Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Nov 2026 11:03 IST
Share News :
വേങ്ങര : ഡിസംബർ 22 മുതൽ 31 വരെ വേങ്ങര കൂരിയാട് നടക്കുന്ന പതിനാലാമത് ദേശീയ സരസ് മേളയിൽ വിപുലമായ ഭക്ഷ്യവൈവിധ്യങ്ങളൊരുങ്ങുന്നു. ജമ്മു കാശ്മീർ, ലക്ഷദ്വീപ്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളുടെയും കേരളത്തിന്റെയും തനത് വിഭവങ്ങൾ ഒരേ വേദിയിൽ അണിനിരത്തുന്ന 'ഇന്ത്യ പ്ലേറ്റ്' ആയിരിക്കും ഭക്ഷ്യമേളയുടെ പ്രധാന ആകർഷണം.
പുതുമയാർന്ന ഭക്ഷണ വിഭവങ്ങളും നൂതനമായ അവതരണ രീതികളും ഉൾപ്പെടുത്തി വലിയ രീതിയിലാണ് ഫുഡ് കോർട്ട് സജ്ജീകരിക്കുന്നത്.
രുചിക്കൊപ്പം ഓരോ സംസ്ഥാനത്തിന്റെയും സാംസ്കാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന രീതിയിലായിരിക്കും സ്റ്റാളുകളുടെ രൂപകൽപ്പന. സ്റ്റാളുകളുടെ അലങ്കാരത്തിലും ഭക്ഷണം വിളമ്പുന്നവരുടെ വേഷവിധാനത്തിലും അതത് സംസ്ഥാനങ്ങളുടെ തനിമ പ്രതിഫലിക്കും. നൂറോളം ടേബിളുകളിലായി 600 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഫുഡ് കോർട്ടിലുണ്ടാവുക.
സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ഓരോ ഭക്ഷണ സ്റ്റാളിലും മെനുവിലും ക്യു.ആർ കോഡ് സംവിധാനവും ഒരുക്കും. ഇത് സ്കാൻ ചെയ്യുന്നതിലൂടെ ഓരോ വിഭവത്തിന്റെയും ഉത്ഭവം, ചരിത്രം, സാംസ്കാരിക പ്രാധാന്യം തുടങ്ങിയ വിവരങ്ങൾ മൊബൈൽ ഫോണിലൂടെ അറിയാൻ സാധിക്കും.
മേളയുടെ മുന്നോടിയായി വിപുലമായ ഫുഡ് കോർട്ട് ഒരുക്കുന്നതിനായി ഫുഡ് കമ്മിറ്റി യോഗം ചേർന്നു.
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പാണ്ടിക്കടവത്ത് അബു താഹിർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ.വി മുഹമ്മദലി, വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി ജുസൈറ മൻസൂർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഇ.കെ സുബൈർ, കെ.പി സുലൈഖ, വി.പി അബ്ദുൽ ഷുക്കൂർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അനീസ്, അംഗങ്ങളായ ഇ.വി സഫൂറ, സി.കെ മുഹമ്മദാജി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർമാരായ ഷഫീഖ്, റെനീഷ്, രാകേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്സൺമാർ, സി.ഡി.എസ് അക്കൗണ്ടന്റുമാർ, ബ്ലോക്ക് കോർഡിനേറ്റർമാർ, അനിമേറ്റർമാർ തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.