Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേറ്റുവ പുഴയിലെ ചളിയും മട്ടും മൂലം ദുരിതത്തിലായി മത്സ്യ തൊഴിലാളികൾ

09 May 2026 23:14 IST

MUKUNDAN

Share News :

ചാവക്കാട്:ദേശീയപാത 66 നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചേറ്റുവ പുഴയിൽ നിന്നും ഡ്രജിങ് നടത്തി മണലും ചളിയും മട്ടും സമീപപ്രദേശത്തെ പറമ്പുകളിൽ വലിയ രീതിയിൽ കുളമുണ്ടാക്കി അതിൽ ശേഖരിച്ച് മണൽ മാത്രമാണ് ദേശീയപാത നിർമ്മാണത്തിനായി കരാർ കമ്പനി കൊണ്ടുപോയിരുന്നത്.ബാക്കി വന്ന മാലിന്യവും ചളിയും മട്ടും തിരിച്ച് പുഴയിലേക്ക് തന്നെ ഒഴുക്കിവിടുകയാണ്.ഇതുകാരണം ചേറ്റുവ പുഴയിൽ ഭൂരിഭാഗം ചളിയും മട്ടും അടിഞ്ഞു കിടക്കുകയാണ്.ഇതുമൂലം മത്സ്യത്തൊഴിലാളികളും അനുബന്ധ പരമ്പരാഗത തൊഴിലാളികളും ഏറെ ദുരിതത്തിലാണ്.മത്സ്യബന്ധനത്തിനായി വള്ളം ഇറക്കുവാനോ മറ്റു തൊഴിലുകൾക്കായി വള്ളം ഇറക്കി പോകുവാനോ കഴിയാത്ത സ്ഥിതിയിലാണ്.അബദ്ധവശാൽ ആരെങ്കിലും പുഴയിൽ ഇറങ്ങുകയോ,വീഴുകയോ ഉണ്ടായാൽ ചളിയിലും മട്ടിലും കുടുങ്ങി മരണംവരെ സംഭവിക്കാൻ സാധ്യത ഏറെയാണ്.അത്രമാത്രം മട്ടും ചളിയും മറ്റ് അവശിഷ്ടങ്ങളും ആണ് പുഴയുടെ കരയ്ക്ക് സമീപം അടിഞ്ഞുകൂടി കിടക്കുന്നത്.ഇത് പുഴയുടെ ഒഴുക്കിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്.ദേശീയപാത കരാർ കമ്പനിക്ക് ചേറ്റുവ പുഴയിൽ നിന്നും ഏക്കലും ചളിയും നീക്കുവാൻ ആണ് അനുമതി നൽകിയിരുന്നത്.എന്നാൽ മണൽ മാത്രം ഊറ്റിയെടുത്ത് ബാക്കിവരുന്ന മറ്റു അവശിഷ്ടങ്ങളും ചളിയും മട്ടും തിരിച്ചു പുഴയിലേക്ക് തന്നെ ഒഴുക്കി വിടുകയാണ് ചെയ്യുന്നത്.ചേറ്റുവ പുഴയെ മാലിന്യമാക്കുകയാണ് ദേശീയപാത കരാർ കമ്പനി ചെയ്തതെന്ന് സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആരോപിച്ചു.വേണ്ടപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥരുടെ പരിശോധനായോ,സാന്നിധ്യമോ ഇല്ലാത്തതുമൂലമാണ് ചേറ്റുവ പുഴയിൽ ഇത്രയും അതികം മാലിന്യം അടിഞ്ഞുകൂടാൻ പ്രധാന കാരണം.കൂടാതെ ചേറ്റുവ പുഴയിൽ നിന്നും ഡ്രജിങ് നടത്തി ഉപ്പുവെള്ളവും ചളിയും മട്ടും മണലും സമീപത്തെ പറമ്പുകളിൽ വലിയ കുളം ഉണ്ടാക്കി അതിലാണ് ശേഖരിച്ചിരുന്നത് ഉപ്പുവെള്ളം പറമ്പുകളിൽ കെട്ടിക്കിടന്നതിനാൽ സമീപപ്രദേശത്തെ പറമ്പുകളിലെ തെങ്ങ് കൃഷി പൂർണമായും നശിച്ചു.വരുംകാലങ്ങളിൽ ഈ ഉപ്പുവെള്ളത്തിന്റെ അംശം അടുത്തുള്ള പറമ്പുകളിലേക്ക് വ്യാപിക്കാനും തെങ്ങ് പോലുള്ള ഫലവൃക്ഷ തൈകൾ കാലക്രമേണ പൂർണമായും നാശങ്ങൾ സംഭവിക്കാനും സാധ്യത ഏറെയാണ്.ആയതിനാൽ ഇറിഗേഷൻ വകുപ്പും ജലസേചന വകുപ്പും,മറ്റു വേണ്ടപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരും ചേറ്റുവ പുഴയോരത്തും പരിസരത്തും പരിശോധന നടത്തി തെങ്ങ് കൃഷിക്കാർക്ക് സംഭവിച്ച നാശ നഷ്ട്ടങ്ങൾക്ക് തക്കതായ നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ട നടപടികൾ ഉണ്ടാവണമെന്നും,പുഴയുടെ കരഭാഗത്ത് അടിഞ്ഞുകൂടി കിടക്കുന്ന ചളിയും മട്ടും നീക്കം ചെയ്യുകയും പുഴയുടെ ഒഴുക്ക് സുഗമമാക്കാനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കണമെന്നും സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.

Follow us on :

More in Related News