Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2026 17:08 IST
Share News :
തിരുവനന്തപുരം : ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസില്‍ സിപിഎം നേതാവ് ഇപി ജയരാജനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. ഇപി ജയരാജന് ക്ലീൻ ചിറ്റ് നല്‍കി പോലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളിയാണ് കോടതിയുടെ നിർണായക നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാൻ കോടതി പോലീസിന് നിർദേശം നല്‍കി. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
2022 ജൂണ്‍ 13 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഇൻഡിഗോ വിമാനത്തില്‍ വന്ന അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചിരുന്നു. സ്വർണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. മുദ്രാവാക്യം വിളിച്ച് മുന്നോട്ട് നീങ്ങിയ പ്രവർത്തകരെ ഇപി ജയരാജൻ മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഫർസീൻ മജീദ് അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരാണ് പരാതി നല്‍കിയത്.
ഈ പരാതിയില്‍ വലിയതുറ പോലീസ് അന്വേഷണം നടത്തിയിരുന്നുവെങ്കിലും ജയരാജനെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന റിപ്പോർട്ടാണ് കോടതിയില്‍ സമർപ്പിച്ചത്. എന്നാല്‍ ഈ റിപ്പോർട്ട് തള്ളിയ കോടതി കേസ് എഴുതിത്തള്ളാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. ഇപി ജയരാജനും ഗണ്‍മാൻ അനില്‍കുമാറിനും എതിരായ പരാതിയില്‍ അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് നല്‍കണമെന്നുമാണ് കോടതിയുടെ ഉത്തരവ്.
അതേസമയം തനിക്കെതിരെ അന്വേഷണം നടത്താനുള്ള കോടതി ഉത്തരവില്‍ പ്രതികരിച്ച് ഇപിജയരാജൻ രംഗത്തെത്തി. കോടതി പറഞ്ഞതിന്റെ വിശദാംശങ്ങള്‍ നോക്കിയ ശേഷം മാത്രമെ പ്രതികരിക്കാനാവൂ എന്നാണ് ഇപി ജയരാജന്റെ പ്രതികരണം. താൻ നടത്തിയത് ആക്രമണമല്ലെന്നും പ്രതിരോധമാണെന്നും അദ്ദേഹം പറഞ്ഞു.
''ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ഭീകരന്മാരുടെ രൂപത്തില്‍ വിമാനത്തില്‍ കയറി ആക്രമണത്തിന് ശ്രമിക്കുമ്പോള്‍ സ്വാഭാവികമായി അതിനെ പ്രതിരോധിക്കാൻ സമാധാനം ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ചുമതലയുണ്ട്. ഞാൻ അവരെ തടഞ്ഞുനിർത്തുകയാണ് ചെയ്തത്. അവർക്ക് മുഖ്യമന്ത്രിയെ ആക്രമിക്കാൻ കഴിഞ്ഞില്ല. ആ സംഭവത്തില്‍ പിന്നീട് അന്വേഷണം നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്കെതിരെ നടപടിയെടുത്തിരുന്നു.''- ഇപി ജയരാജൻ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.