Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തമിഴ് ഭാഷയില്‍ മെഡിക്കല്‍,എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ ആരംഭിക്കൂ.. സ്റ്റാലിനോട് അമിത് ഷാ

07 Mar 2025 12:06 IST

Shafeek cn

Share News :

ഹിന്ദി സംസാരിക്കാത്തവരുടെ മേല്‍ കേന്ദ്രം ഹിന്ദി അടിച്ചേല്‍പ്പിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആരോപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷം ശക്തമായി പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. തമിഴ് ഭാഷയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ ആരംഭിക്കണമെന്ന് അമിത് ഷാ സ്റ്റാലിന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ ഡിഎംകെ മേധാവി വേണ്ടത്ര കാര്യങ്ങള്‍ ചെയ്തിട്ടില്ലെന്നും പ്രാദേശിക ഭാഷകളെ ഉള്‍ക്കൊള്ളുന്നതിനായി റിക്രൂട്ട്‌മെന്റ് നയങ്ങളില്‍ പ്രധാന മാറ്റങ്ങള്‍ വരുത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരാണെന്നും ഷാ അവകാശപ്പെട്ടു.


'ഇതുവരെ, സിഎപിഎഫ് റിക്രൂട്ട്‌മെന്റില്‍ മാതൃഭാഷയ്ക്ക് സ്ഥാനമില്ലായിരുന്നുവെന്നും, യുവാക്കള്‍ക്ക് ഇനി എട്ടാം ഷെഡ്യൂളിലെ എല്ലാ ഭാഷകളിലും തമിഴ് ഉള്‍പ്പെടെ സിഎപിഎഫ് പരീക്ഷ എഴുതാന്‍ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തീരുമാനം എടുത്തിട്ടുണ്ടെന്നും അമിത് ഷാ ചൂണ്ടിക്കാണിച്ചു. മെഡിക്കല്‍, എഞ്ചിനീയറിംഗ് കോഴ്‌സുകളുടെ പാഠ്യപദ്ധതി എത്രയും വേഗം തമിഴ് ഭാഷയില്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് അദ്ദേഹം സ്റ്റാലിനെ പരിഹസിച്ചു.


അതേസമയം, ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) വഴി കേന്ദ്രസര്‍ക്കാര്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് സ്റ്റാലിന്‍ ആരോപിച്ചത്. ബിജെപിയുടെ ശ്രമങ്ങള്‍ തമിഴ്‌നാടിന്റെ ഭാഷാപരമായ സ്വത്വത്തിന് ഭീഷണിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പരാമര്‍ശമാണ് വിവാദത്തിന് കാരണമായതെന്ന് സ്റ്റാലിന്‍ വാദിച്ചു.


കേന്ദ്ര വിദ്യാഭ്യാസസ മന്ത്രി തന്റെ സ്ഥാനം മറന്നെന്നും ഒരു സംസ്ഥാനത്തെ മുഴുവന്‍ ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ നയത്തെ അംഗീകരിക്കണമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയെന്നും സ്ററാലിന്‍ വാദിക്കുന്നു. 2030 ഓടെ NEP ലക്ഷ്യമിട്ടത് തമിഴ്‌നാട് ഇതിനകം നേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.'ത്രിഭാഷാ ഫോര്‍മുലയ്ക്കായുള്ള ബിജെപിയുടെ ഒപ്പുശേഖരണ പ്രചാരണം ഇപ്പോള്‍ തമിഴ്‌നാട്ടില്‍ പരിഹാസപാത്രമായി മാറിയിരിക്കുന്നുവെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാണിച്ചു.


നിലവിലെ സംവിധാനത്തില്‍ തമിഴ്‌നാട് അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ടെന്നും ഒരു അധിക ഭാഷയുടെ ആവശ്യമില്ലെന്നും ഡിഎംകെ വാദിക്കുന്നു. നേരെമറിച്ച്, മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുമ്പോള്‍ മൂന്ന് ഭാഷാ ഫോര്‍മുല ആളുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപി വാദം. തമിഴ്‌നാട്ടില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള എല്ലാ ശ്രമങ്ങള്‍ക്കും ചെറുത്തുനില്‍പ്പ് നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഇത് വക്താക്കളുടെ പരാജയത്തിലേക്കോ അല്ലെങ്കില്‍ ഒടുവില്‍ ഡിഎംകെയുമായുള്ള സഖ്യത്തിലേക്കോ നയിച്ചുവെന്നും സ്റ്റാലിന്‍ ചരിത്രപരമായ തെളിവുകള്‍ എടുത്തുകാണിച്ചു. ബ്രിട്ടീഷ് കൊളോണിയലിസത്തിന് പകരം ഹിന്ദി കൊളോണിയലിസം വരുന്നതിനെ തമിഴ്‌നാട് സഹിക്കില്ല എന്നും അദ്ദേഹം പറഞ്ഞു.


പദ്ധതികളുടെയും അവാര്‍ഡുകളുടെയും സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും പേരില്‍ കേന്ദ്രസര്‍ക്കാര്‍ അമിതമായി ഹിന്ദി ഉപയോഗിക്കുന്നതായും ഇത് ഹിന്ദി സംസാരിക്കാത്തവരെ ശ്വാസം മുട്ടിക്കുന്നതായും അദ്ദേഹം ആരോപിച്ചു. അതേസമയം, ഹിന്ദി അടിച്ചേല്‍പ്പിക്കലിനെക്കുറിച്ച് സ്റ്റാലിന്‍ ഒരു 'വ്യാജ നാടകം' ആസൂത്രണം ചെയ്യുന്നുവെന്ന് ആരോപിച്ച് തമിഴ്‌നാട് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ തിരിച്ചടിച്ചു.


Follow us on :

More in Related News