Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശ്മശാനത്തിൽ വെള്ളിയാഴ്ച്ച നടന്ന അത്യന്തം ദൗർഭാഗ്യകരമായ സംഭവം മുൻ എൽഡിഎഫ് ഭരണസമിതിയുടെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും തെളിവാണെന്ന്..

18 Apr 2026 17:19 IST

MUKUNDAN

Share News :

ചാവക്കാട്:പുന്നയൂർ ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ വെള്ളിയാഴ്ച്ച നടന്ന അത്യന്തം ദൗർഭാഗ്യകരമായ സംഭവം മുൻ എൽഡിഎഫ് ഭരണസമിതിയുടെ അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും തെളിവാണെന്ന് യുഡിഎഫ് ഭരണസമിതി പറഞ്ഞു.ദഹിപ്പിക്കാൻ കൊണ്ടുവന്ന മൃതദേഹം യന്ത്ര തകരാർ മൂലം പകുതി മാത്രം കത്തിയ നിലയിൽ മണിക്കൂറുകളോളം കിടക്കേണ്ടി വന്ന സാഹചര്യം ഒരു പരിഷ്കൃത സമൂഹത്തിന് തന്നെ അപമാനമാണ്.കഴിഞ്ഞ എൽഡിഎഫ് ഭരണസമിതി വലിയ അവകാശവാദങ്ങളോടെയും അഹങ്കാരത്തോടെയും ധൃതിപിടിച്ചാണ് ശ്മശാന മണ്ഡപത്തിന്റെ പണികൾ പൂർത്തിയാക്കിയത്.ഗുണനിലവാരമില്ലാത്ത യന്ത്രസാമഗ്രികൾ വാങ്ങിയതിനും വേണ്ടത്ര പഠനം നടത്താതെ പദ്ധതി നടപ്പിലാക്കിയതിനും പിന്നിൽ വലിയ അഴിമതി നടന്നുവെന്ന ആരോപണം ഇപ്പോൾ ശരിവെക്കപ്പെട്ടിരിക്കുകയാണ്.ഉത്തരവാദിത്തമില്ലാത്ത ഏജൻസിയെയാണ് മെഷീനറിയുടെ ചുമതല ഏൽപ്പിച്ചത് എന്നത് ഇതിന് ആക്കം കൂട്ടുന്നു.​യന്ത്ര തകരാർ മൂലം മൃതദേഹത്തിന്റെ കാലുകൾ മാത്രം കത്തുകയും ബാക്കിഭാഗം മൂന്ന് മണിക്കൂറിലധികം അനാഥമായി കിടക്കുകയും ചെയ്തു എന്നത് മൃതദേഹത്തോടുള്ള അനാദരവും മനസാക്ഷിയെ മരവിപ്പിക്കുന്നതുമാണ്.ഏജൻസി അധികൃതർ വൈകിയെത്തി തകരാർ പരിഹരിച്ചുവെങ്കിലും,അന്ത്യകർമ്മങ്ങൾ പോലും മാന്യമായി നടത്താൻ കഴിയാത്ത വിധം ദുർബലമായ ഒരു സംവിധാനമാണ് എൽഡിഎഫ് ഭരണസമിതി ഇവിടെ ഒരുക്കിയിരിക്കുന്നത്.മുൻ ഭരണസമിതിയുടെ ഈ വീഴ്ച്ചകൾ പരിഹരിക്കാനും ജനങ്ങൾക്ക് അർഹമായ സേവനം ഉറപ്പുവരുത്താനും യുഡിഎഫ് ഭരണസമിതി ക്രിയാത്മകമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്.അഴിമതിയുടെ പേരിൽ ഈ ശ്മശാനത്തെ തകർക്കാൻ ശ്രമിച്ചവർ വിശ്വാസികളോടും പൊതുജനങ്ങളോടും മാപ്പ് പറയണമെന്ന് യുഡിഎഫ് ഭരണസമിതി ആവശ്യപ്പെട്ടു.മരിച്ചവരോട് പോലും അനാദരവ് കാണിക്കുന്ന ഇത്തരം 'അഴിമതി പ്രകടനങ്ങൾ' അനുവദിക്കില്ലെന്നും,ഇതിന് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് റസ്ല റഹീം,വൈസ് പ്രസിഡന്റ് ഐ.പി.രാജേന്ദ്രൻ എന്നിവർ അറിയിച്ചു.


Follow us on :

More in Related News