Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2026 19:13 IST
Share News :
മസ്കറ്റ്: റൂവി മലയാളി അസോസിയേഷൻ (RMA) സംഘടിപ്പിച്ച ‘തിമിർത്തോണം 2026’ ഓണാഘോഷം റൂവിയിലെ ഗോൾഡൻ ടുലിപ് ഹെഡിങ്ടൺ ഹോട്ടലിൽ വിപുലമായ പരിപാടികളോടെ നടന്നു. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രവാസി മലയാളികളുടെ ഐക്യവും വിളിച്ചോതിയ ആഘോഷത്തിൽ RMA അംഗങ്ങളും കുടുംബാംഗങ്ങളും വിശിഷ്ടാതിഥികളും ഉൾപ്പെടെ നൂറുകണക്കിന് പേർ പങ്കെടുത്തു.
കിളിമാനൂർ കൊട്ടാരത്തിലെ രാമവർമ്മ തമ്പുരാൻ ആഘോഷത്തിലെ മുഖ്യാതിഥിയായിരുന്നു. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിച്ചു. തുടർന്ന് മാവേലി എഴുന്നള്ളത്തും പരമ്പരാഗത ചടങ്ങുകളും അരങ്ങേറി. പ്രവാസലോകത്ത് മലയാളഭാഷയും കേരളീയ കലകളും പാരമ്പര്യവും സംരക്ഷിക്കുന്നതിൽ മലയാളി സംഘടനകൾ വഹിക്കുന്ന പങ്ക് ഏറെ വിലപ്പെട്ടതാണെന്ന് രാമവർമ്മ തമ്പുരാൻ പറഞ്ഞു.
RMA പ്രസിഡന്റ് ഫൈസൽ ആലുവ അധ്യക്ഷത വഹിച്ചു. പ്രവാസജീവിതത്തിന്റെ തിരക്കുകൾക്കിടയിലും മലയാളികളുടെ പാരമ്പര്യവും ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതിനും സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരുമിപ്പിക്കുന്നതിനുമാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന അംഗങ്ങൾക്കും സന്നദ്ധപ്രവർത്തകർക്കും സ്പോൺസർമാർക്കും സ്ഥാപനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
ഭദ്രദീപം തെളിയിച്ചുകൊണ്ട് പൊതുസമ്മേളനത്തിന് തുടക്കം കുറിച്ചു. പി.ടി.കെ. ഷമീർ, അനീഷ് കടവിൽ, അഡ്വ. മധുസൂദനൻ, രാജൻ കൊക്കേരി, കബീർ യൂസഫ്, നിസാം, മനോജ്, സലിം മുതുവമ്മൽ, ഗിരിജ, മനോഹരൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുത്ത് ഓണാശംസകൾ നേർന്നു. RMA ഭാരവാഹികളും സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
സംഘടന നടത്തിവരുന്ന സാമൂഹിക, ജീവകാരുണ്യ, ആരോഗ്യ, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെയും നോർക്ക റൂട്ട്സുമായി സഹകരിച്ച് നടപ്പാക്കുന്ന പ്രവാസി ക്ഷേമ പദ്ധതികളുടെയും സംക്ഷിപ്ത അവതരണവും ചടങ്ങിൽ നടന്നു. സമൂഹത്തിലെ അർഹരായവർക്ക് ചികിത്സാ സഹായം, വിദ്യാഭ്യാസ സഹായം, നിയമപരവും രേഖാപരവുമായ പിന്തുണ എന്നിവ ലഭ്യമാക്കുന്നതിനൊപ്പം പ്രവാസി കുടുംബങ്ങളെ ചേർത്തുനിർത്തുന്ന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
RMA കുടുംബാംഗങ്ങൾ അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ ആഘോഷത്തിന്റെ പ്രധാന ആകർഷണമായി. തിരുവാതിര, ക്ലാസിക്കൽ നൃത്തം, യോഗനൃത്തം, കളരിപ്പയറ്റ്, ഹിപ് ഹോപ്, സോളോ–ഗ്രൂപ്പ് ഗാനങ്ങൾ, നൃത്തങ്ങൾ, കുട്ടികളുടെയും വനിതകളുടെയും പുരുഷന്മാരുടെയും ഫാഷൻ ഷോകൾ, താലപ്പൊലി, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത്, തത്സമയ ഗാനമേള എന്നിവയുൾപ്പെടെ മുപ്പത്തിയെട്ടോളം പരിപാടികൾ വേദിയിൽ അരങ്ങേറി.
