Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് അമീനയുടെ മരണം ; ആശുപത്രി മുൻ ജനറല്‍ മാനേജർ എൻ.അബ്ദുല്‍റഹ്‌മാൻ അറസ്റ്റിൽ

23 Jul 2025 20:23 IST

Jithu Vijay

Share News :

മലപ്പുറം : കുറ്റിപ്പുറം അമാന ആശുപത്രിയിലെ നഴ്‌സ് അമീന മരിച്ച സംഭവത്തില്‍ ആശുപത്രി മുൻ ജനറല്‍ മാനേജർ എൻ.അബ്ദുല്‍റഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിലായ അബ്ദുല്‍റഹ്‌മാനെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം മണിക്കൂറുകളോളം ചോദ്യം ചെയ്തതിന് ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.


ഇന്നലെ വൈകീട്ടോടെയാണ് അബ്ദുല്‍റഹ്‌മാനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസങ്ങളില്‍ അമീനയുടെ സഹപ്രവർത്തകരുടെയും നേരത്തെ അമാന ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാരടക്കമുളള ജീവനക്കാരുടെയും മൊഴികള്‍ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച അമീനയുടെ മാതാപിതാക്കളുടെയും സഹോദരിയുടെയും മൊഴികള്‍ കോതമംഗലം പല്ലാരിമംഗലത്തെ വീട്ടിലെത്തി പോലീസ് എടുത്തിരുന്നു. കേസില്‍ നിർണായകമായ വിവരങ്ങളടങ്ങുന്ന മൊഴികളാണ് പോലീസിന് കുടുംബം നല്‍കിയത്.


ഈ മാസം 12ന് വൈകീട്ടോടെയാണ് നഴ്‌സ് അമീനയെ ആശുപത്രിയുടെ ഹോസ്റ്റല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. അബോധാവസ്ഥയിലായ അമീനയെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അമിതയളവില്‍ മരുന്ന് കഴിച്ചതിനെ തുടർന്നാണ് അമീന മരിച്ചത്. ജനറല്‍ മാനേജർ എൻ. അബ്ദുല്‍റഹ്‌മാന്റെ മാനസിക പീഢനത്തെ തുടർന്നാണ് അമീന ആത്മഹത്യ ചെയ്തതെന്ന ആക്ഷേപമുയർന്നിരുന്നു.


സംഭവത്തെ തുടർന്ന് ആരോപണ വിധേയനായ അബ്ദുല്‍റഹ്‌മാൻ ഒളിവില്‍ പോയി. ഇതോടെ നഴ്‌സുമാരുടെ സംഘടനകളും വിവിധ പാർട്ടികളും അമാന ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിച്ചിരുന്നു. അബ്ദുല്‍റഹ്‌മാനെതിരേ നഴ്‌സുമാരും സംഘകടനകളും പോലീസിൽ പരാതി നല്‍കി. അമീനയുടെ കുടുംബം മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിയ്ക്കും ഡി.ജി.പിക്കും മലപ്പുറം എസ്.പിക്കും പരാതി നല്‍കി. ഇതോടെ തിരൂർ ഡി.വൈ.എസ്.പി സി.പ്രേമാനന്ദ കൃഷ്ണൻ കേസ് ഏറ്റെടുക്കുകയായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അബ്ദുല്‍റഹ്‌മാൻ ഇന്നലെ അറസ്റ്റിലാകുന്നത്.

Follow us on :

More in Related News