ്ദേഹം അഭിനന്ദിച്ചു. ഐ.സി. ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ അദ്ധ്യക്ഷത വഹിച്ചു. ഡെലിവറി സമയം കൃത്യമായി പാലിക്കുവാൻ ഡെലിവറി ബോയ്സ് നേരിടുന്ന സമ്മർദ്ദം ഒരിക്കലും അപകടത്തിലേക്ക് നയിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. വേഗതയേക്കാൾ സുരക്ഷയ്ക്ക് എല്ലായ്പ്പോഴും മുൻഗണന നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഐ.സി.ബി.എഫ് സെക്രട്ടറിയും പ്രോഗാം കോർഡിനേറ്ററുമായ ടി.കെ.മുഹമ്മദ് കുഞ്ഞി സ്വാഗതം ആശംസിച്ചു. സുരക്ഷിതമായ ഡ്രൈവിംഗ് രീതികൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത അദ്ദേഹം എടുത്തു പറഞ്ഞു.


ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക്ക് ബോധവൽക്കരണ വിഭാഗം ഓഫീസർ ഫസ്റ്റ് ലഫ്റ്റനന്റ് ഹമദ് സലീം അൽ നഹാബ്, സെമിനാറിൽ പങ്കെടുത്ത കമ്പനികളെ അഭിനന്ദിക്കുകയും, ഖത്തർ റോഡുകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഉയർത്തുന്നതിൽ മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഈ സെമിനാർ അവസാനിക്കുന്നതോടെ, ഇതിൽ പങ്കെടുക്കുന്നവർക്ക് ട്രാഫിക് നിയമങ്ങളെക്കുറിച്ചും, സുരക്ഷാ സംസ്കാരത്തെക്കുറിച്ചും കൂടുതൽ അവബോധം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി റീച്ച് ഔട്ട് ഓഫീസ് കോർഡിനേറ്റർ ഫൈസൽ അൽ ഹുദവിയുമായി ചേർന്ന് സെമിനാറിന് അദ്ദേഹം നേതൃത്വം നൽകി. പങ്കെടുത്ത എല്ലാവർക്കും ഉപകാരപ്രദമാകുന്ന രീതിയിൽ, ഇംഗ്ലീഷിലും ഹിന്ദിയിലുമായി നടന്ന സെമിനാറിന് ശേഷം, റോഡ് സുരക്ഷാ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ചോദ്യോത്തര വേളയും സംഘടിപ്പിച്ചിരുന്നു.


ഐ.സി.ബി.എഫ് ജനറൽ സെക്രട്ടറി വർക്കി ബോബൻ പരിപാടികൾ ഏകോപിപ്പിച്ചു. ഐ.സി.ബി.എഫ് വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി നന്ദി പ്രകാശിപ്പിച്ചു. അപകടരഹിത ഡ്രൈവിംഗ് റെക്കോർഡുള്ള അഞ്ച് ബൈക്ക് ഡെലിവറി ജീവനക്കാർക്കും, അഞ്ച് ലിമോസിൻ - ടാക്സി ഡ്രൈവർമാർക്കും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ സെറീനാ അഹദ്, നീലാംബാരി സുശാന്ത്, അബ്ദുൾ റൗഫ് കൊണ്ടോട്ടി, ശങ്കർ ഗൗഡ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Follow us on :

More in Related News