Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭിന്നശേഷിക്കാരുടെ സംരക്ഷണം സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തം

03 Dec 2024 19:46 IST

CN Remya

Share News :

കോട്ടയം: ഭിന്നശേഷിക്കാരുടെ സംരക്ഷണം കുടുംബത്തിന്റെ മാത്രം ഉത്തരവാദിത്തമല്ലെന്നും സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്നും കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ബിന്ദു. സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ രാജ്യാന്തര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായുള്ള കോട്ടയം ജില്ലാതല പരിപാടി 'ഉണർവ്വ് 2024' ന്റെ ഉദ്ഘാടനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. ഭിന്നശേഷിയിൽപ്പെട്ടവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുന്നതിന് സംസ്ഥാന സർക്കാർ നിരവധി പദ്ധതികൾ നടപ്പാക്കുന്നുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ നിശ്ചിതശതമാനം ഭിന്നശേഷിക്കാർക്കായി മാറ്റിവയ്ക്കണമെന്ന് നിബന്ധനയുണ്ട്. എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ബഡ്സ് സ്‌കൂളുകൾ വേണമെന്നാണു സർക്കാർ നയം. കോട്ടയം ജില്ലയിൽ ഇതിനോടകം 20 തദ്ദേശ സ്ഥാപനങ്ങളിൽ ബഡ്‌സ് സ്‌കൂളുകൾ സ്ഥാപിക്കാനായിട്ടുണ്ട്. ഭിന്നശേഷിക്കാരായ കുട്ടികളുടെ അമ്മമാർക്കു ബഡ്‌സ് സ്‌കൂളുകളോടു ചേർന്നു തൊഴിൽ കണ്ടെത്തുന്നതിനുള്ള കൂടുതൽ സംരംഭങ്ങളുണ്ടാകണമെന്നും വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഇക്കാര്യത്തിൽ മാതൃകയാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

95 ശതമാനം കേഴ്‌വി പരിമിതിയുമായി ജനിച്ചിട്ടും ഇരുപത്തേഴാം വയസിൽ യു.പി.എസ്.സി. പരീക്ഷയിൽ ജയിച്ച് ഐ.എ.എസ്. നേടിയ കോട്ടയം സബ് കളക്ടർ ഡി. രഞ്ജിത്തിനെ യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു. ജന്മനാ പരിമിതികളുണ്ടായിട്ടും 15 വർഷത്തോളം നീണ്ട തീവ്രപരിശീലനത്തിലൂടെയാണ് തനിക്കു സംസാരിക്കാൻ സാധിച്ചതെന്ന് സബ് കളക്ടർ ഡി. രഞ്ജിത്ത് പറഞ്ഞു.

സ്‌പെയിനിൽ നടന്ന ഗോഥിയ കപ്പിൽ ജേതാക്കളായ ഇന്ത്യൻ സ്‌പെഷ്യൽ ഒളിമ്പിക് ദേശീയ ഫുട്‌ബോൾ ടീം അംഗങ്ങളായ കോട്ടയം സ്വദേശികളായ ആരോമൽ ജോസഫ്, അഭി ജോസ്, ബ്‌ളൈൻഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ടോമി ജോസഫ്, സാമൂഹികനീതിവകുപ്പിന്റെ വിജയാമൃതം പദ്ധതിയിലൂടെ എം.കോമിന് ഉന്നത വിജയം നേടിയ എൻ. അബ്ദുൾ ബാസിത്,  കലാകായിക മേഖലകളിൽ ഭിന്നശേഷിക്കാർക്കു കൂടുതൽ നേട്ടങ്ങൾ കൈവരിക്കുന്നതിനുള്ള സാമൂഹികനീതി വകുപ്പിന്റെ ശ്രേഷ്ഠ പദ്ധതിയിൽ പങ്കാളികളായ ആരോമൽ ജോസ്, സൗമ്യ സൈമൺ, വിറ്റോ പി. വിൽസൺ, ഐറിൻ ആൻ സിബി, സനീഷ് മാത്യൂ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ചടങ്ങിൽ കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. സബ് കളക്ടർ ഡി. രഞ്ജിത്ത്, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ്,  നഗരസഭാംഗം ജയമോൾ ജോസഫ്, ജില്ലാ സാമൂഹ്യനീതി ഓഫിസർ പി. പ്രദീപ്, സമഗ്ര ശിക്ഷാ കേരള ജില്ലാ കോർഡിനേറ്റർ കെ. ജെ. പ്രസാദ്, ഭിന്നശേഷി ജില്ലാതലകമ്മിറ്റി അംഗവും ഡി.എ.ഡബ്ല്യൂ.എഫ്. സംസ്ഥാന പ്രസിഡന്റുമായ കെ. കെ. സുരേഷ്, സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും കേരള എ.ഐ.ഡി. ചെയർമാനുമായ ഫാ. റോയി വടക്കേൽ, ഡി.എ.പി.സി. സംസ്ഥാന വൈസ് പ്രസിഡന്റ് സജിമോൻ ഇരവിനല്ലൂർ, ഹാൻഡികാപ്പ്ഡ് അസ്സോസിയേഷൻ ഓഫ് ഇന്ത്യയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ജേക്കബ് ളാക്കാട്ടൂർ, എന്നിവർ സംസാരിച്ചു.

Follow us on :

More in Related News