Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയ ദിനത്തിൽ കോഴിക്കോടിന്റെ ഖൽബിൽ കൂറ്റൻ മണൽ ഹൃദയം; ആസ്റ്റർ മിംസിന് ഇന്ത്യ ബുക് ഓഫ് റെക്കോഡ്സ്

30 Sep 2026 10:43 IST

NewsDelivery

Share News :

ഹൃദയദിനത്തോടനുബന്ധിച്ച് ഹാർട്ട് ടു ഹാർട്ട് കെയർ വാക്കിലൂടെ നിർദ്ധന കുരുന്നുകൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയാ പദ്ധതിയും .

കോഴിക്കോട്: ശില്പകലയ്ക്കും സാംസ്കാരിക പാരമ്പര്യത്തിനും പേരുകേട്ട കോഴിക്കോടിന്റെ തീരത്ത് മനുഷ്യഹൃദയത്തിന്റെ ഏറ്റവും വലിയ മണൽ ശില്പം തീർത്ത് കോഴിക്കോട് ആസ്റ്റർ മിംസ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി. ലോക ഹൃദയദിനത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ നിർമ്മിച്ച 30 അടി നീളവും 30 അടി വീതിയുമുള്ള മണൽ ശില്പത്തിനാണ് ഈ അംഗീകാരം ലഭിച്ചത്.

പ്രശസ്ത ശില്പി ഡാവിഞ്ചി സുരേഷാണ് മനുഷ്യഹൃദയത്തിന്റെ ഘടനയും പ്രവർത്തനങ്ങളും തന്മയത്വത്തോടെ മണലിൽ പുനഃസൃഷ്ടിച്ചത്. ബീച്ചിൽ നടന്ന ചടങ്ങിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പ്രതിനിധികളിൽ നിന്ന് ആസ്റ്റർ മിംസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം ഔദ്യോഗിക റെക്കോർഡ് സർട്ടിഫിക്കറ്റും ഉപഹാരവും ഏറ്റുവാങ്ങി. കലയും ആരോഗ്യ ബോധവൽക്കരണവും സാമൂഹിക സേവനവും കോർത്തിണക്കി സംഘടിപ്പിച്ച ഈ ഹൃദയദിന പരിപാടിയിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ അംഗീകാരം ലഭിച്ചതിൽ ഏറെ അഭിമാനമുണ്ടെന്ന് ആശുപത്രി സി.ഒ.ഒ. ഡോ. ഗോപിനാഥ് മാമ്പള്ളിക്കളം പറഞ്ഞു. ശില്പകലയെ നെഞ്ചിലേറ്റിയ കോഴിക്കോട്ടുകാർക്ക് ആരോഗ്യ ബോധവൽക്കരണത്തെ ലളിതവും ജനകീയവുമാക്കുക എന്ന ഞങ്ങളുടെ കാഴ്ചപ്പാടിനുള്ള വലിയൊരു അംഗീകാരമാണിത് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹൃദയദിനത്തോട് അനുബന്ധിച്ചുള്ള വാക്കത്തോണിൽ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു. ചടങ്ങിൽ കുട്ടികൾക്കുള്ള സൗജന്യ ഹൃദ്രോഗ സർജറിക്ക് വേണ്ടിയുള്ള ഹാർട്ട് ടു ഹാർട്ട് ക്യാമ്പയിനും സിഒഒ ഗോപിനാഥ് മാമ്പള്ളികളം പ്രഖ്യാപിച്ചു. ഓരോ വ്യക്തിയുടെയും 10,000 ചുവടുകൾക്ക് പകരമായി നിർധനരായ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയക്ക് ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ് നിശ്ചിത പണം മാറ്റി വെക്കുകയും ശേഷം ഈ പണം ഉപയോഗിച്ച് കുട്ടികളുടെ സർജറി പൂർത്തീകരിക്കുകയും ചെയ്യുന്നതാണ് ഈ ക്യാമ്പയിനിലൂടെ ലക്ഷ്യം വെക്കുന്നത്. കഴിഞ്ഞ വർഷം ഇതേ ക്യാമ്പയിനിലൂടെ 36 കുട്ടികൾക്ക് സൗജന്യമായി ശസ്ത്രക്രിയ ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും നമ്മുടെ ഹൃദയ സംരക്ഷണത്തോടൊപ്പം ഒരു കുഞ്ഞ് ഹൃദയത്തിൻ്റെ സംരക്ഷണത്തിനും വേണ്ടിയാണ് ഈ ക്യാമ്പയിൻ നടത്തുന്നതെന്ന് ഇൻ്റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവി ഡോ. സൽമാൻ സലാഹുദ്ദീൻ പറഞ്ഞു. ശേഷം ഹൃദയ സംരക്ഷണത്തിൻ്റെ ഭാഗമായി പൊതുജന ചർച്ചകൾക്ക് ആസ്റ്റർ മിംസിലെ പ്രമുഖ കാർഡിയോളജിസ്റ്റുകൾ നേതൃത്വം നൽകി .

ആസ്റ്റർ മിംസിൻ്റെ കാൽ നൂറ്റാണ്ടിന്റെ സേവനം പൂർത്തിയാക്കുന്ന ഈ സുവർണ്ണ വേളയിൽ ലഭിച്ച ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേട്ടം ഇരട്ടി മധുരമാണ് നൽകുന്നതെന്ന് ആശുപത്രി മാനേജ്‌മന്റ് വ്യക്തമാക്കി. ഡോ. ഗോപിനാഥ് മാമ്പള്ളികളം സി.ഒ.ഒ ആസ്റ്റർ മിംസ്, ഡോ. സൽമാൻ സലാഹുദ്ദീൻ ഇൻ്റർവെൻഷണൽ കാർഡിയോളജി വിഭാഗം മേധാവി, ഡോ. ജയേഷ് ഭാസ്കരൻ, പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം മേധാവി ഡോ. ഗിരീഷ് വാര്യർ, ഡോ. സുദീപ് കോശി കുര്യൻ, ഡോ. സന്ദീപ് മോഹനൻ, ഡോ. ബിജോയ് .കെ തുടങ്ങിയവർ നേതൃത്വം നൽകി .

Follow us on :

More in Related News