Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഴകിയ ഭക്ഷണം വിളമ്പി: കുന്ദമംഗലം കെഎഫ്സി വിവാദത്തിൽ

26 Sep 2025 00:36 IST

Basheer Puthukkudi

Share News :

കുന്ദമംഗലം ∙ പഴകിയതും ദുർഗന്ധം വമിക്കുന്നതുമായ ഭക്ഷണം ഉപഭോക്താക്കൾക്ക് വിളമ്പിയതിനെ തുടർന്ന് കുന്ദമംഗലം പാലക്കൽ മാളിലെ കെഎഫ്സി വിവാദത്തിൽ. പരിശോധനയിൽ ഭക്ഷണത്തിൽ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതോടെ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്ന് ഫുഡ് സേഫ്റ്റി വകുപ്പ് അറിയിച്ചു.


കഴിഞ്ഞ മാസം 28-ന് രാത്രി പത്തരയോടെയാണ് സംഭവം. കുന്ദമംഗലം സ്വദേശി ഷെഫീഹ് (33), ഭാര്യ റിസ്മാന (30), മക്കളായ എമൽ ഫാത്മ (12), ഖൈനാത്ത് (4), കെസിൻ (2), സഹോദരൻ സബീഹ് (21), സഹോദരിയുടെ മക്കൾ മുഹമ്മദ് സിയാൻ (12), മുഹമ്മദ് സാമിൻ (7) എന്നിവർ ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് ദുരനുഭവമുണ്ടായത്. ഭക്ഷണത്തിൽ നിന്ന് പഴകിയ മണം അനുഭവപ്പെട്ടെങ്കിലും കൗണ്ടറിൽ പരാതി ഉന്നയിച്ചപ്പോൾ നടപടിയൊന്നും ഉണ്ടായില്ലെന്ന് കുടുംബം പറഞ്ഞു. മറ്റൊരു ഉപഭോക്താവും സമാന പരാതി ഉന്നയിച്ചു. ഇതിന് ശേഷവും ഭക്ഷണം ഓൺലൈൻ ഡെലിവറിയായി വിതരണം ചെയ്തുവെന്നത് കൂടുതൽ വിമർശനങ്ങൾക്ക് വഴിയൊരുക്കി.


സംഭവത്തെ തുടർന്ന് ഷെഫീഹ് ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോ. അനുവിനെ വിവരം അറിയിക്കുകയും ഓൺലൈനായി പരാതി നൽകുകയും ചെയ്തു. തുടർന്ന് ഉദ്യോഗസ്ഥർ രാത്രി തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. ഭക്ഷണസാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. ശേഷിച്ച ഭക്ഷണം നശിപ്പിക്കാനും നിർദേശം നൽകി.


പരിശോധനാഫലത്തിൽ ഭക്ഷണത്തിൽ ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചു. “മരണത്തിനും കാരണമായേക്കാവുന്ന ഇത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാനാണ് പരാതി മുന്നോട്ടു കൊണ്ടുപോകുന്നത്” – പരാതിക്കാരനായ ഷെഫീഹ് പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കുമെന്നും ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ ഡോ. അനു വ്യക്തമാക്കി.

Follow us on :

More in Related News