Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 May 2024 10:10 IST
Share News :
കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ആരോപണ വിധേയനായ മലപ്പുറം മുന്‍ ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊച്ചിയില്‍ ആറ് യുവാക്കള്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. താമിര്‍ ജിഫ്രിയേയും കൂട്ടരേയും മര്‍ദ്ദിച്ചതിന് സമാനമായ രീതിയില്‍ അതിക്രൂരമായ മര്‍ദ്ദിച്ച് കൊച്ചിയില്‍ കഞ്ചാവ് കേസ് തലയില്‍ കെട്ടിവച്ചു എന്നാണ് ആരോപണം.
ഉമറുല്‍ ഫാറൂഖിനെയും സുരേഷിനെയും കുഞ്ചാട്ടുകരയിലെ ശിഹാബിന്റെ വീട്ടിലേക്കാണ് കൊണ്ടുപോയത്. അവിടെ കണ്ടത് പൊലീസ് സംഘം ശിഹാബിനെ ക്രൂരമായി മര്‍ദ്ദിക്കുന്നത്. ഇതേ സമയത്താണ് അമ്മയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ശിഹാബിന്റെ കാര്‍ വാടകയ്ക്ക് എടുത്ത രഞ്ജിത്ത് നായര്‍ സുഹൃത്തുക്കളായ സുനില്‍കുമാറിനും കെ എസ് രഞ്ജിത്തിനുമൊപ്പം വാഹനം തിരിച്ചേല്‍പ്പിക്കാന്‍ എത്തുന്നത്. അതോടെ കഞ്ചാവ് സംഘത്തിലെ കണ്ണികള്‍ എന്ന് ആരോപിച്ച് സുജിത്ത് ദാസ് അവരെയും മര്‍ദ്ദിച്ചെന്നുമാണ് പരാതി. വീടിനകത്ത് നിന്ന് ഒരു സ്‌കൂള്‍ ബാഗുമായി പുറത്തുവന്ന പൊലീസ് സംഘം കഞ്ചാവ് കണ്ടെത്തിയെന്ന് പറഞ്ഞു.
വാഹനം കൊടുക്കാന്‍ എത്തിയവര്‍ ഉള്‍പ്പെടെ ആറുപേരെയും സ്റ്റേഷനില്‍ എത്തിച്ച് നേരം പുലരുവോളം ക്രൂരമായി മര്‍ദ്ദിച്ചു. കട്ടിംഗ് പ്ലെയര്‍ ഉപയോഗിച്ച് മാറില്‍ അമര്‍ത്തി തിരിച്ചെന്നും ടോര്‍ച്ച് ഉപയോഗിച്ച് മുതുകില്‍ ഇടിച്ച് ചതച്ചെന്നും പരാതിക്കാര്‍ പറഞ്ഞു. കസ്റ്റഡിയില്‍ എടുത്ത് മൂന്നാം ദിവസം ആറു പേരെയും എട്ടേക്കര്‍ എന്ന സ്ഥലത്ത് കൊണ്ടുപോയി. മാധ്യമങ്ങളെയും തഹസില്‍ദാരെയും വിളിച്ചുവരുത്തി കഞ്ചാവുമായി അപ്പോള്‍ പിടികൂടിയതെന്ന നിലയില്‍ റിപ്പോര്‍ട്ട് തയ്യാറാക്കി. 2018ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇനിയും ഫൈനല്‍ ചാര്‍ജ് നല്‍കിയിട്ടില്ലെന്ന് അഭിഭാഷകന്‍ ജോര്‍ജ് ജേക്കബ് വ്യക്തമാക്കി.
2018 ഫെബ്രുവരി 24നാണ് മദ്യപിച്ച് വാഹനമോടിച്ച കുറ്റത്തിന് ഉമറുല്‍ ഫാറൂഖിനെ എടത്തല പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തപ്പോള്‍ ബൈക്ക് തന്റേതല്ലെന്നും സുഹൃത്തായ സുരേഷിന്റേതാണെന്നും ഫാറൂഖ് പൊലീസിനോട് പറഞ്ഞു. അതിനിടെ കഞ്ചാവ് ഉപയോഗിക്കാറുണ്ടെന്ന് സമ്മതിക്കാന്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ സ്റ്റെപ്‌റ്റോ ജോണ്‍ നിര്‍ബന്ധിച്ചെന്നാണ് ആരോപണം. രാത്രി സ്റ്റേഷനിലെത്തിയ അന്നത്തെ നാര്‍ക്കോട്ടിക് സെല്‍ എഎസ്പി സുജിത് ദാസ് ഉമറുല്‍ ഫാറൂഖിനെ സ്റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടുപോയി. സുരേഷിന്റെ വീട്ടിലേക്ക് കൊണ്ടുപോകുംവഴി സുജിത്ത് ദാസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീം ക്രൂരമായി മര്‍ദ്ദിച്ചെന്നുമാണ് പരാതി. വീട്ടില്‍ ഉറങ്ങിക്കിടന്ന തന്നെ രാത്രി 11 മണിയോടെ വാതില്‍ ചവിട്ടി പൊളിച്ച് കുടുംബത്തിന്റെ മുന്നില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ചെന്ന് സുരേഷ് പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.