Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർഷിക സമൃദ്ധിയിൽ മുന്നേറി തമിഴ്നാട് ; തരിശും പാഴ് നിലവുമായി കേരളത്തിലെ വിളനിലങ്ങൾ

06 Oct 2024 10:43 IST

ജേർണലിസ്റ്റ്

Share News :

ഇടുക്കി : കേര നിരകൾ നിറഞ്ഞ കാർഷിക പെരുമ. പച്ചപ്പിൽ കണ്ണെത്താ ദൂരം നെൽവയലുകൾ. എങ്ങും ഹരിതാഭമായ ഗ്രാമ ഭംഗി. ഒരു നാൾ വരണ്ട ഭൂമികളായിരുന്ന തമിഴ് നാടൻ ഗ്രാമങ്ങളിലെ ഇന്നത്തെ കാഴ്ചയാണിത്. കേരളത്തിൻ്റെ പെരുമ നിലനിന്നിരുന്ന കാഴ്ചകൾ കാണണമെങ്കിൽ തമിഴ്നാട്ടിലെ കാർഷിക ഗ്രാമങ്ങളിൽ എത്തണം. ഇന്നും അഭിമാനത്തോടെ കാർഷിക പെരുമ പറയുന്ന കേരളത്തിലെ കാർഷിക സമൃദ്ധി തമിഴ്നാട്ടിലെ നേർക്കാഴ്ചകളായി ഇന്ന് മാറി. ഇന്ന് കേരളത്തിലെ ഗ്രാമഭംഗിയിൽ കേരനിരകളില്ല, പച്ചപ്പ് പുതച്ച നെൽപ്പാടങ്ങൾ ഇല്ല. പകരം തരിശ് നിലങ്ങളും കോൺക്രീറ്റ് കെട്ടിടങ്ങളും കാടുപടർപ്പുകൾ നിറഞ്ഞ കാർഷിക നിലങ്ങളും മാത്രം. കാർഷിക പുനരുദ്ധാരണ പദ്ധതികളും കർഷക ഉന്നമന സംഘങ്ങളും നിരവധി ഉണ്ടെങ്കിലും ഇതെല്ലാം കോടികൾ കൈക്കലാക്കാനുള്ള വഴികൾ മാത്രം. കാർഷിക ഉല്പന്നങ്ങൾ വേണമെങ്കിൽ തമിഴ്നാടിനെ ആശ്രയിക്കേണ്ട സ്ഥിതിവിശേഷം ഇപ്പോൾ ഉള്ളത്. നിലവിൽ അന്യസംസ്ഥാനങ്ങളിലെ കാർഷിക സമൃദ്ധിയിൽ അന്നം മുട്ടാതെ കേരളം മുന്നോട്ടു പോകുന്നു എന്നതാണ് വാസ്തവം.

  സുഭിക്ഷ കേരളം, സുസ്ഥിര നെൽകൃഷി വികസനം, കൃഷിയിട ഉല്പാദന പദ്ധതി, ഒരു മുറം പച്ചക്കറി, കേരഗ്രാമം ഇങ്ങനെ നീളുന്നു കൃഷിവകുപ്പിൻ്റെ പദ്ധതികളുടെ എണ്ണം. സർക്കാർ നടപ്പിലാക്കിയ ഏതെങ്കിലും പദ്ധതി പാതി ഘട്ടത്തിൽപ്പോലും എത്തിയ്ക്കാൻ കഴിഞ്ഞെന്ന് അധികൃതർക്ക് അവകാശപ്പെടാനാകില്ല എന്നതും സത്യം. ഓരോ പദ്ധതികൾ നടപ്പിലാക്കുമ്പോഴും പദ്ധതിനടത്തിപ്പിനായി പിൻവാതിൽ നിയമനവും, താൽക്കാലിക നിയമനവും വഴി ലക്ഷങ്ങൾ സർക്കാരിന് അധിക ബാധ്യത മാത്രം. കഴിഞ്ഞ ഓണത്തിന് ഓരോ പഞ്ചായത്തുകളിലും കൃഷി വകുപ്പുകൾ നടപ്പിലാക്കിയ ഓണച്ചന്തകളിൽ എത്തിയ പച്ചക്കറികളിൽ മുഖ്യഭാഗവും എത്തിച്ചത് തമിഴ്നാട്ടിൽ നിന്നുമാണെന്നത് പച്ചയായ യാഥാർത്ഥ്യമാണ്. യഥാർത്ഥ കർഷകരിലേയ്ക്ക് സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രയോജനം എത്തുന്നില്ല എന്നതും, ഉദ്യോഗസ്ഥ അവഗണനയിൽ മനസ് മടുത്ത് കൃഷി ഉപേക്ഷിക്കുന്ന അവസ്ഥയുമാണ് കാർഷിക പെരുമയ്ക്ക് മങ്ങലേൽപ്പിച്ചത്.


