Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്തനാർബുദ ബോധവൽക്കരണ മാസത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ഐ.സി.ബി.എഫ്.

17 Oct 2024 03:14 IST

ISMAYIL THENINGAL

Share News :

ദോഹ: ഐ.സി.ബി.എഫ് 40-ാം വാർഷികാഘോഷങ്ങളുടെയും, സ്തനാർബുദ ബോധവൽക്കരണ മാസത്തിൻ്റെയും ഭാഗമായി, സ്ത്രീകൾക്ക് മാത്രമായി ഐ.സി.ബി.എഫ്. പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ഗാർഹിക ജീവനക്കാരായ നൂറോളം പേർ ഉൾപ്പെടെ 320 ഓളം വനിതകൾ രജിസ്റ്റർ ചെയ്തു. ദോഹ സി റിംഗ് റോഡിലെ റിയാദ മെഡിക്കൽ സെൻ്ററിൽ സംഘടിപ്പിച്ച ക്യാമ്പ് ഇന്ത്യൻ എംബസ്സി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിലൂടെ സമൂഹത്തിലെ ഏറ്റവും ആവശ്യമായവർക്ക് സൗകര്യങ്ങൾ എത്തിക്കുന്ന ഐ.സി.ബി.എഫിൻ്റെയും റിയാദ മെഡിക്കൽ സെൻ്ററിൻ്റെയും സേവനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 


ഐ.സി.ബി.എഫ് പ്രസിഡൻ്റ് ഷാനവാസ് ബാവ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീകളുടെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിന് ഇത്തരം മെഡിക്കൽ ക്യാമ്പുകൾ നടത്തേണ്ടതിൻ്റെ പ്രാധാന്യം അദ്ദേഹം എടുത്തുപറഞ്ഞു. ഇന്ത്യൻ സ്പോർട്സ് സെൻ്റർ പ്രസിഡൻ്റ് ഇ.പി അബ്ദുറഹിമാനും സ്ത്രീകളുടെ ആരോഗ്യത്തിന് മുൻഗണന നൽകേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് സംസാരിച്ചു. ചടങ്ങിൽ സംസാരിച്ച റിയാദ മെസിക്കൽ സെൻ്റർ മാനേജിംഗ് ഡയറക്ടർ ജംഷീർ ഹംസ, ഇത്തരമൊരു സംരംഭത്തിന് ഐ.സി.ബി.എഫുമായി സഹകരിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ചു.

ഐ.സി.ബി.എഫ് സെക്രട്ടറിയും മെഡിക്കൽ ക്യാമ്പ് കോർഡിനേറ്ററുമായ ടി.കെ മുഹമ്മദ് കുഞ്ഞി ചടങ്ങുകൾ ഏകോപിപ്പിച്ചു. ഐ.സി.ബി.എഫ് മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ നീലാംബരി സുശാന്ത് സ്വാഗതവും, സെറീനാ അഹദ് നന്ദിയും പറഞ്ഞു.


ജനറൽ മെഡിസിൻ, ഗൈനക്കോളജി, ഇ.എൻ.ടി, ഡെൻ്റൽ കെയർ, ബ്രെസ്റ്റ് സ്‌ക്രീനിംഗ്, ഫിസിയോതെറാപ്പി തുടങ്ങി വിവിധ മേഖലകളിൽ ഡോക്ടർമാരുടെയും വിദഗ്ധരുടെയും സേവനം ലഭ്യമായിരുന്നു. കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ബ്ലഡ് ഷുഗർ, നേത്ര പരിശോധന എന്നിവ ഉൾപ്പെടെ ലബോറട്ടറി പരിശോധനകളും, കൂടാതെ ആവശ്യമായ മരുന്നുകളും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.


ഐ.സി.ബി.എഫ് വൈസ് പ്രസിഡൻ്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, അബ്ദുൾ റഊഫ് കൊണ്ടോട്ടി എന്നിവരെക്കൂടാതെ റിയാദ മെഡിക്കൽ സെൻ്ററിലെ ഡോക്ടർമാരും നഴ്സുമാരും അടങ്ങുന്ന ജീവനക്കാരും, കമ്മ്യൂണിറ്റി വോളൻ്റിയർമാരും ക്യാമ്പിൻ്റെ വിജയത്തിനായി രംഗത്തുണ്ടായിരുന്നു. റിയാദാ മെഡിക്കൽ സെൻ്ററിലെ ഗൈനക്കോളജിസ്റ്റ് ഡോ. വിജയലക്ഷ്മി നയിച്ച സ്തനാർബുദ ബോധവൽക്കരണ ക്ലാസ്സും ക്യാമ്പിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

Follow us on :

More in Related News