Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Nov 2024 10:50 IST
Share News :
ഇംഫാല്‍: മണിപ്പൂര്‍ സംഘര്‍ഷത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി എത്രയും വേഗം മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും പ്രദേശത്ത് സമാധാനം പുനസ്ഥാപിക്കാന്‍ മുന്‍കൈ എടുക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു രാഹുലിന്റെ ആവശ്യം. മണിപ്പൂരില്‍ നടക്കുന്ന ആക്രമണപരമ്പരയും രക്തച്ചൊരിച്ചിലും വിഷമിപ്പിക്കുന്നുവെന്നും എക്‌സിലെ കുറിപ്പില്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. ഒരു വര്‍ഷത്തോളം നീണ്ടു നിന്ന വിഭാഗീയതയ്ക്കും സഹനത്തിനും ശേഷം സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പരിശ്രമിക്കുമെന്നാണ് എല്ലാ ഇന്ത്യാക്കാരും പ്രതീക്ഷിച്ചിരുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.
മണിപ്പൂരില്‍ സംഘര്‍ഷം ശക്തമായതോടെ ഇംഫാല്‍ താഴ്വരയില്‍ വീണ്ടും കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ് ജില്ലകളിലാണ് കര്‍ഫ്യൂ. ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി. പ്രതിഷേധക്കാര്‍ രണ്ട് മന്ത്രി മന്ദിരങ്ങള്‍ക്ക് നേരെയാണ് കല്ലെറിഞ്ഞത്. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ സ്വകാര്യ വസതിയ്ക്ക് നേരെയും കല്ലേറുണ്ടായതാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം ശക്തമായ സാഹചര്യത്തില്‍ ഇംഫാല്‍ വെസ്റ്റ് ഇംഫാല്‍ ഈസ്റ്റ് വിഷ്ണുപ്പൂര്‍, തൗബാല്‍ ജില്ലകളില്‍ കര്‍ശന ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്.
മണിപ്പുരിലെ ജിരിബാമില്‍ മെയ്‌തെയ് വിഭാഗത്തില്‍പ്പെട്ട ആറുപേരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് മണിപ്പൂരില്‍ പ്രതിഷേധം ശക്തമായത്. സംസ്ഥാനത്ത് ആക്രമണം ശക്തമായ സാഹചര്യത്തില്‍ അഫസ്പ നിയമം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പട്ടതായാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച ആറ് പൊലീസ് സ്റ്റേഷനുകളില്‍ അഫസ്പ വീണ്ടും പ്രാബല്യത്തില്‍ വന്നിരുന്നു. മെയ്തെയ് ആധിപത്യമുള്ള മേഖലയിലാണ് ഇതില്‍ അഞ്ചും. അഫസ്പ വീണ്ടും പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ജനസമ്മര്‍ദ്ദവും പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനവും ശക്തമായതോടെയാണ് നിയമം പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.
ഇംഫാല്‍ താഴ്വരയില്‍ റോഡുകള്‍ ഉപരോധിച്ചും ടയറുകള്‍ കത്തിച്ചുമായിരുന്നു സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചത്. ഏഴോളം എംഎല്‍എമാരുടേയും രണ്ട് മന്ത്രിമാരുടേയും വീടുകള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. എംഎല്‍എയായ രാജ്കുമാര്‍ ഇമോ സിംഗിന്റെ വസതിയുടെ ചില ഭാഗങ്ങള്‍ പ്രതിഷേധക്കാര്‍ തകര്‍ത്തതായി ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രമടങ്ങിയ ബോര്‍ഡുകളും പ്രതിഷേധക്കാര്‍ തകര്‍ത്തു. സംസ്ഥാനത്ത് ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ചൂകേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമകാരികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
പ്രധാനപ്പെട്ട കേസുകള്‍ എന്‍ഐഎക്ക് കൈമാറിയിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. വ്യാജപ്രചാരണങ്ങളില്‍ വിശ്വസിക്കരുതെന്നും സംസ്ഥാനത്തെ ക്രമസമാധാനം പുനഃസ്ഥാപിക്കാന്‍ ഒരുമിച്ച് നില്‍ക്കണമെന്നുംകേന്ദ്രം സൂചിപ്പിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.