Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭക്ഷ്യമാലിന്യ സംസ്കരണം ശക്തമാക്കണം

29 Jul 2026 10:42 IST

Rinsi M

Share News :

കോഴിക്കോട്: ഭക്ഷ്യമാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും മാലിന്യ ശേഖരണം, തരംതിരിക്കൽ, സുരക്ഷിത നിർമാർജനം എന്നിവ ശക്തിപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ (എൻ.സി ഡി.സി) കോർ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.


ഭക്ഷ്യമാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാത്തത് പരിസ്ഥിതി മലിനീകരണത്തിനും ദുർഗന്ധത്തിനും പൊതുജനാരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നുവെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. പല സ്ഥലങ്ങളിലും മാലിന്യ ശേഖരണ സംവിധാനം നിലവിലുണ്ടെങ്കിലും ഭക്ഷ്യാവശിഷ്ടങ്ങൾ റോഡരികിലും തുറസ്സായ സ്ഥലങ്ങളിലും തള്ളുന്ന പ്രവണത തുടരുന്നതായും യോഗം വിലയിരുത്തി.


ഭക്ഷ്യമാലിന്യം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ദിവസേന ശേഖരിക്കണമെന്നും പ്ലാസ്റ്റിക്, സാനിറ്ററി മാലിന്യങ്ങൾ, ബാറ്ററികൾ തുടങ്ങിയവ പ്രത്യേകമായി തരംതിരിച്ച് നിശ്ചിത ഇടവേളകളിൽ ശേഖരിച്ച് സുരക്ഷിതമായി സംസ്കരിക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.


ഓരോ വീടുകളിലും ഫ്ലാറ്റുകളിലും ഭക്ഷ്യമാലിന്യം കന്നുകാലിത്തീറ്റയോ ജൈവവളമോ ആക്കി മാറ്റാൻ കഴിയുന്ന സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കണമെന്നും ഇതിലൂടെ വരുമാനമാർഗവും സൃഷ്ടിക്കാനാകുമെന്നും അംഗങ്ങൾ അഭിപ്രായപ്പെട്ടു.


വിദേശരാജ്യങ്ങളിൽ പൊതുമാലിന്യ ശേഖരണ ബിന്നുകൾ സ്ഥാപിച്ച് മുനിസിപ്പൽ വാഹനങ്ങൾ ദിവസേന മാലിന്യം ശേഖരിക്കുന്ന രീതി മാതൃകാപരമാണെന്നും സമയബന്ധിതമായ ശേഖരണം മാലിന്യം നശിക്കുന്നത് തടയാനും പുനരുപയോഗം വർധിപ്പിക്കാനുമാകുമെന്നും യോഗം വിലയിരുത്തി.


ഭക്ഷ്യമാലിന്യം പരിസ്ഥിതി പ്രശ്നം മാത്രമല്ല, വെള്ളം, ഊർജം, അധ്വാനം തുടങ്ങിയ വിലപ്പെട്ട വിഭവങ്ങളുടെ പാഴാക്കലും കൂടിയാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ തദ്ദേശസ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.

മാലിന്യങ്ങൾ ശരിയായി തരംതിരിച്ച് നൽകുന്നതിലും ശേഖരണ സംവിധാനങ്ങളോട് സഹകരിക്കുന്നതിലും പൊതുജനങ്ങൾ സജീവ പങ്കാളികളാകണമെന്നും കുടുംബങ്ങളിലും പ്രത്യേകിച്ച് കുട്ടികളിലും മാലിന്യ സംസ്കരണത്തെക്കുറിച്ചുള്ള അവബോധം വളർത്തണമെന്നും എൻ.സി.ഡി.സി കോർ കമ്മിറ്റി ആവശ്യപ്പെട്ടു.


റീജണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുഹമ്മദ് റിസ്വാൻ, അധ്യാപകരായ ബിന്ദു സരസ്വതി ഭായ്, ആനന്ദി പി, രാധ സജീവ്, പി.കെ.ഷീബ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News