RMAയിലെ കുട്ടികളും മുതിർന്നവരുമടങ്ങുന്ന കുടുംബാംഗങ്ങളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. അംഗങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കിയ പരിപാടികളെ നിറഞ്ഞ കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. പരിപാടികൾ അവതരിപ്പിച്ചവർക്കും വിവിധ മേഖലകളിൽ സഹകരിച്ചവർക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു.
കുട്ടികൾക്കും വനിതകൾക്കും പുരുഷന്മാർക്കുമായി ഒരുക്കിയ കുടുംബ ഗെയിമുകളും വിവിധ വിനോദമത്സരങ്ങളും ആഘോഷത്തിന് കൂടുതൽ ആവേശം പകർന്നു. വിഭവസമൃദ്ധമായ പരമ്പരാഗത ഓണസദ്യയും ഒരുക്കിയിരുന്നു. അംഗങ്ങൾക്കായി സജ്ജീകരിച്ച ഫോട്ടോ ബൂത്തും കുടുംബസംഗമവും ഉത്സവാന്തരീക്ഷത്തിന് മാറ്റുകൂട്ടി.
ആകർഷകമായ സമ്മാനങ്ങളോടെയുള്ള ഭാഗ്യനറുക്കെടുപ്പും ആഘോഷത്തിന്റെ ഭാഗമായി നടന്നു. വാഷിങ് മെഷീൻ, സ്മാർട്ട് ഫോൺ, എയർ ഫ്രയർ, വാച്ചുകൾ എന്നിവ വിജയികൾക്ക് സമ്മാനമായി നൽകി.
പരിപാടിയുടെ വിജയത്തിനായി വിവിധ വിഭാഗങ്ങളിലായി പ്രവർത്തിച്ച സന്നദ്ധപ്രവർത്തകരുടെ സേവനം ശ്രദ്ധേയമായി. രജിസ്‌ട്രേഷൻ, സദ്യ വിതരണം, പ്രവേശന നിയന്ത്രണം, ചായ–ലഘുഭക്ഷണ വിതരണം, സ്റ്റേജ്–ഇരിപ്പിട ക്രമീകരണം, കലാപരിപാടികളുടെ ഏകോപനം, അതിഥി സ്വീകരണം, ചെണ്ടമേളം, മാവേലി എഴുന്നള്ളത്ത് തുടങ്ങിയ മേഖലകളിൽ വളണ്ടിയർമാർ നേതൃത്വം നൽകി. ആഘോഷം വിജയകരമാക്കാൻ അക്ഷീണം പ്രവർത്തിച്ച മുഴുവൻ സന്നദ്ധപ്രവർത്തകരെയും RMA പ്രത്യേകം അഭിനന്ദിച്ചു.
നീതു ജിതിൻ, ബിൻസി സിജോ, ലക്ഷ്മി വിജീഷ്, ആശ്ന റോഷൻ, ഷാജഹാൻ, ഷംജി ബാബു, സച്ചിൻ, സുജിത് സുഗുണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഷിനു യോഗി സ്വാഗതവും സുജിത് പത്മകുമാർ നന്ദിയും പറഞ്ഞു.
പ്രവാസലോകത്ത് കേരളീയ സംസ്കാരത്തിന്റെയും സൗഹൃദത്തിന്റെയും സാമൂഹിക ഐക്യത്തിന്റെയും ശക്തമായ സന്ദേശമുയർത്തിയാണ് ‘തിമിർത്തോണം 2026’ സമാപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.