Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജില്ലയിലെ കുടിവെള്ള വിതരണം; തടസങ്ങൾ സമയബന്ധിതമായി പരിഹരിക്കും

10 Nov 2026 20:11 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കോട്ടയം ജില്ലയിൽ കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധികൾ സമയബന്ധിതമായി പരിഹരിക്കാൻ നടപടി സ്വീകരിക്കാൻ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെയും ജലവിഭവ-ഭവനനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫിന്റെയും നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ജില്ലാ ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗം കുടിവെള്ള വിതരണവുമായും ജലജീവൻ മിഷനുമായും ബന്ധപ്പെട്ട് ഓരോ നിയമസഭാ നിയോജക മണ്ഡലത്തിലെയും നിലവിലെ സ്ഥിതി വിലയിരുത്തി.

ജൽജീവൻ മിഷന്റെ ഭാഗമായി നിലവിൽ നേരിടുന്ന ബുദ്ധിമുട്ടുകൾ എം.എൽഎമാരും തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷൻമാരും യോഗത്തിൽ അറിയിച്ചു. പദ്ധതിയുടെ പേരിൽ റോഡുകൾ മുറിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർദേശിച്ചു. ജനങ്ങളുടെയും ജനപ്രതിനിധികളുടെയും പരാതികളെ ഗൗരവത്തിലെടുത്ത് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജലജീവൻ മിഷൻ നിർവഹണത്തിനായി കേന്ദ്ര സർക്കാർ നീട്ടിനൽകിയ സമയപരിധിക്കുള്ളിൽതന്നെ ജില്ലയിലെ എല്ലാ പദ്ധതികളും പൂർത്തികരിക്കുന്നതിന് നടപടിയുണ്ടാകുമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച ജലവിഭവ-ഭവനിർമാണ വകുപ്പ് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു.

????മുടങ്ങിക്കിടക്കുന്ന പദ്ധതികളും പൂർത്തീകരിക്കും*

ജലജീവൻ മിഷനു കീഴിൽ സംസ്ഥാനത്ത് ആകെ നാനൂറ്റൻപതോളപ്രവൃത്തികൾ മുടങ്ങിക്കിടക്കുന്നുണ്ട്. കേന്ദ്ര സർക്കാർ നിർദേശിച്ച സമയത്തിനുള്ളിൽ നിർമാണ പ്രവർത്തികൾ നടത്താൻ കഴിയാതിരുന്നതാണ് കാരണം. ഈ വിഷയം പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ട്. മുടങ്ങിക്കിടക്കുന്നവയും നിലവിൽ നടന്നുകൊണ്ടിരിക്കുന്നവയും പൂർത്തീകരിച്ചാൽ മാത്രമേ ജില്ലയിൽ കുടിവെള്ള വിതരണം തൃപ്തികരമായി നടപ്പാക്കാൻ സാധിക്കു. അടുത്ത ഒരു വർഷത്തിനുള്ളിൽ പദ്ധതികളുടെ ഒന്നാം ഘട്ടം പൂർത്തിയാക്കി കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്- മന്ത്രി വ്യക്തമാക്കി.

​*എംഎൽഎമാരുടെ നേതൃത്വത്തിൽ പ്രത്യേക സമിതി*

ജലവിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും എംഎൽഎമാർ ചെയർമാൻമാരായി സ്റ്റാറ്റിയൂട്ടറി സമിതികൾ രൂപീകരിക്കും. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വാട്ടർ അതോറിറ്റി, ജലവിഭവം, പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളിലെയും കെ.എസ്.ഇ.ബിയിലെയും ഉദ്യോഗസ്ഥരും വനമേഖലയുള്ള സ്ഥലങ്ങളിൽ വനം വകുപ്പ് പ്രതിനിധികളും സമിതിയിൽ അംഗങ്ങളായിരിക്കും.

ഉദ്യോഗസ്ഥതലത്തിലുള്ള ഏകോപനമാണ് ഇതുവഴി പ്രധാനമായും ലക്ഷ്യമിടുന്നത്. അടുത്ത ജനുവരിയിൽ നിലവിൽ വരുന്ന ഈ സമിതികൾ എല്ലാ മാസവും യോഗം ചേരും. നിയോജക മണ്ഡലം തലത്തിൽ പരിഹരിക്കപ്പെടാത്ത വിഷയങ്ങൾ മൂന്നു മാസത്തിലൊരിക്കൽ ചേരുന്ന മന്ത്രിതല യോഗത്തിൽ പരിഗണിക്കും. ജല ജീവൻ മിഷനുവേണ്ടി റോഡുകൾ മുറിക്കുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ മന്ത്രിമാർ ചർച്ച നടത്തി പരിഹാരം കാണും.

വാട്ടർ അതോറിറ്റിയുടെ ബില്ലുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് ഡിസംബർ, ജനുവരി മാസങ്ങളിൽ അദാലത്തുകൾ സംഘടിപ്പിക്കും.

?? മെഡിക്കൽ കോളജിലേക്ക് പുതിയ പൈപ്പ് ലൈൻ

കോട്ടയം മെഡിക്കൽ കോളജിലേക്ക് നിലവിൽ വെള്ളമെത്തിക്കുന്ന പൈപ്പുകൾ ഏറെ കാലപ്പഴക്കം ചെന്നതാണ്. ഇവ നീക്കം ചെയ്ത് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പറഞ്ഞു. ഇതിനായി വേണ്ടിവരുന്ന 85 ലക്ഷം രൂപയിൽ 25 ലക്ഷം രൂപ ചെലവിടാമെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചിട്ടുണ്ട്. ബാക്കി 60 ലക്ഷം രൂപ വാട്ടർ അതോറിറ്റി നൽകും.

​???? പോളനിർമാർജ്ജനം; പ്രത്യേക യോഗം വിളിക്കും*

കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ പോള ശല്യം ഒഴിവാക്കുന്നതിനായി പ്രത്യേക പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യത ആരായുന്നതിന് കോട്ടയത്ത് പ്രത്യേക യോഗം വിളിക്കും. യോഗത്തിലെ നിർദേശങ്ങൾ പരിഗണിച്ച് പോള നിർമാർജനം യാഥാർത്ഥ്യമാക്കുന്നതിനും ജലാശയങ്ങളിലെ നീരൊഴുക്ക് സുഗമമാക്കുന്നതിനും നടപടിയുണ്ടാകും.

എംഎൽഎമാരായ നാട്ടകം സുരേഷ്, റോണി കെ. ബേബി, അഡ്വ. എം.ജെ. സെബാസ്റ്റ്യൻ, വിനു ജോബ് കുഴിമണ്ണിൽ, കെ.ബിനിമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, ജില്ലാ കളക്ടർ ചേതൻകുമാർ മീണ, വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ എസ്. പ്രേം കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, തദ്ദേശ സ്ഥാപന അധ്യക്ഷൻമാർ, വാട്ടർ അതോറിറ്റി ചീഫ് എൻജിനീയർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


​


Follow us on :

More in Related News