Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അതിജീവിതമാര്‍ക്ക് നിയമസഹായം നല്‍കും. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് വരട്ടെ: ഫെഫ്ക

28 Aug 2024 10:48 IST

Shafeek cn

Share News :

കൊച്ചി: താരസംഘടന അമ്മയുടെ ഭരണസമിതിയുടെ രാജിയിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ആരോപണങ്ങളിലും പ്രതികരണവുമായി ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക രംഗത്ത്. അമ്മ എക്‌സിക്യൂട്ടീവ് രാജി സംഘടനനയെ നവീകരിക്കുന്നതിന്റെ തുടക്കമാകട്ടെയെന്ന് ഫെഫ്ക പറഞ്ഞു. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു.


അതിജീവിതമാര്‍ക്ക് നിയമസഹായം നല്‍കും, ഇതിന് കോര്‍ കമ്മിറ്റിക്ക് ചുമതല നല്‍കും. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. സംഘടനയില്‍ കുറ്റാരോപിതരുണ്ടെങ്കില്‍ വലിപ്പച്ചെറുപ്പമില്ലാതെ നടപടി സ്വീകരിക്കും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് സിനിമാ ചരിത്രത്തിലെ ഏറ്റവും പ്രധാന മാര്‍ഗരേഖയാണ്. ഫെഫ്കയിലെ അംഗസംഘടനകളുടെ യോഗം സെപ്തംബര്‍ 2,3,4 തീയതികളില്‍ ചേരും. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തുടര്‍ ചര്‍ച്ചകള്‍ക്കായാണ് യോഗം ചേരുന്നത്. അപക്വവും വൈകാരികവുമായ പ്രതികരണങ്ങളല്ല വേണ്ടതെന്നും റിപ്പോര്‍ട്ട് സമഗ്രമായി വിലയിരുത്തുന്നതിനാണ് യോഗമെന്നും ഫെഫ്ക പറഞ്ഞു.


അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പരിഗണിക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേല്‍ലുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ലൈഗിംക അതിക്രമങ്ങള്‍ പ്രത്യേക സംഘം പരിഗണിക്കേണ്ടന്ന് ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിക്കുകയായിരുന്നു. കമ്മിറ്റിക്ക് മുന്നില്‍ മൊഴി കൊടുത്തവരെ കുറിച്ചുള്ള വിശദാംശങ്ങള്‍ പുറത്ത് വരാത്ത സാഹചര്യത്തില്‍ സര്‍ക്കാരിനോട് പൂര്‍ണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടുള്ള പരിശോധന വേണ്ടെന്നാണ് പൊലീസ് തീരുമാനം.


അതേസമയം, കമ്മിറ്റിക്ക് മുന്നില്‍ പരാതി നല്‍കിയവര്‍ പൊലീസില്‍ നേരിട്ട് മൊഴി നല്‍കാന്‍ തയ്യാറായാല്‍ കേസെടുക്കും. നടന്‍ സിദ്ദിഖിനെതിരെ ഇന്നലെ തിരുവനന്തപുരം സ്വദേശിനിയായ യുവനടി ഡിജിപിക്ക് നല്‍കിയ പരാതി ഇന്ന് അന്വേഷണ സംഘത്തിലുളള ഡിഐജി അജീത ബീഗത്തിന് കൈമാറും. അജീത ബീഗം പരാതി കൈമാറിയാല്‍ ഇന്ന് മ്യൂസിയം പൊലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും. ആരോപണം ഉന്നയിച്ച യുവതിക്കെതിരെ സിദ്ദിഖ് നല്‍കിയ ഗൂഡാലോചന പരാതിയും പ്രത്യേക സംഘത്തിന് കൈമാറിയിട്ടുണ്ട്.


Follow us on :

More in Related News