Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2024 13:38 IST
Share News :
ബെംഗളൂരു: കന്നഡ നടൻ ദർശൻ തൂഗുദീപ ഉൾപ്പെട്ട കൊലക്കേസിൽ സുഹൃത്ത് നടി പവിത്ര ഗൗഡയെ ഒന്നാംപ്രതിയാക്കി. രണ്ടാംപ്രതിയാണ് ദർശൻ. പവിത്ര ഗൗഡയുടെ നിർദേശപ്രകാരമാണ് ചിത്രദുർഗ സ്വദേശി രേണുകാസ്വാമിയെ(33) കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ദർശനും കൂട്ടാളികളുംചേർന്ന് രേണുകാസ്വാമിയെ ബെംഗളൂരുവിലെത്തിച്ച് ക്രൂരമർദനത്തിനിരയാക്കി കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
കേസിൽ ഒരു സ്ത്രീയുൾപ്പെടെ നാലുപേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ഇവർ ഒളിവിലാണ്. നടിയും ഫാഷൻ ഡിസൈനറുമായ പവിത്ര ഗൗഡ ദർശനുമായി പത്തുവർഷമായി സുഹൃത്തുക്കളാണ്. ഇവർക്ക് ഭർത്താവും മകളുമുണ്ട്. കഴിഞ്ഞ ജനുവരിയിൽ പവിത്ര ഗൗഡ മകളുടെ വിവാഹത്തോടനുബന്ധിച്ച് ‘ചലഞ്ചിങ് സ്റ്റാർ എന്നറിയപ്പെടുന്ന ദർശനുമായി പത്തുവർഷത്തെ ബന്ധം’ എന്നപേരിൽ ദർശനുമായുള്ള ബന്ധം വെളിപ്പെടുത്തി ഇൻസ്റ്റഗ്രാമിൽ റീൽ പോസ്റ്റുചെയ്തിരുന്നു. ഇതിനെ വിമർശിച്ച് ദർശന്റെ ഭാര്യ വിജയലക്ഷ്മി, പവിത്രയും അവരുടെ ഭർത്താവുമൊത്തുളള ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പോസ്റ്റുചെയ്തു.
ഇതോടെ പവിത്രയ്ക്കുനേരേയുള്ള ദർശന്റെ ആരാധകരുടെ ക്ഷോഭം സാമൂഹികമാധ്യമത്തിൽ നിറഞ്ഞു. തുടർന്ന് ചിത്രദുർഗ വെങ്കടേശ്വര ലേ ഔട്ട് സ്വദേശിയും ദർശന്റെ കടുത്ത ആരാധകനുമായ രേണുകാസ്വാമി പവിത്രയെക്കുറിച്ച് സാമൂഹികമാധ്യമത്തിൽ മോശം കമന്റിട്ടു. പവിത്ര, ദർശനെയും ഭാര്യ വിജയലക്ഷ്മിയെയും അകറ്റുന്നെന്നാരോപിച്ചായിരുന്നു ഇത്. പവിത്രയെക്കുറിച്ച് രേണുകാസ്വാമിയുടെ മോശം കമന്റുകൾ നിരന്തരം വരാൻതുടങ്ങിയതോടെ ഇദ്ദേഹത്തെ വകവരുത്താൻ പവിത്ര തീരുമാനിക്കുകയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
ആർ.ആർ. നഗറിലെ പട്ടണഗെരെയിലെ ഷെഡ്ഡിലാണ് കൊലപാതകംനടന്നത്. അറസ്റ്റിലായ ദർശനെയും പവിത്രയെയും പോലീസ് ബുധനാഴ്ച ഈ ഷെഡ്ഡിലെത്തിച്ച് തെളിവെടുപ്പുനടത്തി. രേണുകാസ്വാമിയുടെ മൃതദേഹം കണ്ട സ്ഥലത്ത് കേസിലെ മറ്റു നാലുപ്രതികളെ എത്തിച്ചും തെളിവെടുപ്പുനടത്തി. രാവിലെ ദർശൻ ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യംചെയ്ത അന്നപൂർണേശ്വരീ പോലീസ് സ്റ്റേഷനുമുമ്പിൽ വൻ ജനക്കൂട്ടം തടിച്ചുകൂടി. ഇവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിച്ചാർജ് നടത്തി.
Follow us on :
Tags:
More in Related News
Please select your location.