Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 May 2024 07:13 IST
Share News :
തിരുവനന്തപുരം: നിശ്ചിത സമയത്തിനകം ബാധ്യതതീർത്ത് അപേക്ഷിച്ചാൽ ബാങ്കുകൾ ജപ്തിചെയ്ത വസ്തുവകകൾ കുടിശ്ശികക്കാരനുതന്നെ തിരികെലഭിക്കും. ഇതിനായി നിലവിലുള്ള കേരള റവന്യു റിക്കവറി നിയമം ഭേദഗതിചെയ്യും. ജപ്തി ഒഴിവാക്കാൻ വായ്പത്തുക ഗഡുക്കളായി തിരിച്ചടയ്ക്കാൻ അനുവദിക്കുന്നതിന് സർക്കാരിന് അധികാരംനൽകുന്ന വ്യവസ്ഥകളും ഉൾപ്പെടുത്തും.
ജപ്തിനടപടിയിലൂടെ ബാങ്കുകൾ ഏറ്റെടുക്കുന്ന വസ്തുക്കൾ ലേലംചെയ്യുകയാണ് പതിവ്. ലേലത്തിൽ വാങ്ങാൻ ആളില്ലെങ്കിൽ നാമമാത്രമായ തുകനൽകി ഭൂമി സർക്കാരിൽ നിക്ഷിപ്തമാക്കും. ഇങ്ങനെ സർക്കാർ ഏറ്റെടുക്കുന്ന ഭൂമി നിശ്ചിത കാലയളവ് കഴിഞ്ഞാൽ മാത്രമേ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാകൂവെന്നാണ് ഭേദഗതി കൊണ്ടുവരുക.
ഈ കാലയളവിനുള്ളിൽ ബാധ്യതതീർത്ത് അപേക്ഷ നൽകിയാൽ ഉടമയ്ക്ക് വസ്തു തിരികെലഭിക്കും. ബാങ്കുകൾ ഏറ്റെടുക്കുന്ന ഭൂമിക്കും ഇത്തരത്തിൽ നിശ്ചിത കാലയളവ് വിൽപ്പനവിലക്ക് ഏർപ്പെടുത്തും. ബാധ്യത തീർക്കുന്ന വായ്പക്കാർ നിശ്ചിത കാലാവധിക്കകം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതിനായാണിത്.
നിലവിൽ സർക്കാർ ഏറ്റെടുത്തിട്ടുള്ള ഇത്തരം ഭൂമിക്ക് 20 വർഷംവരെ കഴിഞ്ഞും അവകാശികൾ എത്താറുണ്ട്. അപേക്ഷ നൽകാൻ കാലപരിധി നിശ്ചയിക്കുന്നതോടെ ഇത്തരം തലവേദനകൾ ഒഴിവാക്കാനാകുമെന്നാണ് കരുതുന്നത്.
തീരുമാനം സർക്കാറിന്റേത്
വായ്പത്തുക 10 ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന് നേരത്തേ സർക്കാർ ഉത്തരവിറക്കിയിരുന്നു. പല ബാങ്കുകളും ഇത് പാലിക്കുന്നുമുണ്ടായിരുന്നു. എന്നാൽ, ജപ്തിനടപടി നീട്ടിവെക്കാൻ നിർദേശിച്ച് റവന്യു, ധനമന്ത്രിമാർ നൽകിയ ഉത്തരവിനെ ഒരു സ്വകാര്യ ബാങ്ക് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു.
ഇല്ലാത്ത നിയമത്തിന്റെപേരിൽ ജപ്തിനടപടി ഒഴിവാക്കാൻ ഇടപെടരുതെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ നിയമം നിർമിക്കാനും കോടതി നിർദേശിച്ചു. ഇതേത്തുടർന്ന് ദേശസാത്‌കൃത, സ്വകാര്യ ബാങ്കുകളുടെ ജപ്തിനടപടിയിൽ ഒരുവർഷത്തോളമായി സർക്കാർ ഇടപെടുന്നില്ല. സഹകരണ ബാങ്കുകളുടെ നടപടിമാത്രമാണ് സർക്കാർ ഇടപെട്ട് നിർത്തിവെച്ചിരുന്നത്.
റവന്യു മന്ത്രിക്ക് അഞ്ചുലക്ഷം രൂപവരെയും ധനമന്ത്രിക്ക് 10 ലക്ഷംവരെയും മുഖ്യമന്ത്രിക്ക് 20 ലക്ഷം വരെയുമുള്ള ജപ്തിനടപടി താത്‌കാലികമായി നിർത്തിവെക്കാൻ അധികാരം നൽകുംവിധം വ്യവസ്ഥകൾ കൊണ്ടുവരാനാണ് ആലോചിച്ചിട്ടുള്ളത്.
സഹകരണ, ദേശസാത്കൃത, ഷെഡ്യൂൾഡ്, കൊമേഴ്‌സ്യൽ ബാങ്കുകളുടെ ജപ്തിനടപടിയിൽ സർക്കാരിന് ഇടപെട്ട്, വായ്പ എടുത്തയാൾക്ക് ആശ്വാസംനൽകാൻ നിയമഭേദഗതി ഉപകരിക്കും. അതേസമയം, സർഫാസി നിയമപ്രകാരമുള്ള ജപ്തിയിൽ ഇടപെടാനാവില്ല.
Follow us on :
Tags:
More in Related News
Please select your location.