Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മിനിയേച്ചർ പുസ്തകങ്ങളിലെ ലോകവിസ്മയം; ഗിന്നസ് സത്താർ ആദൂരിന്റെ റെക്കോർഡ് നേട്ടത്തിന് പത്തു വർഷം

19 Jun 2026 14:09 IST

PEERMADE NEWS

Share News :



തൃശ്ശൂർ:വായനാവാരത്തോട് അനുബന്ധിച്ച് കുഞ്ഞുപുസ്തകങ്ങളുടെ കൂട്ടുകാരനും പ്രചാരകനുമായ ഗിന്നസ് സത്താർ ആദൂർ സ്ഥാപിച്ച അപൂർവ്വ ലോക റെക്കോർഡിന് പത്തു വർഷം തികയുന്നു. നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാൻ സാധിക്കുന്ന മിനിയേച്ചർ പുസ്തകങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരത്തിലൂടെ (Largest collection of miniature books) 2016 ജൂൺ മാസത്തിലാണ് സത്താർ ആദൂർ ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചത്. സാഹിത്യപ്രവർത്തനത്തിലൂടെ ഗിന്നസ് റെക്കോർഡ് നേടുന്ന ആദ്യത്തെ ഏഷ്യക്കാരൻ എന്ന ബഹുമതിയും ഇതോടെ സത്താറിന് സ്വന്തമായി.

തൃശ്ശൂർ സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിലാണ് ഒരു സെന്റീമീറ്ററിനും അഞ്ച് സെന്റീമീറ്ററിനും ഇടയിൽ വലിപ്പമുള്ള 3137 വ്യത്യസ്ത കുഞ്ഞുപുസ്തകങ്ങൾ സത്താർ പ്രദർശിപ്പിച്ചത്. അസർബൈജാനിലെ ബാക്യു മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള സലഗോവ സാരിഫ് തൈമുർ ഗൈസിയുടെ പേരിലുണ്ടായിരുന്ന 2917 പുസ്തകങ്ങളുടെ റെക്കോർഡാണ് സത്താർ മറികടന്നത്. 21 അടി നീളവും 4 അടി വീതിയുമുള്ള ഷെൽഫിൽ 2710 കഥാസമാഹാരങ്ങളും 427 കവിതാ സമാഹാരങ്ങളും ഒരുക്കിയായിരുന്നു ഈ ചരിത്രനേട്ടം.

ബാക്യു മ്യൂസിയത്തിലുള്ള ഭൂരിഭാഗം പുസ്തകങ്ങളും നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാൻ സാധിക്കാത്തവയായിരുന്നു. എന്നാൽ, സത്താർ ആദൂർ രചിച്ച പുസ്തകങ്ങളെല്ലാം തന്നെ ലെൻസിന്റെ സഹായമില്ലാതെ വായിക്കാൻ കഴിയുന്നവയാണ്. ഈ സവിശേഷത കൊണ്ടാണ് പത്തു വർഷം പിന്നിട്ടിട്ടും തകർക്കാൻ പറ്റാത്ത (Unbreakable) അപൂർവ്വം ഗിന്നസ് റെക്കോർഡുകളിലൊന്നായി ഇത് ഇന്നും നിലനിൽക്കുന്നത്.

2019-ൽ ഔദ്യോഗിക ഗിന്നസ് ബുക്കിൽ ഈ നേട്ടം അച്ചടിച്ചുവന്നതോടെ രാജ്യാന്തര തലത്തിൽ മിനിയേച്ചർ പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ സത്താറിന്റെ പേര് ശ്രദ്ധാകേന്ദ്രമായി മാറി. ലോകത്തിലെ ഏറ്റവും വിസ്മയിപ്പിക്കുന്ന അമ്പതിൽ താഴെ വസ്തുതകളുടെ പട്ടികയിലും (Mind-blowing facts) ഈ നേട്ടം ഇടംപിടിച്ചു. നിരവധി മത്സരപരീക്ഷകളിലും ടെലിവിഷൻ ക്വിസ് ഷോകളിലും ഇതൊരു ചോദ്യമായി മാറിയിട്ടുണ്ട്.

2008-ൽ ആരംഭിച്ച കുഞ്ഞുപുസ്തകങ്ങളുടെ രചനയുടെയും നിർമ്മാണത്തിന്റെയും എട്ടുവർഷത്തെ നിരന്തര പരിശ്രമത്തിനൊടുവിലാണ് സത്താറിനെ തേടി ഈ അംഗീകാരമെത്തിയത്. നഗ്നനേത്രങ്ങൾ കൊണ്ട് വായിക്കാവുന്ന ലോകത്തിലെ ഏറ്റവും ചെറിയ കഥാസമാഹാരമായ ഒരു സെന്റീമീറ്റർ മാത്രം വലിപ്പമുള്ള ‘വൺ’, ഏറ്റവും ചെറിയ കവിതാസമാഹാരമായ അര സെന്റീമീറ്റർ മാത്രമുള്ള ‘സാൾട്ട്’ എന്നീ പുസ്തകങ്ങളും സത്താറിന്റെ സർഗ്ഗാത്മകതയിൽ വിരിഞ്ഞവയാണ്.

വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി കഥകളും കവിതകളും അടങ്ങിയ ‘എസ്എംഎസ് 101 കഥകൾ’, ‘101 കവിതകൾ’, ‘ആധാർ മിനി കഥകൾ’, ‘ഹൈക്കു കഥകൾ’, ‘ആദൂർ കവിതകൾ’, ‘ഫിഫ്റ്റി : ഫിഫ്റ്റി’ എന്നീ കുഞ്ഞുപുസ്തകങ്ങളുടെ അരലക്ഷത്തോളം കോപ്പികൾ ഇതിനകം വായനക്കാർക്ക് സൗജന്യമായി വിതരണം ചെയ്തിട്ടുണ്ട്. കഴിഞ്ഞ 18 വർഷമായി ഈ സൗജന്യ പുസ്തകവിതരണം അദ്ദേഹം തുടരുന്നു.

നിലവിൽ ഓൾ കേരള ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡേഴ്സ് (ആഗ്രഹ്) സംസ്ഥാന പ്രസിഡന്റായും, സംസ്കാര സാഹിതി തൃശ്ശൂർ ജില്ലാ ചെയർമാനായും പ്രവർത്തിച്ചുവരികയാണ് ഗിന്നസ് സത്താർ ആദൂർ.









 

Follow us on :

More in Related News