Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം: ഒമാൻ പ്രവാസി അസോസിയേഷനും മക്കാ ഹൈപ്പർ മാർക്കറ്റും സംയുക്തമായി ആഘോഷിച്ചു

16 Aug 2026 14:09 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഒമാൻ പ്രവാസി അസോസിയേഷനും മക്കാ ഹൈപ്പർ മാർക്കറ്റും സംയുക്തമായി വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പ്രവാസി സമൂഹത്തെയും കുട്ടികളെയും പങ്കെടുപ്പിച്ച് സംഘടിപ്പിച്ച ആഘോഷം കലാ-സാംസ്കാരിക പരിപാടികളാലും മത്സരങ്ങളാലും ശ്രദ്ധേയമായി.

പരിപാടിയുടെ ഭാഗമായി കുട്ടികൾക്കായി ചിത്രരചനാ മത്സരവും ക്വിസ് മത്സരവും ഉൾപ്പെടെ വിവിധ മത്സരങ്ങൾ നടത്തി. വിവിധ പ്രായവിഭാഗങ്ങളിലായി സംഘടിപ്പിച്ച മത്സരങ്ങളിൽ ഒമാനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. കുട്ടികളുടെ സർഗാത്മകതയും പൊതുവിജ്ഞാനവും വളർത്തുന്നതിനൊപ്പം, ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രവും ദേശീയ മൂല്യങ്ങളും പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

ചിത്രരചനാ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ നവന്യ മൂർത്തി, വാസുദേവ്, അന്ന മറിയ ജോർജ് എന്നിവർ യഥാക്രമം ഒന്നാം, രണ്ടാം, മൂന്നാം സ്ഥാനങ്ങൾ നേടി. ജൂനിയർ വിഭാഗത്തിൽ വൈഷ്ണവ് വി. നായർ, ആദ്യ സുഭാഷ്, പാർവതി ശ്രീരാജ് എന്നിവരും, സബ് ജൂനിയർ വിഭാഗത്തിൽ പ്രാർത്ഥന പ്രമോദ്, നക്ഷത്ര സുഭാഷ്, ജഗദ് എന്നിവരും ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ക്വിസ് മത്സരത്തിൽ ശ്രീഹരി, അൻസിയ അനൂപ്, വാസുദേവ് എന്നിവർ വിജയികളായി. മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

മക്കാ ഹൈപ്പർ മാർക്കറ്റിന്റെ മാർക്കറ്റിംഗ് മാനേജർ അഫ്രാദ്, ബ്രാഞ്ച് മാനേജർ ഷിനാസ്, ഒമാൻ പ്രവാസി അസോസിയേഷൻ രക്ഷാധികാരി രാജേഷ് കുമാർ എന്നിവർ ചേർന്ന് വിജയികൾക്ക് സമ്മാനദാനം നിർവഹിച്ചു.

മത്സരങ്ങളിൽ പങ്കെടുത്ത മുഴുവൻ കുട്ടികളെയും സംഘാടകർ അഭിനന്ദിച്ചു. ഒമാനിലെ പ്രവാസി സമൂഹത്തെ ഒരുമിപ്പിക്കുന്നതിനും കുട്ടികളിലെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പരിപാടികൾ ഏറെ സഹായകരമാണെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു. പ്രവാസ ഭൂമിയിൽ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിലൂടെ രാജ്യസ്നേഹവും ദേശീയബോധവും പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യവും പരിപാടിക്കുണ്ടായിരുന്നുവെന്ന് അവർ വ്യക്തമാക്കി.

ഒമാൻ പ്രവാസി അസോസിയേഷൻ ഭാരവാഹികളും മക്കാ ഹൈപ്പർ മാർക്കറ്റ് പ്രതിനിധികളും പരിപാടികൾക്ക് നേതൃത്വം നൽകി. നൂറുദ്ദീൻ, ജസീം കരിക്കോട്, രാജീവ്, സ്വപ്ന, ജെസ്‌ന, മുസ്തഫ, സിയാദ്, സുജിത്ത് സൈമൺ, അൻസാർ കരുനാഗപ്പള്ളി, ഷിബു പുല്ലാടാൻ, നിതീഷ് കുമാർ, കബീർ ദാസ്, മോൻസി, സജീഷ് എന്നിവർ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു.

കുട്ടികളുടെയും രക്ഷിതാക്കളുടെയും പ്രവാസി സമൂഹത്തിന്റെയും മികച്ച പങ്കാളിത്തം പരിപാടിയെ ശ്രദ്ധേയമാക്കി.

Follow us on :

More in Related News