Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2026 16:43 IST
Share News :
വൈക്കം: ഇന്ത്യൻ മഹാസമുദ്രത്തിലെ ആഴക്കടലിൽനിന്ന് ഇലക്ട്രിക് തിരണ്ടി മത്സ്യത്തിന്റെ പുതിയ ഇനത്തെ കണ്ടെത്തി. തെക്കുകിഴക്കൻ അറബിക്കടലിൽനിന്ന് കണ്ടെത്തിയ ഈ ഇനത്തിന് Tetronarce ramanamurthyi എന്നാണ് പേരിട്ടത്. വടക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽ Tetronarce ജനുസ്സിൽപ്പെട്ട ഒരു ഇനത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്ന ആദ്യ കണ്ടെത്തലാണിത്. ഇന്ത്യയുടെ ആഴക്കടലിൽ ഇനിയും തിരിച്ചറിയപ്പെടാത്ത നിരവധി ജീവിവർഗങ്ങൾ ഉണ്ടെന്നതിലേക്കും ഈ കണ്ടെത്തൽ വിരൽചൂണ്ടുന്നു.
കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ ഡീപ് ഓഷ്യൻ മിഷന്റെ ഭാഗമായി ഇന്ത്യയിലെ ആഴക്കടൽ തരുണാസ്ഥി മത്സ്യങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണത്തിനിടെയാണ് പുതിയ ഇനത്തെ തിരിച്ചറിഞ്ഞത്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ തീരത്തോട് ചേർന്ന ആഴക്കടലിൽനിന്ന് ശേഖരിച്ച ഒൻപത് മാതൃകകൾ വിശദമായി പരിശോധിച്ചാണ് ശാസ്ത്രജ്ഞർ പുതിയ ഇനത്തിന്റെ സവിശേഷതകൾ സ്ഥിരീകരിച്ചത്.
കടും നീലകലർന്ന കറുപ്പ് മുതൽ കടും തവിട്ടുനിറം വരെയുള്ള ശരീരമാണ് ഈ മത്സ്യത്തിന്റെ പ്രധാന സവിശേഷത. ശരീരത്തിന്റെ ആകൃതി, കണ്ണുകൾക്ക് സമീപമുള്ള ശ്വസനദ്വാരങ്ങളുടെ വലുപ്പം, വൈദ്യുതി ഉത്പാദിപ്പിക്കുന്ന അവയവങ്ങളുടെ ഘടന എന്നിവയിലും മറ്റ് ഇലക്ട്രിക് തിരണ്ടി മത്സ്യങ്ങളിൽനിന്ന് ഇത് വ്യത്യസ്തമാണ്. ചെന്നൈയിലെ സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ZSI) മറൈൻ ബയോളജി റീജിയണൽ സെന്ററിലെ സയന്റിസ്റ്റ് ഡോ. കെ. കെ. ബിനീഷിന്റെ നേതൃത്വത്തിലായിരുന്നു പഠനം. അദ്ദേഹത്തിന്റെ ഗവേഷണ വിദ്യാർഥിയായ കാശിനാഥ് അനിലും അമേരിക്കയിലെ സാൻ ജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ ഭാഗമായ മോസ് ലാൻഡിങ് മറൈൻ ലബോറട്ടറീസിലെ പസഫിക് ഷാർക്ക് റിസർച്ച് സെന്ററുമായി ബന്ധപ്പെട്ട ഡോ. ഡേവിഡ് എ. എബർട്ടും ഗവേഷണത്തിൽ പങ്കാളികളായി.
വൈക്കം കുലശേഖരമംഗലം ഷീലാസദനം വീട്ടിൽ അനിൽകുമാറിൻ്റെ മകനാണ് കാശിനാഥ്.
മത്സ്യത്തിന്റെ ശരീരഘടന പരിശോധിച്ചതിനൊപ്പം ജനിതക പഠനവും നടത്തി. COI, ND2 എന്നീ മൈറ്റോകോൺഡ്രിയൽ ജീനുകളുടെ ഭാഗിക ശ്രേണികൾ വിശകലനം ചെയ്തതിലൂടെ പുതിയ ഇനം മറ്റ് ഇലക്ട്രിക് തിരണ്ടി മത്സ്യങ്ങളിൽനിന്ന് ജനിതകപരമായും വ്യത്യസ്തമാണെന്ന് സ്ഥിരീകരിച്ചു. Tetronarce tokionis എന്ന ഇനവുമായി ജനിതക വ്യത്യാസം താരതമ്യേന കുറവായിരുന്നെങ്കിലും, പരിണാമബന്ധങ്ങൾ പരിശോധിച്ച പഠനങ്ങൾ ഇവ രണ്ടും വ്യത്യസ്ത ഇനങ്ങളാണെന്ന് വ്യക്തമാക്കി.
ഡീപ് ഓഷ്യൻ മിഷന്റെ മിഷൻ ഡയറക്ടറും കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ചിന്റെ (NCCR) ഡയറക്ടറുമായ ഡോ. എം. വി. രാമനമൂർത്തിയോടുള്ള ആദരസൂചകമായാണ് പുതിയ ഇനത്തിന് ഈ പേര് നൽകിയത്. സമുദ്രഗവേഷണം, സമുദ്രവുമായി ബന്ധപ്പെട്ട പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കൽ, ദേശീയ സമുദ്രശാസ്ത്ര ഗവേഷണ പദ്ധതികൾ എന്നിവയിലെ അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ചാണ് നാമകരണം. മത്സ്യത്തിന്റെ ഇരുണ്ട നിറവും അറബിക്കടലിലെ കണ്ടെത്തൽ പ്രദേശവും പരിഗണിച്ച് ‘അറേബ്യൻ ബ്ലാക്ക് ഇലക്ട്രിക് റേ’ എന്ന പൊതുനാമവും നിർദേശിച്ചിട്ടുണ്ട്.
ആഴക്കടലിലെത്തിച്ചേരാനും അവിടെ ഗവേഷണം നടത്താനുമുള്ള പ്രയാസങ്ങൾ കാരണം ഈ മേഖലയിലെ ജീവജാലങ്ങളെക്കുറിച്ച് ശാസ്ത്രലോകത്തിന് ഇപ്പോഴും പരിമിതമായ അറിവേയുള്ളൂ. ശരീരഘടനാ പരിശോധനയും ജനിതക വിശകലനവും സംയോജിപ്പിച്ചുള്ള ഇത്തരം പഠനങ്ങൾ, സമാനമായി കാണപ്പെടുന്ന ജീവിവർഗങ്ങളെ കൃത്യമായി തിരിച്ചറിയാനും അവയുടെ പരിണാമബന്ധങ്ങൾ മനസ്സിലാക്കാനും സഹായിക്കുന്നു. ഡീപ് ഓഷ്യൻ മിഷന്റെ ഭാഗമായി കൂടുതൽ ഗവേഷണങ്ങൾ നടത്തുന്നതിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ച് പുതിയ വിവരങ്ങൾ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
Follow us on :
Tags:
More in Related News
Please select your location.