Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Sep 2026 19:59 IST
Share News :
കടുത്തുരുത്തി: മള്ളിയൂർ ഗണേശഭഗവാന്റെ ജന്മനാളായ വിനായക ചതുര്‍ഥിയിൽ മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ ദർശനത്തിനായി ആയിരങ്ങൾ എത്തി. പുലർച്ചെ അഞ്ചിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് പ്രധാന ചടങ്ങുകൾക്ക് തുടക്കമായത്. എട്ടുദിവസത്തെ വിനായക ചതുര്‍ഥി മഹോത്സവത്തിന് നാളെ ആറാട്ടോടെ കൊടിയിറങ്ങും.
10,008 നാളികേര മഹാഗണപതി ഹോമം, ഗജപൂജ, ആനയൂട്ട് എന്നിവയായിരുന്നു വിനായക ചതുര്‍ഥി ദിനത്തിലെ പ്രധാന ചടങ്ങുകൾ. പുലർച്ചെ നാലുമുതൽ ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. ഭക്തർക്ക് സുഗമദർശനത്തിനായി ബാരിക്കേഡുകൾ സ്ഥാപിച്ചും ക്ഷേത്ര ജീവനക്കാരെയും പോലീസിനെയും സന്നദ്ധ പ്രവർത്തകരെയും നിയോഗിച്ചും ക്രമീകരണങ്ങൾ ഏർപ്പെടുത്തി.
മള്ളിയൂർ പരമേശ്വരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ ഹോമകുണ്ഠത്തിൽ നടന്ന അഷ്ടദ്രവ്യ മഹാഗണപതി ഹോമം രാവിലെ 11 മണിയോടെ പൂർത്തിയായി. സർവാഭീഷ്ടസിദ്ധിക്കും വിഘ്‌നനിവാരണത്തിനുമായി എട്ടു ദ്രവ്യങ്ങൾ അഗ്നിയിൽ അർപ്പിച്ചായിരുന്നു ഹോമം.
ഗജമുഖനായ ഗണപതിയുടെ ജന്മദിനത്തിൽ ഗജത്തെ പ്രത്യക്ഷ ഗണപതിയായി സങ്കൽപ്പിച്ച് ഗജപൂജയും തുടർന്ന് ആനയൂട്ടും നടത്തി. തന്ത്രി മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലായിരുന്നു ഗജപൂജ. പാമ്പാടി രാജൻ ചെർപ്പുളശ്ശേരി അനന്തപത്മനാഭൻ ഉൾപ്പെടെ കേരളത്തിലെ 13 ഗജവീരന്മാർ പങ്കെടുത്തു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി പാമ്പാടി രാജന് ആദ്യ ഉരുള നൽകി ആനയൂട്ടിന് തുടക്കമിട്ടു. മള്ളിയൂർ ദിവാകരൻ നമ്പൂതിരി നേതൃത്വം നൽകി.
പാമ്പാടി രാജൻ,
ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍, ഗുരുവായൂര്‍ ബല്‍റാം, തിരുവാണിക്കാവ് രാജഗോപാല്‍, പാമ്പാടി സുന്ദരന്‍, കാളിയാര്‍മഠം ശേഖരന്‍, ഇത്തിത്താനം വിഷ്ണുനാരായണന്‍, കുളമാക്കില്‍ പാര്‍ഥസാരഥി, മച്ചാട് ശ്രീഅയ്യപ്പന്‍, പരിമണം വിഷ്ണു, വാഴപ്പിള്ളി മഹാദേവന്‍, വേമ്പനാട് അനന്തപത്മനാഭൻ, മഹാലക്ഷ്മി കുട്ടികൃഷ്ണന്‍ എന്നീ ആനകളാണ് മള്ളിയൂരിലെത്തിയത്്
പദ്മശ്രീ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ 120-ലേറെ കലാകാരന്മാർ അണിനിരന്ന പഞ്ചാരിമേളവും ശ്രദ്ധേയമായി. വൈകുന്നേരം കാഴ്ചശ്രീബലിയും വലിയവിളക്കും നടന്നു. പദ്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളവും പാറമേക്കാവിന്റെ കുടമാറ്റവും അരങ്ങേറി. തുടർന്ന് മള്ളിയൂരപ്പന്റെ പള്ളിവേട്ട നടന്നു.
*പിറന്നാള്‍ സദ്യ കഴിച്ച് പതിനായിരങ്ങള്‍*
മള്ളിയൂരപ്പന്റെ പിറന്നാൾ ദിനത്തിൽ ഒരുക്കിയ വിപുലമായ സദ്യയിൽ 20,000 ഭക്തർ പങ്കെടുത്തു. വൈക്കം കണ്ണൻ സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സദ്യ ഒരുക്കിയത്. ആറാട്ടുദിനമായ ഇന്ന് ആറാട്ടുസദ്യയും നടക്കും.
*പ്രമുഖർ ദർശനം നടത്തി*
ബിജെപി ദേശീയ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, റബർ ബോർഡ് ചെയർമാൻ എൻ. ഹരി, ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിൻലാൽ, സംവിധായകൻ ഷാജി കൈലാസ് തുടങ്ങിയവർ ക്ഷേത്രത്തിലെത്തി ദർശനം നടത്തി.
*നാളെ (സെപ്.15) ആറാട്ട്
നാളെ വൈകുന്നേരം 4.30ന് ആറാട്ട് പുറപ്പാട് നടക്കും. തുടർന്ന് മള്ളിയൂർ ഇല്ലത്ത് ഇറക്കിപ്പൂജയും നടക്കും. ഇതോടെ എട്ടുദിവസത്തെ വിനായക ചതുര്‍ഥി മഹോത്സവത്തിന് സമാപനമാകും.
Follow us on :
Tags:
More in Related News
Please select your location.