Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ടി.ജി. മോഹൻദാസിനെ കോടതിയിൽ ഹാജരാക്കി; വഞ്ചിയൂർ കോടതിക്ക് മുന്നിൽ SFI പ്രതിഷേധം

10 Aug 2026 15:23 IST

NewsDelivery

Share News :

തിരുവനന്തപുരം: ഡൽഹി ജന്തർമന്ദറിൽ സമരം നടത്തിയ വിദ്യാർഥികൾക്കെതിരെ വിദ്ധ്വേഷ പരാമർശം നടത്തിയ കേസിൽ സൈബർ പോലീസ് അറസ്റ്റ് ചെയ്ത ഹിന്ദുത്വ ദാർശനികനും മുൻ RSS നേതാവുമായ ടി.ജി. മോഹൻദാസിനെ കോടതിയിൽ ഹാജരാക്കി. തിരുവനന്തപുരം വഞ്ചിയൂർ കോടതിയിലാണ് ഹാജരാക്കിയത്.

കോടതി പരിസരത്ത് എസ്.എഫ്.ഐ പ്രവർത്തകർ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കരിങ്കൊടിയും പ്ലക്കാർഡുകളുമായെത്തിയ പ്രവർത്തകർ മോഹൻദാസിനെതിരെ മുദ്രാവാക്യം വിളിച്ചു. കേസിൽ നടപടി സ്വീകരിച്ച കേരള പോലീസിനെ അഭിനന്ദിച്ചും പ്രവർത്തകർ മുദ്രാവാക്യം മുഴക്കി.

കൊച്ചിയിൽനിന്ന് കസ്റ്റഡിയിലെടുത്ത മോഹൻദാസിനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമാണ് കോടതിയിൽ എത്തിച്ചത്.

ഡൽഹി ജന്തർമന്ദറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെയായിരുന്നു മോഹൻദാസിന്റെ വിവാദ പരാമർശങ്ങൾ. കേസെടുത്ത് 11 ദിവസത്തിന് ശേഷമാണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർഥികളെ വെടിവെച്ച് കൊല്ലണമെന്ന തരത്തിലുള്ള പരാമർശമാണ് മോഹൻദാസ് നടത്തിയതെന്നാണ് കേസ്. കൂടാതെ സമരം ചെയ്ത വനിതാ വിദ്യാർഥികൾക്കെതിരെ ലൈംഗിക അധിക്ഷേപകരമായ പരാമർശങ്ങളും നടത്തിയതായി പരാതിയിലുണ്ട്.

വിവാദ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിവിധ സംഘടനകളും വ്യക്തികളും പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ സൈബർ പോലീസ് അന്വേഷണം നടത്തുകയും കൊച്ചിയിൽനിന്ന് മോഹൻദാസിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിൽ കോടതി തീരുമാനമെടുക്കും.

Follow us on :

More in Related News