Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂളിന്റെ വിജയ‌ത്തിന് രണ്ടാം ക്ലാസുകാരനെ ബലി നൽകി; അധ്യാപകരുൾപ്പെടെ അഞ്ച് പേർ പിടിയിൽ

27 Sep 2024 14:53 IST

- Shafeek cn

Share News :

ലഖ്‌നൗ: സ്കൂളിന്റെ വിജയത്തിനായി രണ്ടാം ക്ലാസുകാരനെ സ്വകാര്യ സ്കൂൾ അധികൃതർ ബലി നൽകിയെന്ന് പരാതി. ഉത്തർപ്രദേശിലെ ഹാത്രസിലാണ് സംഭവം. രാസ്​ഗാവനിലെ ഡിഎൽ പബ്ലിക് സ്കൂളില്‍ ഹോസ്റ്റൽ വിദ്യാർത്ഥിയായ കുട്ടിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സ്കൂൾ ഡയറക്ടർ ദിനേശ് ഭാഗേൽ, ഭാഗേലിന്റെ പിതാവ് മൂന്ന് അധ്യാപകർ എന്നിവരുൾപ്പെടെ അ‍ഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.


ഭാഗേലിന്റെ പിതാവ് ആഭിചാര ക്രിയകളിൽ വിശ്വസിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കുട്ടിയെ ഹോസ്റ്റലിൽ നിന്നും വിളിച്ചിറക്കിയ പ്രതികൾ കുട്ടിയെ സ്കൂളിലെ കുഴൽക്കിണറിന് സമീപത്ത് വെച്ച് കൊലപ്പെടുത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ ഭയന്ന് കുട്ടി കരയാൻ തുടങ്ങിയതോടെ സംഘം കുട്ടിയെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ മന്ത്രവാദ ക്രിയകൾക്കുപയോ​ഗിക്കുന്ന വസ്തുക്കൾ സ്കൂൾ പരിസരത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. സെപ്റ്റംബർ ആറിന് സമാന രീതിയിൽ പ്രതികൾ മറ്റൊരു കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിലും പരാജയപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


സംഭവത്തിൽ കുട്ടിയുടെ അച്ഛൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സ്കൂളിൽ നിന്നും മകന് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുന്നതായി കോൾ വന്നിരുന്നുവെന്നും സ്കൂളിലെത്തിയപ്പോൾ കുട്ടിയെ ഭാ​ഗേൽ ആശുപത്രിയിൽ കൊണ്ടുപോയിരിക്കുകയാണെന്ന് അറിയിച്ചുവെന്നുമാണ് പിതാവ് പൊലീസിനോട് പറഞ്ഞത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഭാഗേലിന്റെ കാറിൽ നിന്നും മൃതദേഹം പൊലീസ് കണ്ടെടുത്തത്.

Follow us on :

More in Related News