Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൈസുരുവിലെ ബസ് അപകടം: മരിച്ചവരിൽ ഒമാനിലെ പ്രവാസി കുടുംബാംഗവും

23 Mar 2026 22:36 IST

NewsDelivery

Share News :

മസ്കത്ത്: കോഴിക്കോടുനിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് മൈസൂരുവിനടുത്ത് ചന്നപട്ടണയിൽ അപകടത്തിൽപെട്ട് നാലുപേർ മരിച്ച സംഭവത്തിൽ സങ്കടത്തിലാഴ്ന്ന് ഒമാനിലെ പ്രവാസി കുടുംബവും. ബറക സവാദിയിൽ വർഷങ്ങളായി താമസിക്കുന്ന കോഴിക്കോട് അത്തോളി പുറക്കോട്ടേരി സ്വദേശി മുഹമ്മദ് അസ്‌ലമിൻ്റെയും കൊയിലാണ്ടി കസ്റ്റംസ് റോഡ് സൂറത്ത് ഹൗസിൽ സൗദയുടെയും മകൻ മുഹമ്മദ് ഫർഹാനാണ് (22) മരിച്ച മലയാളികളിലൊരാൾ. മുഹമ്മദ് ഫർഹാൻ ബറകയിൽ വിദ്യാർഥിയായിരുന്നു. നിലവിൽ ബംഗളൂരുവിലെ കോളജിൽ പഠനം തുടരുന്നതിനിടെയാണ് മരണം തിങ്കളാഴ്ച പുലർച്ചെ ദാരുണ അപകടത്തിൻ്റെ രൂപത്തിലെത്തിയത്.

ഒമാൻ സമയം രാവിലെ ഏഴരയോടെയാണ് ഒമാനിലെ കുടുംബം വിവരമറിയുന്നത്. മുഹമ്മദ് അസ്ലം-സൗദ ദമ്പതികളുടെ മൂത്തമകനാണ് മുഹമ്മദ് ഫർഹാൻ. വിവരമറിഞ്ഞയുടൻ മാതാപിതാക്കളും ഫർഹാന്റെ സഹോദരങ്ങളായ മുഹമ്മദ് അസാൻ, ആയിശ സഹഖ് എന്നിവരും ബന്ധുക്കളുമടക്കമുള്ളവർ നാട്ടിലേക്ക് തിരിച്ചു. മൈസൂരുവിലെ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം രാത്രി 11 ഓടെ ഫർഹാന്റെ മയ്യിത്ത് കൊയിലാണ്ടിയിലെ വീട്ടിലെത്തിക്കും. 11.30 ഓടെ ഖബറടക്കം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

ഞായറാഴ്‌ച രാത്രി കോഴിക്കോടു നിന്നും ബംഗളൂരുവിലേക്ക് പുറപ്പെട്ട സ്വകാര്യ ബസ് ബംഗളൂരു -മൈസൂരു അതിവേഗ പാതയിൽ ചന്നപട്ടണക്ക് സമീപം ഹൈവേയിലെ ഇരുമ്പു വേലിയിൽ ഇടിച്ചുകയറിയാണ് അപകടം. സംഭവത്തിൽ മുഹമ്മദ് ഫർഹാന് പുറമെ, കാപ്പാട് സിദ്ദിഖ് പള്ളിക്ക് സമീപം കൈതക്കൽ സക്കീർ ഹുസൈൻ (28), ബംഗളൂരു കലാസിപാളയയിൽതാമസിക്കുന്ന റഷീദ് (45), ബംഗളൂരു അഡുഗൊഡി ആനേപാളയയിൽ താമസിക്കുന്ന റഫീസ് (45) എന്നിവരും മരിച്ചിരുന്നു. ബസ് ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം

Follow us on :

More in Related News