അതേസമയം അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെ കാർഷികസ്ഥിതി നേരെ മറിച്ചാണ്. അത്യുഷ്ണവും ജലലഭ്യതക്കുറവും മൂലം ഒരു കാലത്ത് ഉണങ്ങി വരണ്ട തമിഴ് ഗ്രാമങ്ങൾ സർക്കാരിൻ്റെ ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനം മൂലം ഇന്ന് കാർഷിക സമൃദ്ധിയിൽ മുന്നേറുകയാണ്. വിത്ത് മുതൽ വിപണനം വരെയുള്ള സർക്കാരിൻ്റെ ആസൂത്രണമാണ് ഈ കാർഷിക പെരുമയ്ക്ക് കാതലായ മാറ്റം ഉണ്ടാക്കിയത്. കൃഷി തുടങ്ങും മുൻപേ സഹായ വാഗ്ദാനങ്ങളുമായി സർക്കാർ പ്രതിനിധികൾ കർഷകരെ തേടിയെത്തും. വിത്തിന് മുതൽ തുള്ളി നന സംവിധാനത്തിന് വരെ സബ്സിഡി നൽകും. വളവും മറ്റും സൗജന്യമായി നൽകും. അടിക്കടി കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സന്ദർശനം നടത്തി വേണ്ട നിർദ്ദേശങ്ങൾ നൽകും. വിളവെടുത്താൽ ഇവ വിറ്റഴിക്കാനുള്ള കർഷക ചന്തകൾ പോലും ഉത്തരവാദിത്തതോടെ സർക്കാർ നടപ്പിലാക്കുന്നു. കേരളം നിസാരമായി കാണുന്ന പുഷ്പ കൃഷിയ്ക്ക് പോലും ലക്ഷങ്ങൾ തമിഴ്നാട്ടിൽ കർഷകർക്ക് നൽകും. കേരളത്തിലെ ഓണവിപണി ലക്ഷ്യം വച്ച് ഇത്തവണ പൂകൃഷിയിലൂടെ ലക്ഷങ്ങൾ കൊയ്തതും തമിഴ്നാടാണ്. ഇങ്ങനെ കറിവേപ്പില മുതൽ വ്യാവസായികടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നതിന് തമിഴ്നാട് സർക്കാർ പ്രോത്സാഹനം നൽകി വരുന്നു. ഇതൊക്കെ തന്നെയാണ് തമിഴ്നാട്ടിലെ ഗ്രാമങ്ങൾ കാർഷിക സമൃദ്ധിയാൽ നിറയാൻ കാരണം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കർഷക ഉല്പാദക സംഘങ്ങൾ വളർന്ന് വരുന്ന സംസ്ഥാനവും തമിഴ്നാടാണെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

വിളിക്കാതെ കർഷകരിലെയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥരും, തരിശ് ഭൂമി വിപ്ലവവും തമിഴ്നാട്ടിലെ കാർഷിക മേഖലയ്ക്ക് വൻ കുതിപ്പിന് വഴിയൊരിക്കയപ്പോൾ ഒരു കാലത്ത് സമൃദ്ധിയുടെ കാർഷിക പെരുമയുടെ ഉത്തുംഗശൃംഗത്തിൽ നിന്നും കേരളം കൂപ്പുകുത്തിയത് എന്തെന്ന ചോദ്യം നാണക്കേടായി ഇന്നും നിൽക്കുകയാണ്.

Follow us on :

More in Related News