Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചേവായൂര്‍ ബാങ്ക് : കോണ്‍ഗ്രസ് മാര്‍ച്ചില്‍ പ്രതിഷേധം, ജലപീരങ്കി പ്രയോഗം, ഉന്തും തള്ളും

03 Dec 2024 21:18 IST

Fardis AV

Share News :


കോഴിക്കോട്: ചേവായൂര്‍ സര്‍വീസ് ബാങ്ക് തെരഞ്ഞെടുപ്പിലെ അട്ടിമറി ഇനിയും ആവര്‍ത്തിച്ചാല്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ പണം കോണ്‍ഗ്രസുകാര്‍ പൂര്‍ണമായും പിന്‍വലിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കേരളത്തിലെ സഹകരണബാങ്കുകളിലെ നിക്ഷേപം 75 ശതമാനവും യു.ഡി.എഫ് അനുഭാവികളുടേതാണ്. ഒന്ന് വിരല്‍ ഞൊടിച്ചാല്‍ അതെല്ലാം പിന്‍വലിക്കും. കോഴിക്കോട് ചേവായൂര്‍ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് പൊലിസിന്റെ സഹായത്തോടെ അട്ടിമറിച്ചതിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ ഓഫിസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയില്‍ നടത്തി പുതിയ ഭരണസമിതി ഉണ്ടാകുന്നില്ലെങ്കില്‍ സംസ്ഥാനത്തെ സര്‍വീസ് സഹകരണബാങ്കുകള്‍ മാലപ്പടക്കം പോലെ പൊട്ടും. ചേവായൂരില്‍ മാത്രം ഒരു ദിവസം കൊണ്ട് പിന്‍വലിച്ചത് കോടികളാണ്. നിക്ഷേപമില്ലെങ്കില്‍ ഏത് ബാങ്കിനാണ് നിലനില്‍ക്കാനാവുക. അത് എല്ലാറ്റിനും നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും സി.പി.എം നേതൃത്വവും ഓര്‍ത്താല്‍ നല്ലതാകും. പൊലിസിലെ സി.പി.എമ്മുകാരെ ഉപയോഗിച്ച് എല്ലാകാലവും ഇതെല്ലാം അട്ടിമറിക്കാമെന്ന് കരുതുന്നത് ശരിയല്ല. കേരളത്തിലെ സഹകരണ മേഖല നിലനില്‍ക്കെണമെന്ന് ആഗ്രഹിച്ചാണ് ഇത്രയും കാലം കോണ്‍ഗ്രസും യു.ഡി.എഫും പ്രവര്‍ത്തിച്ചത്. അങ്ങനെ വേണ്ടയെന്നാണ് കരുതുന്നതെങ്കില്‍ തിരിച്ചടിയുണ്ടാവും. ചേവായൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് അട്ടിമറിച്ച് അധികാരത്തിലേറിയവരെ മാറ്റണം. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടക്കണം. പുതിയ ഭരണസമിതി നിലവില്‍ വന്നാല്‍ കോണ്‍ഗ്രസും സഹകരിക്കും. അല്ലെങ്കില്‍ ഇനി അങ്ങോട്ട് ഒരു സഹകരണവും പ്രതീക്ഷിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു.

ടി. സിദ്ദീഖ് എം.എല്‍.എ, എന്‍. സുബ്രഹ്മണ്യന്‍, പി.എം നിയാസ്, കെ.സി അബു, കെ. ബാലനാരായണന്‍, കെ.എം അഭിജിത്ത്, സത്യന്‍ കടിയങ്ങാട്, കെ. രാമചന്ദ്രന്‍, കെ. ബാലകൃഷ്ണന്‍ കിടാവ്, നിജേഷ് അരവിന്ദ്, ദിനേശ് പെരുമണ്ണ, വിദ്യ ബാലകൃഷ്ണന്‍, ആര്‍ ഷഹിന്‍, എം.പി ആദംമുല്‍സി, വി.ടി സൂരജ് സംസാരിച്ചു.

 റെഡ് അലര്‍ട്ട് പോലും വകവയ്ക്കാതെയായിരുന്നു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്ത്രീകളുള്‍പ്പെടെയുള്ള ആയിരക്കണക്കിന്പ്രവര്‍ത്തകര്‍ മാര്‍ച്ചിനായി എത്തിയത്. ഇതോടെ നഗരഹൃദയമായ മാനാഞ്ചിറ സ്ക്വയർ മണിക്കൂറുകളോളം

പ്രതിഷേധാഗ്‌നിയില്‍ മുങ്ങി. മാനാഞ്ചിറ വഴിയുള്ള ഗതാഗതം പോലീസ് തിരിച്ചുവിടുകയും കാല്‍നടയാത്രക്കാരെ പോലും അതുവഴി കടക്കാന്‍ അനുവദിക്കാതിരിക്കുകയും ചെയ്തതോടെ മൂന്നുമണിക്കൂറോളമാണ് നഗരം ഭാഗികമായി സ്തംഭിച്ചത്. ഉദ്ഘാടനത്തിന് ശേഷം സമരക്കാരെ പിരിച്ചുവിടാന്‍ പൊലിസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പൊലിസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയുമുണ്ടായെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. അതിനിടെ പൊലിസിന് നേരെ പ്രവര്‍ത്തകര്‍ വെള്ളക്കുപ്പിയും കൊടികെട്ടിയ പൈപ്പും കല്ലും വലിച്ചെറിഞ്ഞു. ഇതേ തുടര്‍ന്ന് കുന്നമംഗലം ഇന്‍സ്പക്ടര്‍ എസ്.കിരണിന്റെ കൈയ്ക്ക് പരുക്കേറ്റു. ജലപീരങ്കി വാഹനമായ വരുണിന്റെ കണ്ണാടിയും റിഫല്‍ക്ടറും തകര്‍ന്നു. പ്രതിഷേധസമരവുമായി ബന്ധപ്പെട്ട് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി അബു,

 ദിനേശ് പെരുമണ്ണ എന്നിവരുള്‍പ്പെടെ 32 ഓളം പേരെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടയച്ചു. കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കെതിരെയും കസബ പൊലിസ് കേസെടുത്തിട്ടുണ്ട്. ഗതാഗതം തടസപ്പെടുത്തിയതിനാണ് കേസ്.

Follow us on :

More in Related News