Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണ്ഡല പുനർനിർണയം: ലോക്സഭാ സീറ്റുകളുടെ എണ്ണം 850 ആയി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ

14 Apr 2026 18:08 IST

Jithu Vijay

Share News :

ന്യൂ ഡൽഹി : ലോക്സഭാ സീറ്റുകളുടെ എണ്ണം 543ൽ നിന്ന് 850 ആയി വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ഭരണഘടന ഭേദഗതി ബില്ലിന്റെ പകർപ്പ് എംപിമാരുടെ പോർട്ടലിൽ അപ്‌ലോഡ് ചെയ്തു. സംസ്ഥാനങ്ങളിലെ സീറ്റുകൾ 815ഉം, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ സീറ്റുകൾ 35 ആയി ഉയർത്താനുമാണ് ബിൽ ലക്ഷ്യമിടുന്നത്. മൂന്ന് ബില്ലുകൾ ആണ് 16-ന് തുടങ്ങുന്ന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുന്നത്.


വനിത സംവരണം നടപ്പിലാക്കുന്നതിന് മുൻ‌പ് മണ്ഡല പുനർനിർണയം നടത്തി അതിന്റെ അടിസ്ഥാനത്തിൽ സംവരണം നടത്തുക. 850 സീറ്റുകളിൽ നിന്ന് മൂന്നിലൊന്ന് സംവരണമാണ് വനിതകൾക്ക് നൽകുക. മണ്ഡല പുനർവിഭജനത്തിന് കമ്മീഷൻ രൂപീകരിക്കും. ഈ കമ്മിഷൻ‌ ആകും മണ്ഡല പുനർനിർണയം നടത്തുക. സുപ്രീംകോടതി ജഡ്ജിയാകും കമ്മിഷന്റെ അധ്യഷനാകുക. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷനോ അദേഹം നിർ‌ദേശിക്കുന്ന ഒരാളോ കമ്മിഷന്റെ അം​ഗമാകും.


മണ്ഡല പുനർനിർ‌ണയം നടത്തിയശേഷമാകും വനിത സംവരണം നടപ്പിലാക്കുക. 1971-ലെ സെൻസസ് അടിസ്ഥാനമാക്കിയാണ് ലോക്സഭയുടെ നിലവിലെ ഘടന. പാർലമെന്റിൽ അവതരിപ്പിക്കാനൊരുങ്ങുന്ന ബിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 82 ഭേദഗതി ചെയ്ത് മുഴുവൻ വ്യവസ്ഥയും നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നു.


അതേസമയം, കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ശക്തമായ എതിർപ്പുമായി പ്രതിപക്ഷം രംഗത്തെത്തി. വനിതാ സംവരണത്തെ എതിർക്കുന്നില്ലെങ്കിലും, തിടുക്കപ്പെട്ട് മണ്ഡല പുനർനിർണയം നടത്തി സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനോടാണ് വിയോജിപ്പെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി. നിലവിലുള്ള 543 സീറ്റുകളിൽ തന്നെ എന്തുകൊണ്ട് വനിതാ സംവരണം നടപ്പിലാക്കിക്കൂടാ എന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ചോദ്യം.


സോണിയാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഈ വിഷയത്തിൽ ഡീലിമിറ്റേഷനുമായി ബന്ധപ്പെട്ട അവ്യക്തതകൾ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിട്ടുണ്ട്. കൂടാതെ, മണ്ഡല പുനർനിർണയം നടപ്പിലാക്കുന്നത് തമിഴ്നാട് അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയും നിലനിൽക്കുന്നു.


വിഷയത്തിൽ ഒരു സർവകക്ഷി യോഗം വിളിച്ച് പ്രതിപക്ഷത്തിന്റെ കൂടി ആശങ്കകൾ പരിഹരിച്ച ശേഷം മാത്രമേ ബിൽ പാസാക്കാവൂ എന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും, സർക്കാർ ഇതിന് തയ്യാറായിട്ടില്ല. കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഈ നീക്കത്തെ 'ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റം' എന്നാണ് വിശേഷിപ്പിച്ചത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവരും സമാനമായ ആശങ്കകൾ പങ്കുവെച്ചിരുന്നു.

Follow us on :

More in Related News