Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Dec 2024 21:34 IST
Share News :
കോട്ടയം: ഒറ്റപ്പെട്ട വീട്ടിൽ താമസിച്ച് വന്നിരുന്ന അമ്മയെയും ബലാൽസംഗം ചെയ്ത് മകളെയും കൊലപ്പെടുത്തിയെന്നാരോപിച്ച് മുണ്ടക്കയം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായ പോറ്റി സജി എന്ന് വിളിക്കുന്ന ഏന്തയാർ മൂത്തശ്ശേരിയിൽ വീട്ടിൽ പത്മനാഭൻ മകൻ സജിമോൻ എം പി യെ കോട്ടയം അഡീഷണൽ സെഷൻസ് ജഡ് ജ് പി മോഹനകൃഷ്ണൻ വെറുതെ വിട്ടു കൊണ്ട് ഉത്തരവായി.
കൂട്ടിക്കലിനടുത്ത് ചിലമ്പൻ കുന്നേൽ ഭാഗത്ത് എൺപത്തിരണ്ട് വയസുള്ള തങ്കമ്മ എന്ന സ്ത്രീയും നാല്പതുകാരിയായ മകൾ സിനിമോളും താമസിച്ച് വന്നിരുന്ന വീട്ടിൽ 2019 മാർച്ച് ഇരുപത്തൊൻപതാം തീയതി ആറുമണിയോടെ അതിക്രമിച്ച് കയറിയ പ്രതി ഒരു ചുറ്റിക ഉപയോഗിച്ച് ഇരുവരെയും അതിക്രൂരമായി കൊല ചെയ്യുകയായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കൂടാതെ കൊലപ്പെടുത്തുന്നതിനു മുൻപ് സിനിമോളെ ബലാൽസംഗത്തിനിരയാക്കിയെന്നും കേസിലുണ്ടായിരുന്നു. പ്രതി ഇവരുടെ പുരയിടത്തിലെ കൊക്കോ, റബ്ബർ കൃഷികൾ നോക്കി നടത്തിയിരുന്ന ആളായിരുന്നു. നാല് ദിവസം കഴിഞ്ഞ് അഴുകിയ നിലയിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടതോടെയാണ് കൊലപാതക വാർത്ത പുറം ലോകമറിയുന്നത്. സിനിമോളുടെ മൃതദേഹം വീടിൻ്റെ മുറ്റത്തായിരുന്നു കിടന്നത്.
കൃത്യം നടന്ന സമയത്ത് പ്രതി അവിടെ ചെന്നിട്ടില്ല എന്നായിരുന്നു പ്രതി ഭാഗം വാദം.
പ്രോസിക്യൂഷന് വേണ്ടി ആകെയുള്ള അറുപത്തിനാല് സാക്ഷികളിൽ നാല്പത്തതിനാല് പേരെ വിസ്തരിച്ച് തെളിവെടുത്തു. നാല്പത്തെട്ടു പ്രമാണങ്ങളും എട്ടു വസ്തുവകകളും തെളിവിൽ സ്വീകരിച്ചു. സാഹചര്യത്തെളിവുകൾ പരസ്പരം ബന്ധപ്പെടുത്തുന്നതിൽ പോലീസ് പരാജയപ്പെട്ടുവെന്നാണ് കോടതിയുടെ കണ്ടെത്തൽ. നാല് ദിവസം അഴുകിയതോടെ തെളിവുകൾ പൂർണ്ണമാക്കാനായില്ല. കൂടാതെ, ബലാൽസംഗവും മറ്റും തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ അമ്പേ പരാജയപ്പെട്ടു.
പ്രതിയ്‌ക്ക് വേണ്ടി കോട്ടയം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ ഡപ്യൂട്ടി ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ. പ്രിയ ആർ ചന്ദ്രൻ, അസിസ്റ്റന്റ് ഡിഫൻസ് കൗൺസൽ അഡ്വ. ജോസഫ് തോമസ് (ജോൺസൺ കാവാലം) എന്നിവരാണ് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ ഹാജരായത് .
Follow us on :
More in Related News
Please select your location.