Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാര്യയെ കൊലചെയ്ത് കൊക്കയിൽ ഉപേക്ഷിച്ച സംഭവം; പ്രതി സാം ജോർജിന്റെ കാറിനുള്ളിൽ നിന്നും വാക്കത്തി കണ്ടെത്തി.

04 Oct 2025 20:39 IST

santhosh sharma.v

Share News :

കോട്ടയം : പരസ്ത്രീ ബന്ധം ചോദ്യം ചെയ്തതിനെ തുടർന്ന് ഭർത്താവ് ഭാര്യയെ കൊന്ന് കൊക്കയിൽ തള്ളിയ സംഭവത്തിൽ പ്രതി സാം ജോർജിന്റെ കാറിനുള്ളിൽ നിന്നും കൊലക്കായി ഉപയോഗിച്ച വാക്കത്തി കണ്ടെടുത്തു. ശനിയാഴ്ച വൈകിട്ട് കോട്ടയം ശാസ്ത്രി റോഡിൽ ലോഗോസ് ജംഗ്ഷന് സമീപം ഉപേക്ഷിച്ച പ്രതിയുടെ വാഹനത്തിൽ ഫോറൻസിക് സംഘത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് വാഹനത്തിൽ നിന്നും വാക്കത്തി കണ്ടെത്തിയത്.

കാണക്കാരി രഗ്നഗിരി പള്ളിക്ക് സമീപം കപ്പടക്കുന്നേൽ സാം ജോർജ് (59) ആണ് ഭാര്യ ജെസി സാമിനെ (49) കൊലപ്പെടുത്തി ഉടുമ്പന്നൂർ ഭാഗത്ത് ഉപേക്ഷിച്ചത്. കഴിഞ്ഞ 26 മുതലാണ് ജെസിയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പോലീസിൽ പരാതിപ്പെട്ടത്. ഇവരുടെ ഫോണിൽ വിളിച്ചിട്ടു കിട്ടുന്നില്ലെന്ന് വിദേശത്ത് ജോലി ചെയ്തിരുന്ന മക്കളാണ് ആദ്യം പരാതി ഉന്നയിച്ചത്. തുടർന്ന് പോലീസ് സംഘം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെയാണ് ഭർത്താവ് സാം മൈസൂരിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് പോലീസ് സംഘം മൈസൂരിൽ നിന്നും സാമിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സാം ജെസിയെ വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. രാത്രിയിൽ മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റിയ സാം ഇതുമായി ഇടുക്കി ഉടുമ്പന്നൂർ ഭാഗത്ത് റോഡിൽ നിന്നും 30അടി താഴ്ചയിലേയ്ക്ക് കൊക്കയിൽ തള്ളിയിടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവിടെ നിന്നും അഴുകിയ നിലയിലുള്ള മൃതദേഹം പോലിസ് കണ്ടെത്തിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതി സാം ജോർജിനെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു.

മൃതദേഹം ഒളിപ്പിച്ച് കൊണ്ടുപോയ വാഹനം കോട്ടയം ശാസ്ത്രീ റോഡിൽ പാർക്ക് ചെയ്ത നിലയിൽ പോലീസ് കണ്ടെത്തിയത്. വൈക്കം ഡിവൈഎസ്പി ടി.പി വിജയൻ്റെ നേതൃത്വത്തിൽ കുറവിലങ്ങാട് എസ് എച്ച് ഒ ഇ. അജീബ്, എസ് ഐമാരായ മഹേഷ്,വിനോദ്, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലത്തെത്തിച്ച് പരിശോധന നടന്നത്.

Follow us on :

More in Related News