Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2026 20:40 IST
Share News :
മഞ്ചേരി : മലപ്പുറം ജില്ലയിലെ ജനങ്ങള്‍ കൂടുതല്‍ ആശ്രയിക്കുന്ന മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വിവിധ പദ്ധതികള്‍ ആരോഗ്യ- വനിത-ശിശു വികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഈ 10 വര്‍ഷ കാലയളവിനുള്ളില്‍ 258 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ സാധ്യമായത്. ബിരുദ മെഡിക്കല്‍ കോളേജ് ആയിരുന്നതിനെ ബിരുദാനന്തര ബിരുദ മെഡിക്കല്‍ കോളേജായി ഉയര്‍ത്തി. മാതൃ-ശിശു യൂണിറ്റ്, വിവിധ കെട്ടിടങ്ങളുടെ നിര്‍മ്മാണം, ഭിന്നശേഷി-വയോജന സൗഹൃദ ആശുപത്രി എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങളാണ് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
നിര്‍മിത ബുദ്ധിയുടെ കരുത്തില്‍ പ്രവര്‍ത്തിക്കുന്ന എം.ആര്‍.ഐ. സ്‌കാനിങ് യൂണിറ്റ്, സ്ട്രോക്ക് ഐ.സി.യു., ലാക്റ്റേഷന്‍ മാനേജ്മെന്റ് യൂണിറ്റ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. പ്ലാന്‍ ഫണ്ടില്‍ നിന്നും 10.10 കോടി രൂപ ചെലവിട്ടാണ് ജര്‍മന്‍ നിര്‍മിത സീമന്‍സ് 1.5 ടെസ്ല എം.ആര്‍.ഐ. സ്‌കാനിങ് മെഷീന്‍ ആശുപത്രിയില്‍ സ്ഥാപിച്ചത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ രണ്ടു കോടി രൂപ അധികമായി ചെലവിട്ടു. ഡി.എച്ച് .എസ്. ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ ചെലവിട്ടാണ് അത്യാഹിത വിഭാഗത്തില്‍ സ്ട്രോക്ക് ഐ.സി.യു. സജ്ജമാക്കിയിരിക്കുന്നത്.
സ്ട്രോക്ക് രോഗികള്‍ക്കായി പ്രത്യേക ബെഡുകള്‍, സൗജന്യമായി നല്‍കുന്ന ത്രോമ്പോലൈസിസ് ചികിത്സ, എം.ആര്‍.ഐ., സി.ടി സ്‌കാന്‍, വെന്റിലേറ്ററുകള്‍, ഡിഫിബ്രിലേറ്റര്‍, മോഡേണ്‍ ഐസിയു കോട്ടുകള്‍ എന്നീ സൗകര്യങ്ങള്‍ സ്ട്രോക്ക് മാനേജ്മെന്റ് യൂണിറ്റിലുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്നും 12 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാക്റ്റേഷന്‍ മാനേജ്മെന്റ് യൂണിറ്റ് നിര്‍മിച്ചത്. മുലയൂട്ടല്‍ വെല്ലുവിളികള്‍ നേരിടുന്ന അമ്മമാര്‍ക്ക് കൗണ്‍സിലിങും പ്രായോഗിക പരിശീലനവും ശാസ്ത്രീയമായ രീതിയിലുള്ള മുലപ്പാല്‍ ശേഖരണവും പരിപാലനവും ഇവിടെ ഉറപ്പാക്കുന്നു.
അഡ്വ. യു.എ. ലത്തീഫ് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പി.എസ്. ഷീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ആര്‍. പ്രഭുദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ. ജയന്തി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ. ഷിബുലാല്‍, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ടി.എന്‍. അനൂപ്, മഞ്ചേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. കെ.കെ. അനില്‍രാജ്, മഞ്ചേരി നഴ്സിങ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു, കൗണ്‍സിലര്‍മാരായ ഷെറീന ജവഹര്‍, രാധാകൃഷ്ണന്‍, എച്ച്.ഡി.എസ്. മെമ്പര്‍ വി.എം. ഷൗക്കത്ത്, പി.ഡബ്ല്യു.ഡി. സിവില്‍ എക്സി. എന്‍ജിനീയര്‍ മുഹമ്മദ് ഇസ്മായില്‍, പി.ഡബ്ല്യു.ഡി. ഇലക്ട്രിക്കല്‍ അസി. എക്സി. എന്‍ജിനീയര്‍ ബഷീര്‍ അഹമ്മദ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.