Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മുറിഞ്ഞപുഴയിൽ വള്ളം മറിഞ്ഞുണ്ടായ അപകടം; കായലിൽ കാണാതായ യുവാവിനെ കണ്ടെത്താനായില്ല.

28 Jul 2025 22:24 IST

santhosh sharma.v

Share News :

വൈക്കം: മുറിഞ്ഞപുഴയിലെ

വേമ്പനാട്ടു കായലിൻ്റെ നടുത്തുരുത്ത് 

ഭാഗത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. അപകടത്തിൽപ്പെട്ട വള്ളത്തിൽ പിടിച്ച് കിടന്ന മറ്റ് 22 യാത്രക്കാരെ നാട്ടുകാരും സമീപത്തെ മറ്റു വള്ളങ്ങളും എത്തി രക്ഷപ്പെടുത്തി. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. 

പാണാവള്ളി പണിക്കെടത്ത് വീട്ടിൽ സുമേഷ് (കണ്ണൻ -45) നെയാണ് കാണാതായത്. കാട്ടിക്കുന്ന് തുരുത്തേ ലുള്ള ബിന്ദുവിൻ്റെ സംസ്ക്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം പാണാവള്ളിയിലേക്ക് മടങ്ങുകയായിരുന്ന മരിച്ച ബിന്ദുവിൻ്റെ ഭർത്താവ് മുരളിയുടെ ബന്ധുക്കളും സുഹൃത്തുക്കളും സഞ്ചരിച്ച എൻജിൻ ഘടിപ്പിച്ച വള്ളമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൻ ഉൾപ്പടെ 23 പേരാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. 

തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ ശക്തമായ കാറ്റിലും തിരയിലും അടിയുലഞ്ഞ വള്ളം ഒരു വശത്തേക്ക് മറിയുകയായിരുന്നു. സംഭവം ആദ്യം കണ്ട മത്സ്യ തൊഴിലാളിയായ പെരുമ്പളം സ്വദേശി ശിവനാണ് രക്ഷക്കെത്തിയത്. തന്റെ ഉപജീവനമാർഗമായ കക്കായിറച്ചിയുമായി വള്ളത്തിൽ മാർക്കറ്റിൽ കൊടുക്കാൻ പോകുന്ന വഴിയാണ് നിറയെ യാത്രക്കാരുമായി പാണാവള്ളി ഭാഗത്തേക്ക് പോകുന്ന വള്ളം ശക്തമായ കാറ്റിൽ ആടിയുലയുന്നതും പിന്നീട് മറിയുന്നതും കണ്ടത്. ഉടൻ അപകടസ്ഥലത്തേക്ക് വേഗത്തിൽ വള്ളത്തിൽ എത്തിയ ശിവൻ അപകടത്തിൽപ്പെട്ട വള്ളത്തിലുണ്ടായിരുന്ന പ്രായമായ സ്ത്രീകൾ ഉൾപ്പടെയുള്ള 10 ഓളം പേരെ തന്റെ വള്ളത്തിന്റെ ഇരുവശങ്ങളിലും പിടിച്ചു കിടക്കുവാൻ സഹായിച്ചത്.

തുടർന്ന് കരച്ചിലും ബഹളവും കേട്ട് മറ്റ് നാട്ടുകാർ ഓടിയെത്തിയാണ് അപകടത്തിൽപ്പെട്ട വള്ളത്തിൽ ഉൾപ്പടെ പിടിച്ച് കിടന്നവരെ സുരക്ഷിതമായി കരക്കെത്തിച്ചത്. വള്ളം മറിഞ്ഞതിനെ തുടർന്ന് കരയിലേക്ക് നീന്തിയ കണ്ണൻ ഇതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്സും, ഫയർ ഫോഴ്സ് ബോട്ടുകളും, സ്കൂബാ ടീം അംഗങ്ങളും വൈക്കം പോലീസും സ്ഥലത്തെത്തി കാണാതായ കണ്ണനായി വേമ്പനാട്ടു കായലിൽ തിരച്ചിൽ നടത്തുകയായിരുന്നു.കരച്ചിലും ബഹളവും തുരുത്ത് ഭാഗത്തെ നാട്ടുകാരും സമീപത്തെ മത്സ്യബന്ധന വള്ളങ്ങളും മറ്റും ഉടൻ എത്തി രക്ഷാപ്രവർത്തനം നടത്തിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. രക്ഷപ്പെടുത്തി കരയിൽ എത്തിച്ചെങ്കിലും പിന്നീട് ശ്വാസതടസ്സവും ശാരീരിക അസ്വാസ്യവും ഉണ്ടായതിനെ തുടർന്ന് പാണാവള്ളി സ്വദേശികളായ വല്ലി (57), ബിന്ദു (51) എന്നിവരെ വൈക്കം താലൂക്ക് ആശുപത്രിയിൽ പിന്നീട് പ്രവേശിപ്പിക്കുകയായിരുന്നു. കാണാതായ യുവാവിനായി രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കണ്ടേത്താനായില്ല.ചൊവ്വാഴ്ച പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കും. മുരളിയുടെ അടുത്ത സുഹൃത്താണ് കാണാതായ കണ്ണൻ.

Follow us on :

More in Related News