Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭരണഘടനയോട് അചഞ്ചലമായ വിശ്വസ്തത പുലര്‍ത്തണം: ഡി.ജി.പി റവാഡ ആസാദ് ചന്ദ്രശേഖര്‍

04 Aug 2026 19:09 IST

Jithu Vijay

Share News :

മലപ്പുറം : ശാരീരിക ക്ഷമതയും യുദ്ധവൈദഗ്ധ്യവും മാത്രമല്ല ഭരണഘടനയോടുള്ള അചഞ്ചലമായ വിശ്വസ്തതയും ധാര്‍മിക ധൈര്യവും പ്രതിസന്ധി ഘട്ടങ്ങളിലെ ആത്മസംയമനവുമാണ് യഥാര്‍ഥ കമാന്‍ഡോയുടെ മുഖമുദ്രയെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ പറഞ്ഞു. ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 10 മത് ബാച്ച് കമാന്‍ഡോ വിംഗിലെ 152 റിക്രൂട്ട് സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം അതീവ ഗുരുതരമായ സാഹചര്യങ്ങളെ നേരിടുമ്പോള്‍ സാധാരണ സംവിധാനങ്ങള്‍ക്കപ്പുറം ജനങ്ങള്‍ കേരള പോലീസിലെ കമാന്‍ഡോകളെയാണ് പ്രതീക്ഷയോടെ നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണ ഭീഷണികളെ നേരിടുന്നതിനും സുപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രകൃതി ദുരന്തങ്ങള്‍ ഉള്‍പ്പെടെയുള്ള അടിയന്തര സാഹചര്യങ്ങളില്‍ ആദ്യ പ്രതികരണ സേനയായി പ്രവര്‍ത്തിക്കുന്നതിനും കമാന്‍ഡോകള്‍ സജ്ജരായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.


'നിങ്ങളാണ് നമ്മുടെ സമാധാനത്തെയും ജനാധിപത്യ സംവിധാനത്തെയും സംരക്ഷിക്കുന്ന കവചം. കേരള പോലീസിന്റെ അഭിമാനവും അച്ചടക്കവും എന്നും ഉയര്‍ത്തിപ്പിടിക്കണം. കൃത്യതയോടെയും ആത്മവിശ്വാസത്തോടെയും ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കണം. നിരപരാധികള്‍ക്ക് നിങ്ങളുടെ സാന്നിധ്യം ആശ്വാസവും സമൂഹത്തിന് ഭീഷണിയാകുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഠിനമായ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ എല്ലാ റിക്രൂട്ടുകള്‍ക്കും അദ്ദേഹം അഭിനന്ദനം അറിയിച്ചു. കമാന്‍ഡോകള്‍ പരേഡ് ഗ്രൗണ്ടിലെത്തി കാഴ്ചവെച്ച നിശ്ചയദാര്‍ഢ്യവും അച്ചടക്കവും ത്യാഗവും സഹിഷ്ണുതയും അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.


കമാന്‍ഡിങ് ഓഫീസര്‍മാര്‍, പരിശീലകര്‍, പരിശീലന സ്ഥാപനത്തിലെ മുഴുവന്‍ അംഗങ്ങള്‍ എന്നിവരുടെയും സമര്‍പ്പണവും പ്രൊഫഷണലിസവും യുവ കമാന്‍ഡോകളെ സമൂഹ സേവനത്തിന് പ്രാപ്തരായ പോലീസ് ഉദ്യോഗസ്ഥരാക്കി വളര്‍ത്തിയെടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.


കേരള പോലീസ് യൂണിഫോം അധികാരത്തിന്റെ പ്രതീകം മാത്രമല്ല, ഉത്തരവാദിത്തത്തിന്റെയും സത്യസന്ധതയുടെയും അച്ചടക്കത്തിന്റെയും സേവന മനോഭാവത്തിന്റെയും പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടന സംരക്ഷിക്കുകയെന്നതാണ് പോലീസിന്റെ പ്രഥമ ഉത്തരവാദിത്തമെന്നും ജനങ്ങള്‍ പോലീസിന്റെ വാക്കുകളേക്കാള്‍ പ്രവര്‍ത്തനങ്ങളെയാണ് കൂടുതല്‍ ഓര്‍ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പൊതുജനങ്ങളുമായുള്ള ഓരോ ഇടപെടലും ഓരോ അന്വേഷണവും ഗതാഗത നിയന്ത്രണ ചുമതലയും, രക്ഷാപ്രവര്‍ത്തനവും പൊതുസേവനത്തിന്റെ ഓരോ നിമിഷവും കേരള പോലീസിന്റെ വിശ്വാസ്യത ഉയര്‍ത്തുന്നതില്‍ നിര്‍ണായകമാണെന്നും ഉദ്യോഗസ്ഥരുടെ പെരുമാറ്റവും പ്രൊഫഷണലിസവും കരുണയും തന്നെയാണ് ജനങ്ങള്‍ ഈ സ്ഥാപനത്തില്‍ അര്‍പ്പിക്കുന്ന വിശ്വാസം നിര്‍ണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


മഞ്ചേരി എം.എല്‍.എ അഡ്വ. എം റഹ്മത്തുള്ള, മാനന്തവാടി എം.എല്‍.എ ഉഷ വിജയന്‍, കമാന്‍ഡന്റെ ആംഡ് പോലീസ് ബറ്റാലിയന്‍ കെ.ഇ ബൈജു ഐപിഎസ്, ഇന്ത്യ റിസര്‍വ് ബറ്റാലിയന്‍ കമാന്‍ഡന്റ് പി. വാഹിദ് ഐ.പി.എസ്. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ആംഡ് പോലീസ് ബറ്റാലിയന്‍ ബല്‍റാം കുമാര്‍ ഉപാധ്യായ ഐപിഎസ്, ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു 



Follow us on :

More in Related News