Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നീലേശ്വരം വെടിക്കെട്ട് അപകടം; പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

30 Oct 2024 14:16 IST

Shafeek cn

Share News :

കാസര്‍കോട് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരുക്കേറ്റവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കും. മന്ത്രിസഭായോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട് തീരുമാനമായത്. നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍ക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ആദ്യദിനത്തിലാണ് അപകടം നടന്നത്. രാത്രി 12 മണിയോടെയായിരുന്നു സംഭവം. പടക്കപുരയ്ക്ക് അടുത്ത് വച്ച് പടക്കത്തിന് തിരികൊളുത്തുകയും, കാണികള്‍ക്ക് സമീപം പടക്കം അലക്ഷ്യമായി കൈകാര്യം ചെയ്യുകയും ചെയ്തുവെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കമ്പപ്പുരയ്ക്ക് ചുറ്റും ക്ഷേത്രപരിസരത്തുമായി ഈ സമയം മൂവായിരത്തോളം പേര്‍ ഉണ്ടായിരുന്നു. 


ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു. പടക്കശേഖരം സൂക്ഷിച്ചിരുന്ന കമ്പപ്പുരയും വെടിക്കെട്ട് സ്ഥലവും തമ്മിലുള്ള ദൂരം വെറും മൂന്നരയടി മാത്രമായിരുന്നു. നൂറ് മീറ്റര്‍ അകലം വേണമെന്ന ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയായിരുന്നു വെടിക്കെട്ട്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ചുതോറ്റ ചടങ്ങ് പുരോഗമിക്കുന്നതിനിടെയാണ് കമ്പപ്പുര തീഗോളമായി മാറിയത്. കമ്പപ്പുരയ്ക്ക് സമീപത്തുണ്ടായിരുന്നവര്‍ക്കാണ് പൊള്ളലേറ്റത്. തിക്കിലും തിരക്കിലുപ്പെട്ടും നിരവധി പേര്‍ക്ക് പരുക്കേറ്റു. നൂറ്റമ്പതോളം പേര്‍ക്കാണ് ആകെ പരുക്ക്. പതിമൂന്ന് ആശുപത്രികളിലായി 101 പേരാണ് നിലവില്‍ ചികിത്സയില്‍ ഉള്ളത്. ഇന്ന് നാലുപേര്‍ കൂടി ആശുപത്രി വിട്ടു. ഇനി ഐസിയുവില്‍ ഉള്ളത് 29 പേരാണ്.


അതേസമയം, സംഭവത്തില്‍ ഒളിവില്‍പ്പോയ പ്രതികളായ 5 ക്ഷേത്ര ഭാരവാഹികള്‍ക്ക് നേരെ വധശ്രമത്തിനും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ അന്വേഷണസംഘം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ജില്ലാ കളക്ടര്‍ നിയോഗിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണമാണ് ആരംഭിച്ചിട്ടുള്ളത്. ക്ഷേത്ര ഭാരവാഹികളായ എട്ട് പേരെ പൊലീസ് കേസില്‍ പ്രതി ചേര്‍ത്തെങ്കിലും ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ചന്ദ്രശേഖരന്‍, സെക്രട്ടറി ഭരതന്‍, പടക്കത്തിന് തിരികൊളുത്തിയ രാജേഷ് എന്നിവരാണ് അറസ്റ്റിലായത്.

Follow us on :

More in Related News