Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Mar 2026 13:30 IST
Share News :
കൊച്ചി : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെയും വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അടക്കമുള്ള ബോർഡ് അംഗങ്ങളെയും അയോഗ്യരാക്കി ഹൈക്കോടതി. കമ്പനി നിയമ പ്രകാരം റജിസ്റ്റർ ചെയ്ത സ്ഥാപനം കഴിഞ്ഞ 9 വർഷമായി വാർഷിക റിട്ടേൺ സമർപ്പിച്ചില്ലെന്ന് കണ്ടെത്തിയാണ് നടപടി.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവരടക്കം എല്ലാ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് അയോഗ്യരാക്കിയിട്ടുണ്ട്. എസ്എൻഡിപി യോഗത്തിന് പുതിയ ബോർഡ് ഓഫ് ഡയറക്ടേഴ്‌സിനെ നിയമിക്കാനും ഉത്തരവിട്ടു. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്റേതാണ് ഉത്തരവ്.
എസ്എൻഡിപി യോഗം കമ്പനി ആക്ട് പ്രകാരം രജിസ്റ്റർചെയ്ത സംഘടനയാണ്. ഇതിലെ ഡയറക്ടർമാരാണ് വെള്ളാപ്പള്ളിയും തുഷാർ വെള്ളാപ്പള്ളിയും ഉൾപ്പെടെയുള്ളവർ. കമ്പനി ഡയറക്ടർമാർക്ക് ഡിൻ(ഡയറക്ടേഴ്‌സ് ഐഡന്റിഫിക്കേഷൻ നമ്പർ) അക്കൗണ്ട് നിർബന്ധമാണ്. എന്നാൽ, ഇവരുടെ ഡിൻ അക്കൗണ്ടിന് സാധുതയില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. തുടർന്നാണ് കമ്പനി ആക്ടിന്റെ 164(2) പ്രകാരം വെള്ളാപ്പള്ളി അടക്കമുള്ളവരെ അയോഗ്യരാക്കി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.
തുടർച്ചയായ മൂന്നു വർഷം വാർഷിക കണക്കുകളും റിട്ടേണുകളും സമർപ്പിക്കുന്നതിൽ ഭരണസമിതിക്ക് വീഴ്ചവരുത്തിയെന്നും ഇത് കമ്പനി ആക്ടിന്റെ ലംഘനമാണെന്നും ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്.
നിലവിലെ ഭാരവാഹികൾ 2014 മുതൽ ഐജി രജിസ്‌ട്രേഷന് വാർഷിക അക്കൗണ്ട്‌സ് സ്റ്റേറ്റ്‌മെന്റ് കൊടുത്തിട്ടില്ല. മൂന്നു വർഷം തുടർച്ചയായി സ്റ്റേറ്റ്‌മെന്റ് കൊടുത്തിട്ടില്ലെങ്കിൽ നടപടി എടുക്കാവുന്നതാണ്.
എന്നാൽ, എസ്എൻഡിപി യോഗം സർക്കാരിനെ സമീപിക്കുകയും ഫൈൻ അടക്കുകയും ചെയ്തു. ഇതോടെ, യോഗത്തിന് സർക്കാർ മാപ്പു നൽകുകയും തുടരാൻ അനുവദിക്കുകയും ചെയ്തു.
ഇതിനെ ചോദ്യം ചെയ്താണ് അന്തരിച്ച എഴുത്തുകാരൻ എം.കെ. സാനുവും എസ്എൻഡിപി യോഗം സംരക്ഷണ സമിതി ചെയർമാൻ അഡ്വ. എസ്. ചന്ദ്രസേനനും ഹൈക്കോടതിയിൽ റിട്ട് പെറ്റീഷൻ കൊടുത്തത്. കമ്പനി നിയമപ്രകാരം കമ്പനികൾക്കു മാത്രമേ ഇത്തരം പിഴവുകളിൽ മാപ്പു കൊടുക്കാനാവൂ എന്നും വ്യക്തികൾക്ക് മാപ്പു കൊടുക്കാൻ സർക്കാരിനു സാധിക്കില്ലെന്നും ഇവർ കോടതിയിൽ വാദിച്ചു.
2013 ലെ ഭേദഗതി പ്രകാരം കമ്പനി ഡയറക്ടർമാര്‍ക്ക് ഡയറക്ടർ ഐഡന്‍റിഫിക്കേഷൻ നമ്പർ വേണമെന്നത് നിർബന്ധമാണ്. വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവർക്ക് ഡിൻ നമ്പർ വിശദാംശങ്ങൾ ഹാജരാക്കാൻ കഴിട്ടില്ല. ഭരണസമിതി അയോഗ്യരാകുമ്പോഴുള്ള പ്രതിസന്ധി മറികടക്കാൻ താൽക്കാലിക ഡയറക്ടർമാരെ നിയമിക്കാൻ സർക്കാറിന് ഹൈക്കോടതി നിർദ്ദേശം നൽകി. സിംഗിൾ ബഞ്ച് വിധിക്കെതിരെ ഉടൻ അപ്പീൽ നൽകാനാണ് നിലവിലെ ബോർഡ് അംഗങ്ങളുടെ തീരുമാനം
Follow us on :
Tags:
More in Related News
Please select your location.