Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയ് സര്‍ക്കാര്‍ രൂപീകരണത്തിന് കോൺഗ്രസ് പിന്തുണ നല്‍കും ; മന്ത്രിസഭയില്‍ ചേരും

06 May 2026 14:18 IST

Jithu Vijay

Share News :

ചെന്നെ : തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് (TVK) പിന്തുണ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകള്‍ വേണ്ടയിടത്ത് 108 സീറ്റുകള്‍ നേടിയ വിജയ്‌യെ പിന്തുണയ്ക്കാൻ കോണ്‍ഗ്രസ് ഔദ്യോഗികമായി തീരുമാനിച്ചു.


പാർട്ടി അധ്യക്ഷനായ വിജയ് രണ്ട് സീറ്റുകളില്‍ വിജയിച്ചതിനാല്‍ ഒരു സീറ്റ് ഒഴിയേണ്ടി വരും. ഇതോടെ സഭയിലെ ആകെ അംഗങ്ങളുടെ ടിവികെയുടെ സീറ്റ് നില 107 ആകും. സർക്കാർ രൂപീകരിക്കാൻ 11 പേരുടെ പിന്തുണയാണ് തമിഴക വെട്രി കഴകത്തിന് ആവശ്യം.


തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷൻ കെ. സെല്‍വപ്പെരുന്തഗൈയുടെ നേതൃത്വത്തില്‍ ചേർന്ന അടിയന്തര യോഗത്തിലാണ് ടിവികെയ്ക്ക് പിന്തുണ നല്‍കാൻ ധാരണയായത്. പകരമായി രണ്ട് ക്യാബിനറ്റ് മന്ത്രിസ്ഥാനങ്ങളും ചില സർക്കാർ ബോർഡുകളുടെ അധ്യക്ഷപദവിയും കോണ്‍ഗ്രസ് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ബിജെപിയെയോ അവരുടെ ബി-ടീമുകളെയോ തമിഴ്‌നാട് ഭരിക്കാൻ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.


1967 മുതല്‍ തമിഴ്‌നാട് മാറിമാറി ഭരിച്ചിരുന്ന ഡിഎംകെ, എഐഎഡിഎംകെ മുന്നണികളെ അപ്രസക്തമാക്കിയാണ് വിജയ്‌യുടെ മുന്നേറ്റം. കോണ്‍ഗ്രസിന് പുറമെ പിഎംകെ , സിപിഐ , സിപിഎം , വിസികെ എന്നീ പാർട്ടികളുമായും ടിവികെ ചർച്ചകള്‍ നടത്തുന്നുണ്ട്. അതേസമയം, രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ ശേഷം മാത്രമേ പിന്തുണ നല്‍കൂ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി. ഷണ്മുഖം അറിയിച്ചു.


തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ വിജയ് എക്സില്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. 'പാർട്ടി രൂപീകരിച്ചപ്പോള്‍ പലരും പരിഹസിച്ചു. ആരോടും കടപ്പാടില്ലാതെ ജനങ്ങളില്‍ മാത്രം വിശ്വാസമർപ്പിച്ചാണ് ഞങ്ങള്‍ ഇറങ്ങിയത്. യുവാക്കളുടെയും കുടുംബങ്ങളുടെയും പിന്തുണയാണ് ഈ വിജയത്തിന് പിന്നില്‍,' വിജയ് കുറിച്ചു.

Follow us on :

More in Related News