Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിദേശ തോട്ടങ്ങൾ ഏറ്റെടുത്ത് ഭൂരഹിതർക്ക് നൽകണം; ഭൂ അവകാശ ക്യാമ്പയിന് നവംബർ അവസാനവാരം തുടക്കം

09 Nov 2026 12:25 IST

NewsDelivery

Share News :

കാസർകോട് മുതൽ തിരുവനന്തപുരം വരെ ഭൂ അവകാശ യാത്ര; തിരുവനന്തപുരത്ത് ലാന്റ് കോൺക്ലേവ് സംഘടിപ്പിക്കും

കോഴിക്കോട്: വ്യാജ രേഖകളിലൂടെ ചിലർ കൈവശം വെച്ചുവരുന്ന വിദേശ തോട്ടങ്ങൾ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യണമെന്ന ആവശ്യവുമായി ഭൂ അവകാശ വികസന സമിതിയുടെ നേതൃത്വത്തിൽ സംസ്ഥാനതല ക്യാമ്പയിന് നവംബർ അവസാനവാരം തുടക്കമാകും. ദളിത്, ആദിവാസി, തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള ഭൂരഹിതരെ പങ്കെടുപ്പിച്ചാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

കാസർകോട് നിന്ന് ആരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന ഭൂ അവകാശ യാത്രയുടെ ഭാഗമായി വിവിധ ജില്ലകളിൽ കൺവെൻഷനുകളും ശിൽപശാലകളും സംഘടിപ്പിക്കും. യാത്രയുടെ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് രണ്ടുദിവസം നീണ്ടുനിൽക്കുന്ന ലാന്റ് കോൺക്ലേവും നടത്തും. സമഗ്ര ഭൂപരിഷ്കരണത്തിനുള്ള നിർദേശങ്ങൾ കോൺക്ലേവ് ആവിഷ്കരിക്കും.

സ്വാതന്ത്ര്യാനന്തരം സർക്കാർ ഏറ്റെടുക്കേണ്ടിയിരുന്ന വിദേശ തോട്ടങ്ങൾ ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുക, ആദിവാസി സ്വയംഭരണ നിയമം പാസാക്കുക, തണ്ണീർത്തടാശ്രിത സമൂഹങ്ങളുടെ ഭൂമി-പ്രകൃതിവിഭവ അവകാശങ്ങൾ അംഗീകരിക്കുക, തീരദേശ മത്സ്യത്തൊഴിലാളികളുടെ തീരഭൂമിയിലെയും കടലിലെയും അവകാശങ്ങൾ സംരക്ഷിക്കുക തുടങ്ങിയ നിർദേശങ്ങൾ കോൺക്ലേവ് പരിഗണിക്കും.

തോട്ടം തൊഴിലാളികളെ കുടിയിറക്കാനുള്ള ടാറ്റയുടെ നീക്കം തടയുക, ഒന്നാം ഭൂപരിഷ്കരണത്തിന്റെ ഭാഗമായി മിച്ചഭൂമി ലഭിച്ച ഭൂരഹിതരുടെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് അന്വേഷണം നടത്തി ക്രമപ്പെടുത്തുക, അട്ടപ്പാടിയിലെ ഭൂമി കൈയേറ്റം തടയുക, ജാതിമത ഭേദമന്യേ എല്ലാ ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുക, പുനരധിവാസത്തിന് പ്രത്യേക നിയമവും നോഡൽ ഏജൻസിയും രൂപീകരിക്കുക, ഭൂമി വിലയ്ക്കു വാങ്ങുന്നതിനുള്ള കുറ്റമറ്റ നിയമം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളും മുന്നോട്ടുവെക്കും.

യുഡിഎഫ് സർക്കാർ അധികാരത്തിലെത്തുന്നതിന് മുമ്പ് വിദേശ തോട്ടങ്ങൾ ഏറ്റെടുക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ പുറത്തിറക്കിയ സർക്കാർ ഉത്തരവ് ഈ വാഗ്ദാനത്തിൽനിന്നുള്ള പിന്മാറ്റമാണെന്ന് ഭൂ അവകാശ വികസന സമിതി ആരോപിച്ചു. നിയമവിരുദ്ധമായി കൈവശം വെച്ചുവരുന്ന തോട്ടങ്ങൾക്ക് നിയമസാധുത നൽകാൻ ഉത്തരവ് കാരണമാകുമെന്നും സമിതി വിമർശിച്ചു.


നിലവിലുള്ള ഭൂപരിധി ഇല്ലാതാക്കി തോട്ടവിളകൾ ബഹുവിളകളാക്കാനും ഭൂപരിധിയിൽ ഇളവ് അനുവദിക്കാനും ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി സർക്കാർ പഠനസംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇത് തോട്ടഭൂമി മുറിച്ചുവിൽക്കുന്നതിനും കോർപ്പറേറ്റ് ഭൂവുടമസ്ഥത ശക്തിപ്പെടുന്നതിനും വഴിയൊരുക്കുമെന്നാണ് സമിതിയുടെ ആശങ്ക.


നിയമസഭ പാസാക്കിയ 'സരൾ' നിയമവും മാരിടൈം നിയമഭേദഗതിയും തീരദേശവാസികളുടെ ഭൂമിയും വാസസ്ഥലവും നഷ്ടപ്പെടാൻ ഇടയാക്കുമെന്നും സമിതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് സമഗ്ര ഭൂപരിഷ്കരണ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.


കോഴിക്കോട് നഗരത്തിൽ സമഗ്ര ഭൂപരിഷ്കരണത്തെക്കുറിച്ച് വിദഗ്ധർ പങ്കെടുക്കുന്ന സെമിനാറും സംഘടിപ്പിക്കും. ഇതിന്റെ സംഘാടകസമിതി രൂപീകരണ യോഗം നവംബർ 9 തിങ്കളാഴ്ച വൈകിട്ട് നാലിന് നളന്ദ ടൂറിസ്റ്റ് ഹാളിൽ നടക്കും. കെ. അജിതയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുക്കും.


ഭൂ അവകാശ വികസന സമിതി ചെയർമാൻ എം. ഗീതാനന്ദൻ, ജനറൽ കൺവീനർ കെ. അംബുജാക്ഷൻ, ഗാർഗി എച്ച്. (വനജ കളക്ടീവ്), അറുമുഖൻ ചേലേമ്പ്ര (വി.സി.കെ), അഖിൽ എ.എം. (സി.പി.ഐ.എം.എൽ റെഡ് സ്റ്റാർ), പുഷ്പകുമാർ കെ.സി. (ഐ.ഡി.എഫ്), മുഹമ്മദ് അസ്ലം (ജില്ലാ പ്രസിഡന്റ്, വെൽഫെയർ പാർട്ടി, കോഴിക്കോട്) എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News