Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ; സ്വമേധയാ കേസ് എടുത്ത് മനുഷ്യാവകാശ കമ്മീഷൻ

03 Sep 2024 13:43 IST

Shafeek cn

Share News :

അമരാവതി: പെണ്‍കുട്ടികളുടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടില്‍ ആന്ധ്ര പ്രദേശ് സര്‍ക്കാരിനും പൊലീസ് മേധാവിക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍ എച്ച് ആര്‍ സി). കൃഷ്ണ ജില്ലയിലെ എന്‍ജിനിയറിംഗ് കോളജിലെ വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ കണ്ടെത്തിയെന്നാണ് പരാതി. രണ്ടാഴ്ചക്കുള്ളില്‍ വിശദീകരണം നല്‍കാനാണ് നിര്‍ദേശം. കേസ് അന്വേഷണം ഏത് ഘട്ടത്തില്‍ എത്തിയെന്നതടക്കം അറിയിക്കണം. ഒളിക്യാമറ ഉപയോഗിച്ച് പെണ്‍കുട്ടികളുടെ 300 ലധികം ഫോട്ടോകളും ദൃശ്യങ്ങളും ചിത്രീകരിച്ചെന്ന മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസ് എടുത്തെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു.


ശുചിമുറിയിലെ ക്യാമറ പെണ്‍കുട്ടികള്‍ തന്നെയാണ് കണ്ടെത്തി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കോളജിലെ ഒരു സീനിയര്‍ വിദ്യാര്‍ത്ഥി ക്യാമറ സ്ഥാപിച്ചെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അവസാന വര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിയെയാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ലാപ്ടോപ്പ് പിടിച്ചെടുത്തു. ഈ വിദ്യാര്‍ത്ഥിക്ക് പണം നല്‍കി മറ്റു ചില വിദ്യാര്‍ത്ഥികള്‍ ദൃശ്യങ്ങള്‍ വാങ്ങിയെന്നും ആരോപണമുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് നടന്നതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ നിരീക്ഷിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇത്തരം സംഭവങ്ങളിലൂടെ വ്യക്തമാകുന്നതെന്നും മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തി.


സംഭവത്തിന് ശേഷം ഹോസ്റ്റലിലെ ശുചിമുറിയില്‍ പോവാന്‍ പോലും ഭയമാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. കോളജ് മാനേജ്‌മെന്റ് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചുവെന്നും ആരോപണമുണ്ട്. ''ഞങ്ങള്‍ക്ക് നീതി വേണം'' എന്ന മുദ്രാവാക്യം ഉയര്‍ത്തി പെണ്‍കുട്ടികള്‍ കോളേജില്‍ പ്രതിഷേധിച്ചു. എങ്ങനെയാണ് വനിതാ ഹോസ്റ്റലില്‍ ഒളിക്യാമറ സ്ഥാപിച്ചത് എന്നതിനെ കുറിച്ചും കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിനെ കുറിച്ചും അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


Follow us on :

More in Related News