Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിയാദിൽ മലയാളികളെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച് കവർച്ച; നഷ്ടം 10 ലക്ഷം റിയാൽ

13 Sep 2026 21:06 IST

NewsDelivery

Share News :

ഉറങ്ങിക്കിടന്ന മലയാളികളെ കെട്ടിയിട്ട് മർദിച്ചു; റിയാദിൽ 2.2 കോടിയിലേറെ രൂപയുടെ കവർച്ച

റിയാദ്: സഊദി തലസ്ഥാനമായ റിയാദിലെ നസീമിൽ മലയാളി വ്യാപാരികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ച് വൻ കവർച്ച. താമസസ്ഥലം കുത്തിത്തുറന്ന് അതിക്രമിച്ചുകയറിയ സംഘം ഏകദേശം 10 ലക്ഷം റിയാലിന്റെ (2.2 കോടിയിലധികം ഇന്ത്യൻ രൂപ) സാധനങ്ങളും പണവും കവർന്നതായി റിപ്പോർട്ട്.

അൽ എർതിജാൽ സിഗരറ്റ് കമ്പനിയിലെ ജീവനക്കാരായ പട്ടാമ്പി നെല്ലിക്കാട്ടിരി സ്വദേശി മൂച്ചിക്കുട്ടത്തിൽ ഇസ്മായിൽ, ചങ്ങരംകുളം മൂക്കുതല സ്വദേശി മുസ്തഫ, കണ്ണൂർ സ്വദേശികളായ അസ്ലം, അനീഷ്, ശിബിൽ, അബ്ദുൽ വഹാബ്, മുസ്തഫ ബ്ലാത്തൂർ, ശംസീർ പെരുവളത്ത് പറമ്പ്, ഹാരിസ് ബ്ലാത്തൂർ എന്നിവർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്.

ഉറങ്ങിക്കിടക്കുകയായിരുന്ന ജീവനക്കാരെ കെട്ടിയിട്ട് ക്രൂരമായി മർദിച്ച ശേഷമാണ് സംഘം കവർച്ച നടത്തിയത്. താമസസ്ഥലത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കുത്തിത്തുറന്ന് ഏകദേശം ആറ് ലക്ഷം റിയാലിന്റെ സിഗരറ്റും മൂന്ന് ലക്ഷം റിയാലും കവർന്നതായാണ് വിവരം. ഇതേ ഫ്ലാറ്റിൽ താമസിച്ചിരുന്ന കണ്ണൂർ സ്വദേശി ശിഹാബിന്റെ 40,000 റിയാലും നഷ്ടപ്പെട്ടു. മൊബൈൽ ഫോണുകളും ലാപ്ടോപ്പുകളും മോഷണം പോയി. ടൊയോട്ട ഹൈസ് വാനും കൊറോള കാറും സംഘം കൊണ്ടുപോയെങ്കിലും പിന്നീട് ജിപിഎസ് സഹായത്തോടെ പൊലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ചിലർ പൊലീസ് കസ്റ്റഡിയിലായതായാണ് വിവരം. പാക്കിസ്ഥാൻ, അറബ് വംശജരടങ്ങുന്ന പതിനഞ്ചംഗ സംഘമാണ് ഫ്ലാറ്റിലേക്ക് അതിക്രമിച്ചുകയറിയതെന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ ഷംസീറും ഹാരിസും തുടർചികിത്സയ്ക്കായി നാട്ടിലേക്ക് മടങ്ങി. വിദഗ്ധ ചികിത്സ ആവശ്യമായ ചിലർ നാട്ടിലേക്ക് മടങ്ങിയതായും റിപ്പോർട്ടുണ്ട്. വിദേശികൾ ഉൾപ്പെട്ട സംഘങ്ങൾ നടത്തുന്ന കവർച്ചകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കണ്ണൂർ ജില്ലാ കെ.എം.സി.സി വെൽഫെയർ വിംഗ് കൺവീനർ ഇർഷാദ് കായക്കൂൽ പറഞ്ഞു.

Follow us on :

More in Related News