Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ യുവതി മരിച്ചു; ചികിൽസാപിഴവ് ആരോപിച്ച് കുടുംബം

12 May 2026 10:33 IST

CN Remya

Share News :

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രസവത്തിനിടെ യുവതി മരിച്ചു. ആലപ്പുഴ ഓമനപ്പുഴ പൊള്ളയിൽ സ്വദേശി അനീഷിന്റെ ഭാര്യ ഫേബ (27) ആണ് മരിച്ചത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി. 'ഒരു കുഴപ്പവുമില്ലാതെ പോയതല്ലേ, ചിരിച്ച് കളിച്ച് സന്തോഷത്തോടെ പോയതല്ല'യെന്ന് മാതാവ് പറയുന്നു നേരത്തെ ഓപ്പറേഷന്‍ ചെയ്തിരുന്നെങ്കില്‍ എന്‍റെ ഭാര്യ പോകില്ലായിരുന്നുവെന്ന് ഭർത്താവും പറയുന്നു. പെയിന്‍ ഉണ്ടായിട്ട് പോലും അവര് നോക്കിയില്ല. എട്ടുമണിക്കൂര്‍ തിരിഞ്ഞുപോലും നോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു,

ആലപ്പുഴയിൽ നിന്ന് റഫർ ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ചയാണ് ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ അഡ്മിറ്റ് ചെയ്തത്. പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്നലെ പുലർച്ചെ ലേബർ റൂമിലേക്ക് മാറ്റി. ആദ്യഘട്ടത്തിൽ സുഖപ്രസവം നടക്കുമെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നെങ്കിലും പിന്നീട് സ്ഥിതി വഷളാവുകയും ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുക്കുകയുമായിരുന്നു. ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതിക്ക് ഹൃദയസ്തംഭനം ഉണ്ടായതായാണ് ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചത്.

കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് യുവതി മരിച്ചതിന് ശേഷമെന്നാണ് ആരോപണം. ചികിൽസാപിഴവും അനാസ്ഥയും മരണകാരണമായെന്ന് ബന്ധുക്കള്‍. ഫേബയെ ലേബർ റൂമിൽ കയറ്റിയ ശേഷം ഒരു വിവരവും അറിയിച്ചില്ല. സംഭവത്തില്‍ പൊലീസിലും ആശുപത്രി സൂപ്രണ്ടിനും ബന്ധുക്കൾ പരാതി നൽകി. നിലവിൽ യുവതിയുടെ മൃതദേഹം ചേർത്തലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Follow us on :

More in Related News