Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായി പുതുക്കിയ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്കും ഇപ്പോൾ പേരുചേർക്കാം.

28 Jul 2025 19:33 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: തദ്ദേശതിരഞ്ഞെടുപ്പിനു മുന്നോടിയായി പുതുക്കിയ വോട്ടർപട്ടികയിൽ പ്രവാസി ഭാരതീയർക്കും ഇപ്പോൾ പേരുചേർക്കാം. ഇതിനായി ഫാറം 4എ യിൽ അപേക്ഷ നൽകണം. പ്രവാസി വോട്ടർപട്ടികയിൽ പേരു ചേർക്കുന്നതിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ www.sec.kerala.gov.in വെബ് സൈറ്റിലുണ്ട്. അപേക്ഷകർക്ക് 2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ്സ് പൂർത്തിയായിരിക്കണം.

പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള കേരളത്തിലെ താമസസ്ഥലം ഉൾപ്പെടുന്ന തദ്ദേശസ്ഥാപനത്തിലെ ബന്ധപ്പെട്ട ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർക്ക് (ഇ.ആർ.ഒ) അപേക്ഷ ഓൺലൈനായി നൽകണം. ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവടങ്ങളിൽ അതത് സെക്രട്ടറിമാരും കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയുമാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർ.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in എന്ന വെബ് സൈറ്റിൽ മൊബൈൽ നമ്പർ നൽകി സിറ്റിസൺ രജിസ്ട്രേഷൻ നടത്തണം. 'പ്രവാസി അഡീഷൻ' കോളം ക്‌ളിക് ചെയ്ത് ലോഗിൻ ചെയ്യണം.

അപേക്ഷകന്റെ പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള പേരും മറ്റു വിവരങ്ങളും നൽകി എല്ലാ കോളങ്ങളും പൂരിപ്പിക്കണം.

വിദേശരാജ്യത്ത് താമസിക്കുന്നതും വിദേശരാജ്യത്തിന്റെ പൗരത്വം സ്വീകരിച്ചിട്ടില്ലാത്തതുമായ ഇന്ത്യൻപൗരനായിരിക്കണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടിൽ ഒപ്പ് രേഖപ്പെടുത്തി നിലവിലുള്ള പാസ്‌പോർട്ടിൽ രേഖപ്പെടുത്തിയിട്ടുള്ള നാട്ടിലെ സാധാരണ താമസസ്ഥലത്തെ തദ്ദേശസ്ഥാപനത്തിലെ ഇ.ആർ.ഒയ്ക്ക് നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ അപേക്ഷ നൽകണം.

ഉൾപ്പെടുത്തേണ്ട രേഖകൾ:

സമീപകാലത്ത് എടുത്ത പാസ്‌പോർട്ട് സൈസ് കളർഫോട്ടോ((3.5 സെ.മീ x 4.5 സെ.മീ വലിപ്പത്തിലുള്ളത്). ഫോട്ടോ ഓൺലൈനായി അപ്ലോഡ് ചെയ്യാത്തവർ വെള്ള പശ്ചാത്തലത്തിൽ അപേക്ഷകന്റെ മുഖം വ്യക്തമായി കാണത്തക്കവിധം ഉള്ള ഫോട്ടോ അപേക്ഷയുടെ നിശ്ചിതസ്ഥാനത്ത് പതിക്കേണ്ടതാണ്.

അപേക്ഷയുടെ പ്രിന്റൗട്ട് തപാൽ മുഖേന അയക്കുകയാണെങ്കിൽ അപേക്ഷകന്റെ വിസ മുദ്രണം ചെയ്തതുൾപ്പെടെയുള്ളതും പാസ്‌പോർട്ടിലെ ഫോട്ടോ, മറ്റു വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പേജുകളുടെ ശരിപകർപ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.

അപേക്ഷ നേരിട്ട് ഇ.ആർ.ഒ.യ്ക്ക് സമർപ്പിക്കുകയാണെങ്കിൽ പാസ്‌പോർട്ടിലെ പ്രസക്തഭാഗങ്ങളുടെ ശരിപ്പകർപ്പ് ഉള്ളടക്കം ചെയ്യുന്നതോടൊപ്പം അസ്സൽ പാസ്‌പോർട്ട് അപേക്ഷയോടൊപ്പം പരിശോധനയ്ക്കായി ഹാജരാക്കേണ്ടതും പരിശോധന കഴിഞ്ഞ് തിരികെ വാങ്ങേണ്ടതുമാണ്.

ഇപ്രകാരം വോട്ടർപട്ടികയിൽ ഉൾപ്പെട്ട പ്രവാസി വോട്ടർക്ക് പോളിങ് സ്റ്റേഷനിൽ പാസ്‌പോർട്ട് സഹിതം ഹാജരാകുന്നപക്ഷം ആ വാർഡിലെ തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്താവുന്നതാണ്.





Follow us on :

More in Related News