Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2024 07:37 IST
Share News :
ഈരാറ്റുപേട്ട: ഒരുനാടിന്റെ പ്രതീക്ഷയും പ്രാർഥനയും വിഫലമായി. നടക്കൽ മുല്ലൂപ്പാറ കടുക്കാപറമ്പിൽ ദിലീപിന്റെ ഭാര്യ തസ്നി (33) വേദനയും ദുരിതവുമില്ലാത്ത ലോകത്തേക്ക് യാത്രയായി. പ്രതിസന്ധികളിൽ തളരാതെ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഭർത്താവിന് തുണയായി കൂടെ നിന്ന തസ്നി ഇരട്ട പെറ്റ മക്കൾ ഉൾപ്പെടെ പറക്കമുറ്റാത്ത അഞ്ചുമക്കളെയും വിട്ട് കടന്നുപോയപ്പോൾ അവരുടെ വിയോഗം കുടുംബാംഗങ്ങൾക്കെന്നപോലെ നാട്ടുകാർക്കും നൊമ്പരമായി. ആശുപത്രിയിൽ നിന്നും അസുഖം ഭേദമായി തിരിച്ചുവരുമെന്ന് കരുതി കാത്തിരുന്നവർക്കു മുന്നിൽ തസ്നിയുടെ മൃതദേഹം എത്തിച്ചപ്പോൾ കണ്ടുനിന്ന മക്കളോടൊപ്പം കാണാനെത്തിയവരും വാവിട്ട് കരഞ്ഞു.
കുടുംബത്തിന്റെയും മക്കളുടെയും ഓരോ ആവശ്യങ്ങൾക്കുവേണ്ടി വിശ്രമമില്ലാത്ത ഓട്ടത്തിലായിരുന്നെങ്കിലും അയൽവാസികളുടെ എന്ത് ആവശ്യത്തിനും മുൻപന്തിയിലായിരുന്നു തസ്നി. ഞരമ്പ് സംബന്ധമായ അസുഖം കൊണ്ട് പ്രയാസപ്പെടുന്ന ഭർത്താവിന്റെ ചികിത്സക്കും കൂട്ടിനുണ്ടായിരുന്നത് തസ്നിയായിരുന്നു. ഭർത്താവ് ദിലീപ് സന്നദ്ധപ്രവർത്തനത്തിൽ സജീവമായി നിൽക്കുന്ന നന്മക്കൂട്ടത്തിന്റെ പ്രവർത്തകൻ കൂടിയാണ്. ആരോഗ്യവതിയായി ഓടി നടന്നിരുന്ന തസ്നിക്ക് പത്ത് ദിവസം മുമ്പാണ് ചെറിയ പനി അനുഭവപ്പെട്ടത്. ക്ഷീണം കൂടിയതോടെ പാലാ ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. രക്തത്തിലെ കൗണ്ട് കുറയുന്നതോടൊപ്പം തലയിലെ ഞരമ്പിനും സാരമായ പ്രശ്നം അനുഭപ്പെടുകയായിരുന്നു.
പകർച്ചപ്പനിയാകാം തലച്ചോറിന്റെ പ്രവർത്തനത്തിന് തടസ്സമായതെന്നും ഡോക്ടർമാർ പറയുന്നു. മരുന്നുകളോട് പ്രതികരിക്കാതെ വന്നതോടെ കഴിഞ്ഞ മൂന്ന് ദിവസമായി മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. തുടർന്നാണ് ഞായറാഴ്ച വൈകീട്ട് നാലുമണിക്ക് മരണത്തിന് കീഴടങ്ങിയത്. മരണവാർത്ത അറിഞ്ഞത് മുതൽ മുല്ലൂപ്പാറയിലെ വീട്ടിലേക്ക് ജനം ഒഴുകിയെത്തി. ആശുപത്രിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചു. രാത്രി 11 മണിക്ക് വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുഹ്യുദീൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.
Follow us on :
Tags:
More in Related News
Please select your location.