Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Jul 2025 04:50 IST
Share News :
ദെയ്റൽ ബലാഹ് (ഗാസ) - ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടു. ഖാൻ യൂനിസ് നഗരത്തിനു സമീപത്തായി രണ്ടിടങ്ങളിൽ വീടുകൾക്കു നേരെയുണ്ടായ ആക്രമണത്തിൽ 23 പേർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു യുവതിയുടെ ഉദരത്തിൽ ഏഴുമാസം പ്രായമായ കുഞ്ഞുണ്ടായിരുന്നു. സങ്കീർണമായൊരു ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തെങ്കിലും ആ കുരുന്നു ജീവനും പൊലിഞ്ഞു.
ആഹാരത്തിനായി കാത്തുനിൽക്കുമ്പോഴാണ് 25 പേർ കൊല്ലപ്പെട്ടത്. എന്നാൽ ഗാസയിലെ ജനങ്ങളെ പട്ടിണിക്കിടണമെന്ന നയം ഇസ്രയേലിനില്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അവകാശപ്പെട്ടു..
ഭക്ഷണവും മരുന്നും ഉൾപ്പെടെ എത്തിക്കുന്നതിനു അൽ മവാസി, ദെയ്റൽ ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളിൽ ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെ സൈനിക നടപടി നിർത്തിവയ്ക്കുമെന്ന് ഇസ്രയേൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഗാസയിലെ മനുഷ്യർക്ക് ആഹാരം എത്തിക്കുന്നതിനാണ് ഒന്നാമത്തെ പരിഗണനയെന്നും പലസ്തീനു രാഷ്ട്രപദവി നൽകുന്ന കാര്യത്തിൽ ഇപ്പോൾ നിലപാടെടുക്കുന്നില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വേണ്ട നടപടിയെടുക്കാൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ട ട്രംപ്, അടിയന്തര സഹായമെത്തിക്കാൻ യുഎസ് 60 മില്യൻ ഡോളർ നൽകിയതായും പറഞ്ഞു.
ഹമാസുമായുള്ള ഇടപെടൽ അതീവ ദുഷ്കരമായെന്നു പറഞ്ഞ ട്രംപ് അവസാനത്തെ 20 ബന്ദികളെ കൈമാറാൻ അവർ തയാറാകാത്തതാണു പ്രശ്നമെന്നും സൂചിപ്പിച്ചു. ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമറിനൊപ്പം സ്കോട്‌ലൻഡിൽ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഗാസയിലെ ഭരണത്തിൽ ഭാവിയിൽ ഹമാസിനു പങ്കുണ്ടാകില്ലെന്ന് സ്റ്റാമർ പറഞ്ഞു.
യൂറോപ്യൻ യൂണിയന്റെ ഹൊറൈസൺ ഗവേഷണ ഫണ്ട് ഇസ്രയേലിനു നൽകുന്നതു മരവിപ്പിക്കാൻ നീക്കമുണ്ട്. ഗാസയിൽ കൂടുതൽ സഹായം എത്തിക്കാൻ ഇസ്രയേലിനുമേൽ സമ്മർദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്. യൂറോപ്യൻ കമ്മിഷണർമാരുടെ യോഗം ഇക്കാര്യം ചർച്ച ചെയ്യും.
Follow us on :
More in Related News
Please select your location.