Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2026 23:30 IST
Share News :
മസ്‌കറ്റ്: ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗത്തിന്റെ 25-ാം വാർഷികാഘോഷവും ഓണാഘോഷവും സെപ്റ്റംബർ 18-ന് റൂവിയിലെ അൽ ഫലജ് ഹോട്ടൽ ഹാളിൽ വിപുലമായ പരിപാടികളോടെ നടക്കും. ഇന്ത്യൻ അംബാസഡർ പ്രശാന്ത് പിസെ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ പ്രമുഖ വ്യക്തിത്വങ്ങളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രതിനിധികളും സന്നിഹിതരാകും.
ഒമാനിലെ മലയാളി സമൂഹത്തിന്റെ സാമൂഹിക, സാംസ്കാരിക, ക്ഷേമ പ്രവർത്തനങ്ങളിൽ കാൽനൂറ്റാണ്ടായി സജീവ സാന്നിധ്യമായ കേരള വിഭാഗത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. മലയാളികളുടെ സാംസ്കാരിക പൈതൃകവും ഓണത്തിന്റെ കൂട്ടായ്മയുടെ സന്ദേശവും പുതുതലമുറയിലേക്ക് കൈമാറുക എന്ന ലക്ഷ്യത്തോടെയാണ് ആഘോഷം.
സെപ്റ്റംബർ 18-ന് രാവിലെ 11 മണിക്ക് ഇന്ത്യൻ എംബസിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ തവ്ഷി ബെഹൽ പാണ്ഡേ ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് അംഗങ്ങൾക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി ഓണസദ്യയും ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരം നടക്കുന്ന രജതജൂബിലി സമ്മേളനത്തിൽ ഒമാനിലെ വ്യവസായ പ്രമുഖനും ഒമാൻ നാഷണൽ യൂണിവേഴ്സിറ്റി ചാൻസലറുമായ ഡോ. പി. മുഹമ്മദലി, ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ സുഹൈൽ ഖാൻ, ജനറൽ സെക്രട്ടറി ഷക്കീൽ കെ. എം. എന്നിവർ ഗസ്റ്റ് ഓഫ് ഹോണർ ആയി പങ്കെടുക്കും.
2001 മാർച്ച് 29-ന് ഗാനഗന്ധർവൻ ഡോ. കെ. ജെ. യേശുദാസ് ഉദ്ഘാടനം ചെയ്ത കേരള വിഭാഗം, കഴിഞ്ഞ 25 വർഷമായി ഒമാനിലെ മലയാളികളുടെ സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ, ക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരികയാണ്. കലാ-സാംസ്കാരിക പരിപാടികൾ, സാഹിത്യ സംരംഭങ്ങൾ, കുട്ടികൾക്കും യുവജനങ്ങൾക്കുമായുള്ള മത്സരങ്ങളും പരിശീലനങ്ങളും, വനിതാ ശാക്തീകരണ പ്രവർത്തനങ്ങൾ, ശാസ്ത്ര-സാങ്കേതിക പരിപാടികൾ, സാമൂഹിക ക്ഷേമ പദ്ധതികൾ എന്നിവ കേരള വിഭാഗത്തിന്റെ ശ്രദ്ധേയ പ്രവർത്തനങ്ങളാണ്.
രജതജൂബിലി ആഘോഷത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായി പ്രശസ്ത ഗായിക അനിത ഷെയ്ഖിന്റെ നേതൃത്വത്തിലുള്ള ലൈവ് സംഗീതവിരുന്ന് അരങ്ങേറും. മലയാള ഗാനങ്ങൾക്കൊപ്പം വിവിധ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും സംഗീതപരിപാടിയിൽ ഉൾപ്പെടും. കൂടാതെ കേരള വിഭാഗത്തിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന പ്രത്യേക നൃത്താവിഷ്കാരവും ആഘോഷത്തിന് മാറ്റുകൂട്ടും.
രജതജൂബിലിക്ക് ശേഷം കുട്ടികൾക്കും യുവജനങ്ങൾക്കും കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുന്ന പദ്ധതികൾക്ക് മുൻഗണന നൽകുമെന്ന് കേരള വിഭാഗം ഭാരവാഹികൾ അറിയിച്ചു. മലയാള ഭാഷയും കേരളത്തിന്റെ ചരിത്രവും സാഹിത്യവും കലാ-സാംസ്കാരിക പാരമ്പര്യവും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവർ വ്യക്തമാക്കി.
സംഗീതവും നൃത്തവും ഓണസദ്യയും രജതജൂബിലി ആഘോഷങ്ങളും സമന്വയിപ്പിക്കുന്ന ഈ പരിപാടി ഒമാനിലെ മലയാളി സമൂഹത്തിന് വേറിട്ട അനുഭവമാകുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.