Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2026 12:43 IST
Share News :
കോഴിക്കോട്: കേരള നദ്വത്തുൽ മുജാഹിദീന്റെ വിദ്യാർഥി വിഭാഗമായ മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (എം.എസ്.എം) സംസ്ഥാന സമ്മേളനം നവംബർ 13, 14, 15 തീയതികളിൽ കോഴിക്കോട് കടപ്പുറത്ത് നടക്കും. 'ജെൻ എം സ്റ്റുഡന്റ്സ് കോൺഫ്ലുവൻസ്' എന്ന പേരിൽ സംഘടിപ്പിക്കുന്ന ത്രിദിന സമ്മേളനത്തിൽ 25,000 വിദ്യാർഥികൾ പങ്കെടുക്കുമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആറ് വേദികളിലായി നൂറ് സെഷനുകളാണ് സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. പുതുതലമുറ നേരിടുന്ന വിവിധ പ്രതിസന്ധികളും സാധ്യതകളും ചർച്ച ചെയ്യുന്ന 'അഡിക്ഷൻ V/S കണക്ഷൻ' എന്ന പേരിലുള്ള എക്സ്പോയും സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് കടപ്പുറത്ത് ആരംഭിച്ചിട്ടുണ്ട്.
നവംബർ 13 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.കെ. രാഘവൻ എം.പി. സുവനീർ പ്രകാശനം നിർവഹിക്കും. അഡ്വ. ഫൈസൽ ബാബു എം.എൽ.എ., അഡ്വ. കെ. ജയന്ത്, കോഴിക്കോട് കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് എസ്.വി. മുഹമ്മദ് ഷമീൽ തങ്ങൾ എന്നിവർ പങ്കെടുക്കും.
മതം, ധാർമികത, രാഷ്ട്രീയം, സാമൂഹികം, വിദ്യാഭ്യാസം, സാംസ്കാരികം, സർഗാത്മകത, സാങ്കേതികവിദ്യ തുടങ്ങിയ വൈവിധ്യമാർന്ന വിഷയങ്ങളിൽ ചർച്ചകളും ബൗദ്ധിക സംവാദങ്ങളും നടക്കും. പ്രമുഖ ഇസ്ലാമിക പണ്ഡിതർ, സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, സാഹിത്യകാരന്മാർ, ആക്ടിവിസ്റ്റുകൾ, സാങ്കേതിക വിദഗ്ധർ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ ഡോ. എം.കെ. മുനീർ, അഡ്വ. ഹാരിസ് ബീരാൻ എം.പി., എം.എൽ.എമാരായ ടി.പി. അഷ്റഫലി, നജീബ് കാന്തപുരം, കെ.പി. നൗഷാദലി, വി.ടി. ബൽറാം, പി.എം.എ. സമീർ, അഡ്വ. ഫാത്തിമ തഹ്ലിയ, പി.കെ. നവാസ്, കെ.എം. അഭിജിത്ത് തുടങ്ങിയവർ വിവിധ സെഷനുകളിൽ പങ്കെടുക്കും.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി.ടി. ഇസ്മാഈൽ, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഡോ. അലോഷ്യസ് സേവ്യർ, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി. അഹമ്മദ് സാജു, സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ പിലാക്കൽ, അഡ്വ. നജ്മ തബ്ഷീറ എന്നിവരും അതിഥികളായെത്തും.
ഞായറാഴ്ച വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. ടി.പി. അബ്ദുല്ലക്കോയ മദനി അധ്യക്ഷത വഹിക്കും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ഓൾ ഇന്ത്യ അഹ്ലുൽ ഹദീസ് പ്രസിഡന്റ് അസ്ഗറലി ഇമാം മഹ്ദി അസ്സലഫി, കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ഉണ്ണീൻകുട്ടി മൗലവി, മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ തുടങ്ങിയവർ പങ്കെടുക്കും.
കെ.എൻ.എം, എം.എസ്.എം സംസ്ഥാന ഭാരവാഹികളും വിവിധ സംഘടനാ പ്രതിനിധികളും സമാപന സമ്മേളനത്തിൽ സംസാരിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ ജെൻ സി മുസ്ലിം വിദ്യാർഥി-യുവജന സംഗമമായിരിക്കും ഇതെന്ന് സംഘാടകർ അവകാശപ്പെട്ടു.
വാർത്താസമ്മേളനത്തിൽ കെ.എൻ.എം സെക്രട്ടറി ഡോ. എ.ഐ. അബ്ദുൽ മജീദ് സ്വലാഹി, സ്വാഗതസംഘം ജനറൽ കൺവീനർ അമീൻ അസ്ലഹ്, എം.എസ്.എം കേരള പ്രസിഡന്റ് ഡോ. സുഹ്ഫി ഇംറാൻ, ജനറൽ സെക്രട്ടറി ജംഷീദ് ഇരിവേറ്റി, ട്രഷറർ ഡോ. ഷഫീഖ് ഹസൻ, ഓർഗനൈസിങ് സെക്രട്ടറി ഡോ. ഷഫീഖ് സ്വലാഹി, സെക്രട്ടേറിയറ്റ് അംഗം നാസിം റഹ്മാൻ എന്നിവരും പങ്കെടുത്തു.
Follow us on :
More in Related News
Please select your location.