Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Apr 2025 14:32 IST
Share News :
എറണാകുളം ഗസ്റ്റ് ഹൗസിൽ നിന്ന് മാധ്യമങ്ങളെ പുറത്താക്കി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഗസ്റ്റ് ഹൗസിലെത്തിയ സുരേഷ് ഗോപിയോട് മാധ്യമങ്ങൾ പ്രതികരണം തേടിയിരുന്നു. എന്നാൽ സുരേഷ് ഗോപി സംസാരിക്കാൻ വിസമ്മതിച്ചു. പിന്നാലെ മാധ്യമങ്ങളെ പുറത്താക്കാൻ ആവശ്യപ്പെട്ടതോടെ ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി.
മാധ്യമങ്ങൾ ചോദ്യം ചോദിക്കുന്നത് കേന്ദ്രമന്ത്രിക്ക് അസൗകര്യം ഉണ്ടാക്കുന്നെന്നും അതിനാൽ പുറത്തുപോകണമെന്നും ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ വഴി മാധ്യമ പ്രവർത്തകരെ അറിയിക്കുകയായിരുന്നു. താൻ പുറത്തിറങ്ങുമ്പോൾ ഗസ്റ്റ് ഹൗസ് വളപ്പിൽ ഒരു മാധ്യമ പ്രവർത്തകൻ പോലും ഉണ്ടാവരുതെന്ന് നിർദേശിച്ചതായും ഗസ്റ്റ് ഹൗസ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇന്നലെ മാധ്യമ പ്രവർത്തകരോട് ക്ഷുഭിതനായി സംസാരിച്ചതുമായി ബന്ധപ്പെട്ടാണ് ഇന്ന് പ്രതികരണം തേടിയത്. എന്നാൽ സുരേഷ് ഗോപി ചോദ്യങ്ങൾ അവഗണിക്കുകയായിരുന്നു. ഒന്നും മിണ്ടാതെ മുറിയിലേക്ക് പോകുകയും ചെയ്തു. ഇതിനു ശേഷമാണ് മാധ്യമങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗൺമാനെ റിസപ്ഷനിസ്റ്റിനടുത്തേക്ക് പറഞ്ഞുവിട്ടത്.
ഗസ്റ്റ് ഹൗസിന്റെ ലോബിയിൽ നിന്ന് മാധ്യമ പ്രവർത്തകരെ പുറത്താക്കണമെന്നായിരുന്നു ആവശ്യം. കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും അടക്കമുള്ളവർ കൊച്ചിയിൽ എത്തുമ്പോൾ സാധാരണ എറണാകുളം ഗസ്റ്റ് ഹൗസിലാണ് താമസിക്കാറുള്ളത്. ഇവിടെയെത്തുന്നവരുമായി മാധ്യമ പ്രവർത്തകർ കൂടിക്കാഴ്ച നടത്തുന്നതും പതിവാണ്.
ഇന്നലെ മധ്യപ്രദേശിലെ ജബൽപൂരിൽ വൈദികർ നേരിട്ട ആക്രമണം സംബന്ധിച്ച ചോദ്യത്തിനാണ് മാധ്യമ പ്രവർത്തകരോട് സുരേഷ് ഗോപി തട്ടിക്കയറിയത്. നിങ്ങൾ ആരാ, ആരോടാണ് സംസാരിക്കുന്നത്, വളരെ സൂക്ഷിച്ച് സംസാരിക്കണം, മാധ്യമം ആരാണ്, ജനങ്ങളാണ് വലുത്, സൗകര്യമില്ല ഉത്തരം പറയാൻ തുടങ്ങിയ കാര്യങ്ങൾ ആക്രോശിച്ചാണ് സുരേഷ് ഗോപി ക്ഷുഭിതനായി മാധ്യമങ്ങൾക്ക് നേരെ തിരിഞ്ഞത്. ഒരു സീറ്റ് പൂട്ടിക്കും എന്ന് ബ്രിട്ടാസ് പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് അതിലെ ഒരക്ഷരം മാറ്റണമെന്ന് സുരേഷ് ഗോപി മറുപടി നൽകി. മറ്റ് ചോദ്യങ്ങൾക്ക് മറുപടി നൽകാൻ സൗകര്യമില്ല. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടിൽ പോയി വെച്ചാൽ മതിയെന്നും പറഞ്ഞ് സുരേഷ് ഗോപി തട്ടിക്കയറി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേന്ദ്രമന്ത്രിക്കെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.
മാധ്യമങ്ങളെ പുഛിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപി അപഹാസ്യമായ പെരുമാറ്റം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ആവശ്യപ്പെട്ടിരുന്നു. കേന്ദ്രമന്ത്രിയായിട്ടും പക്വതയാർജിക്കാനൊ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് സംയമനത്തോടെ പ്രതികരിക്കാനാ കഴിയാത്തത് അദ്ദേഹത്തിൻ്റെ പൊതുബോധമില്ലായ്‌മയാണ് വ്യക്തമാക്കുന്നത്. ഇനിയും തരം താഴരുതെന്ന് മാത്രമേ പറയുന്നുള്ളൂവെന്നും ചൂണ്ടിക്കാട്ടി കെയുഡബ്ല്യുജെ വാർത്ത കുറിപ്പും പുറത്തിറക്കിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.