Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുവ ഡോക്ടറുടെ കൊലപാതകം: പ്രതിഷേധിച്ച 200ലധികം വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ഇന്ന് ബന്ദ്

28 Aug 2024 09:22 IST

- Shafeek cn

Share News :

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ബിജെപി ആഹ്വാനം ചെയ്ത സംസ്ഥാന ബന്ദ് ഇന്ന്. ജൂനിയര്‍ ഡോക്ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ബന്ദ്. പൊതു പണിമുടക്കില്‍ പങ്കെടുക്കാന്‍ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഢാലോചനയുടെ ഭാഗമാണ് പ്രതിഷേധ മാര്‍ച്ചെന്നാണ് ടിഎംസി ആരോപണം.


പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍ സിവി ആനന്ദബോസും രംഗത്തെത്തി. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാത്ത ഏറ്റവും മോശം കാര്യമാണ് കൊല്‍ക്കത്തയിലെ തെരുവുകളില്‍ കാണുന്നതെന്ന് ആനന്ദബോസ് പറഞ്ഞു. 'രാജ്യത്തിന്റെ പതാകയല്ലാതെ സമരത്തിന് രാഷ്ട്രീയ പാര്‍ട്ടിയുടെ പതാകയില്ല. എന്നാല്‍ അവര്‍ കണ്ണീര്‍ വാതകവും ലാത്തിയും ഉപയോഗിച്ച് പ്രതിഷേധക്കാരെ അക്രമിക്കുമ്പോള്‍ ദേശീയ പതാകയെയും വികാരത്തെയുമാണ് അപമാനിക്കുന്നത്. എന്നാല്‍ ഇത് ഒടുക്കത്തിന്റെ തുടക്കമാണ്,' അദ്ദേഹം പറഞ്ഞു.


പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റ് നബന്നയിലേക്ക് വിദ്യാര്‍ത്ഥി സംഘടന നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു സംഘര്‍ഷം. ആര്‍ ജി കര്‍ ആശുപത്രിയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി വേണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി ഗ്രൂപ്പായ ഛത്ര സമാജ് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. കൊല്‍ക്കത്തയിലും ഹൊവാറയിലും സമരക്കാരും പൊലീസും ഏറ്റുമുട്ടി. 200 ല്‍ അധികം വിദ്യാര്‍ത്ഥികളെയാണ് പ്രതിഷേധത്തിന്റെ ഇടയില്‍ നിന്ന് അറസ്റ്റ് ചെയ്തത്.


സമരക്കാര്‍ ബാരിക്കേഡുകള്‍ തകര്‍ക്കുകയും കല്ലുകള്‍ എറിയുകയും ചെയ്തതോടെ പൊലീസ് ലാത്തി ചാര്‍ജ് പ്രയോഗിച്ചു. കണ്ണീര്‍വാതകവും ജലപീരങ്കികളും ഉപയോഗിച്ച് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ശ്രമിച്ചതോടെ സംഘര്‍ഷം രൂക്ഷമായി. സംഘര്‍ഷത്തില്‍ 16 പൊലീസുകാരുള്‍പ്പെടെ നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. പശ്ചിമ ബംഗാള്‍ ജൂനിയര്‍ ഡോക്ടര്‍മാരുടെ ഫോറം (ഡബ്ല്യുബിജെഡിഎഫ്) പ്രതിഷേധം നടത്തി ഒരു ദിവസത്തിന് ശേഷമാണ് 'നബാന്ന അബിജാന്‍' എന്ന പേരില്‍ വിദ്യാര്‍ത്ഥി സംഘടനയും സമരം നടത്തിയത്.


എന്നാല്‍ ക്രമസമാധാനം സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് പൊലീസും അറിയിച്ചു. 'പൊലീസിന് മര്‍ദനമേറ്റെങ്കിലും പ്രകോപനത്തിന് വഴങ്ങിയില്ല. മൂന്ന് മണിക്കൂറോളം പ്രതിഷേധക്കാര്‍ ക്രമസമാധാനം കയ്യിലെടുക്കാന്‍ ശ്രമിച്ചു. ഒടുവില്‍ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ഞങ്ങള്‍ക്ക് ബലം പ്രയോഗിക്കേണ്ടി വന്നു,' ദക്ഷിണ ബംഗാള്‍ എഡിജി സുപ്രതിം സര്‍ക്കാര്‍ പറഞ്ഞു. പ്രതിഷേധത്തിന് മുമ്പ് തന്നെ കൊല്‍ക്കത്തയിലും ഹൊവാറയിലും മുന്‍കരുതല്‍ ക്രമീകരണം നടത്തിയിരുന്നു. ഉച്ചയ്ക്ക് ഒരു മണിയോടെ ഹൊവാറയില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും ദേശീയ പതാകയേന്തി, സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി പ്രതിഷേധം ആരംഭിച്ചു. പ്രതിഷേധം ആരംഭിച്ചപ്പോള്‍ തന്നെ പൊലീസുമായി സംഘര്‍ഷമുണ്ടായെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.


Follow us on :

Tags:

More in Related News