Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Sep 2024 12:30 IST
Share News :
തിരുമലയിലെ തിരുപ്പതി വേങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍ പ്രസാദമായി വിതരണം ചെയ്ത ലഡ്ഡു നിര്‍മിച്ചത് പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചാണെന്ന ആരോപണം കത്തുന്നതിനിടെ വാക്പോരുമായി നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണും നടന്‍ പ്രകാശ് രാജും. 'സനാതന ധര്‍മത്തിനെതിരായ ആക്രമണം' എന്നാണ് പവന്‍ കല്യാണ്‍ സംഭവത്തെ വിശേഷിപ്പിച്ചത്. പ്രസാദം അശുദ്ധമാക്കാനുള്ള 'ദുരുദ്ദേശ്യപരമായ ശ്രമങ്ങള്‍' നടന്നെന്നും പവന്‍ കല്യാണ്‍ ആരോപിച്ചു. എന്നാല്‍, ആശങ്ക പരത്തുന്നതിന് പകരം പവന്‍ കല്യാണ്‍ ഇക്കാര്യം അന്വേഷിക്കുകയാണ് വേണ്ടതെന്ന് പ്രകാശ് രാജ് ചൂണ്ടിക്കാട്ടി.ഇതിന് മറുപടിയുമായും പവന്‍ കല്യാണ്‍ രംഗത്തെത്തി.
പവന്‍ കല്യാണിന്റെ മറുപടി:
'ഞാന്‍ ഹിന്ദുമതത്തിന്റെ പവിത്രതയെയും ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നത് പോലുള്ള പ്രശ്‌നങ്ങളെയുമാണ് അഭിസംബോധന ചെയ്യുന്നത്. എന്തുകൊണ്ട് ഈ കാര്യങ്ങളെക്കുറിച്ച് എനിക്ക് സംസാരിച്ചുകൂടാ?. പ്രകാശ് രാജിനെ ഞാന്‍ ബഹുമാനിക്കുന്നു. മതേതരത്വത്തിന്റെ കാര്യത്തില്‍ അത് എല്ലാവര്‍ക്കും ഒരുപോലെ ബാധകമായിരിക്കണം. എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ വിമര്‍ശിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. സനാതന ധര്‍മത്തിനെതിരായ ആക്രമണങ്ങളില്‍ ഞാന്‍ ശബ്ദിക്കേണ്ടതല്ലേ?' -പവന്‍ കല്യാണ്‍ ചോദിച്ചു.
'ഞാന്‍ സനാതന ധര്‍മത്തെ വളരെ ഗൗരവമായി കാണുന്ന ആളാണ്. അയ്യപ്പനെയും സരസ്വതി ദേവിയെയും ലക്ഷ്യമിട്ട് നിരവധി വിമര്‍ശകര്‍ രംഗത്തെത്തിയിട്ടുണ്ട്. സനാതന ധര്‍മം പരമപ്രധാനമാണ്. ഓരോ ഹിന്ദുവും ഇക്കാര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം. മറ്റ് മതങ്ങളില്‍ സമാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ വ്യാപക പ്രക്ഷോഭം നടക്കുമായിരുന്നു' -പവന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, പവന്‍ കല്യാണിന് മറുപടിയുമായി പ്രകാശ് രാജ് എക്സില്‍ വിഡിയോ പുറത്തുവിട്ടു. 'പ്രിയ പവന്‍ കല്യാണ്‍, ഞാന്‍ താങ്കളുടെ വാര്‍ത്ത സമ്മേളനം കണ്ടു. ഞാന്‍ പറഞ്ഞ കാര്യം നിങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചത് ആശ്ചര്യപ്പെടുത്തുന്നു. ഞാന്‍ വിദേശത്ത് ഷൂട്ടിലാണ്. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഞാന്‍ വീണ്ടും വരും. അതിനിടയില്‍, എന്റെ മുന്‍ ട്വീറ്റ് നോക്കി അത് മനസ്സിലാക്കാന്‍ കഴിയുമെങ്കില്‍ ഞാന്‍ അഭിനന്ദിക്കുന്നു' -എന്നിങ്ങനെയായിരുന്നു പ്രകാശ് രാജിന്റെ മറുപടി.
വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ കാലത്ത് തിരുമലയിലെ തിരുപ്പതി വേങ്കടേശ്വര സ്വാമി ക്ഷേത്രത്തില്‍ പ്രസാദമായി വിതരണം ചെയ്ത ലഡ്ഡു നിര്‍മിച്ചത് പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചാണെന്ന് ആദ്യം ആരോപിച്ചത് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവായിരുന്നു. പിന്നാലെ ഗുജറാത്തിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ സാംപിളില്‍ മൃഗക്കൊഴുപ്പിന്റെയും മത്സ്യ എണ്ണയുടെയും സാന്നിധ്യവും കണ്ടെത്തി. സംഭവത്തില്‍ എസ്.ഐ.ടി അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ആന്ധ്ര സര്‍ക്കാര്‍.
അതേസമയം, നായിഡുവിന്റെ ആരോപണം വൈ.എസ്.ആര്‍ കോണ്‍ഗ്രസ് തള്ളിയിരുന്നു. ആരോപണത്തെതുടര്‍ന്ന് തിരുപ്പതി ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം ശുദ്ധികലശം നടന്നിരുന്നു. നാലു മണിക്കൂറോളം ദൈര്‍ഘ്യമുള്ള പൂജയാണ് നടത്തിയത്. ദോഷമകറ്റാനും ലഡ്ഡു പ്രസാദങ്ങളുടെ പവിത്രത വീണ്ടെടുക്കാനും വേണ്ടിയാണിതെന്നാണ് അധികൃതരുടെ വിശദീകരണം.
സംഭവം ദേശീയ തലത്തില്‍ ചര്‍ച്ചയാക്കാന്‍ സംഘ്പരിവാര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. കോടതി നിരീക്ഷണത്തില്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ഹിന്ദു സേനയും സുപ്രീംകോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി. സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്നായിരുന്നു വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം. വി.എച്ച്.പിയുടെ അന്താരാഷ്ട്ര സെക്രട്ടറി ബജ്റംഗ് ബാഗ്ര ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ തിരുപ്പതിയിലെത്തുകയും ചെയ്തു. സംഭവത്തില്‍ ആന്ധ്ര മുന്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വസതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസം യുവമോര്‍ച്ച പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.