Tue Dec 12, 2023 10:56 PM 1ST

Location  

Sign In

‘ഷെയ്ഖ് ഹസീന എവിടെയും രാഷ്ട്രീയ അഭയം തേടിയിട്ടില്ല’; മകൻ സജീബ് വാസിദ്

07 Aug 2024 09:36 IST

- Shafeek cn

Share News :

ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വിദേശ രാജ്യങ്ങളിൽ രാഷ്ട്രീയ അഭയം തേടിയെന്ന അഭ്യൂഹങ്ങൾ തള്ളി ഹസീനയുടെ മകൻ സജീബ് വാസിദ്. കഴിഞ്ഞ 24 മണിക്കൂറായി ഇന്ത്യയിൽ തുടരുന്ന ഷെയ്ഖ് ഹസീന എവിടെയും അഭയം തേടിയിട്ടില്ലെന്ന് സജീബ് വാസിദ് ദേശീയ മാധ്യമങ്ങളോട് വെളിപ്പെടുത്തി. തന്റെ മാതാവ് രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നതിനായി നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു. രാജി വെച്ചതിനാൽ ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരില്ല. ഇനിയുളള സമയം കുടുംബാംഗങ്ങൾക്കൊപ്പം ചെലവിടാൻ സാധ്യതയുണ്ടെന്നും സജീബ് വാസിദ് പറഞ്ഞു.


മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും സഹോദരി ഷെയ്ഖ് രെഹാനയും ഇന്ത്യയിൽ നിന്ന് ലണ്ടനിൽ താൽക്കാലിക അഭയം തേടാൻ പദ്ധതിയിട്ടിരുന്നു എന്ന തരത്തിലും അഭ്യൂഹങ്ങൾ പരന്നിരുന്നു. ഇതിന് പിന്നാലെ ബ്രിട്ടൻ ഷെയ്ഖ് ഹസീനയുടെ അഭ്യർത്ഥന തള്ളിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. അമേരിക്ക മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ വിസ റദ്ദാക്കിയ വിവരവും പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഹസീന യുകെയിലോ യുഎസിലോ അഭയം തേടുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ തെറ്റാണ്. തന്റെ മാതാവ് എവിടെയും അഭയം ആവശ്യപ്പെട്ടിട്ടില്ല. അഭ്യൂഹങ്ങൾ തുടരുമ്പോഴും ഇരു രാ‍ജ്യങ്ങളും ഈ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാത്തത് ശരിയല്ലയെന്നും സജീബ് വാസിദ് പറഞ്ഞു.


ഷെയ്ഖ് ഹസീനയുടെ വിസ അമേരിക്ക റദ്ദാക്കുന്നു എന്ന വാർത്തയോടും സജീബ് പ്രതികരിച്ചു. യുഎസുമായി അത്തരമൊരു ചർച്ച നടന്നിട്ടില്ല എന്നാണ് സജീബ് വാസിദ് പറയുന്നത്. കുടുംബം ഇപ്പോൾ ഒരുമിച്ച് സമയം ചെലവഴിക്കാൻ പദ്ധതിയിടുകയാണ്. എവിടെയാണ് തുടരുകയെന്ന് തീരുമാനം എടുത്തിട്ടി‍ല്ല. ഞാൻ വാഷിംഗ്ടണിലാണ്. എൻ്റെ സഹോദരി ദില്ലിയിലാണ് താമസിക്കുന്നത്. അമ്മയുടെ സഹോദരി ലണ്ടനിലാണ്. അമ്മ എവിടേക്ക് വേണമെങ്കിലും യാത്ര ചെയ്തേക്കാം. ഇപ്പോൾ എവിടെയാണെന്ന് തനിക്ക് അറിയില്ലെന്നും വാസിദ് പറഞ്ഞു.


രാജിവെച്ചതിന് ശേഷം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയിരുന്നു. ഷെയ്ഖ് ഹസീനയുമായി പറന്ന ഹെലികോപ്റ്റർ ഗാസിയാബാദിലെ ഹിന്‍ഡണ്‍ വ്യോമതാവളത്തിലാണ് ലാൻഡ് ചെയ്തത്. ഇവിടെ വെച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഹസീനയുമായി കൂടിക്കാഴ്ച നടത്തിയതായും വാർത്തകളുണ്ടായിരുന്നു.


Follow us on :

More in Related News